
മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം “ഹൃദയപൂർവ്വത്തിലെ” അഥിതി വേഷങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. മീര ജാസ്മിനും ബേസിൽ ജോസഫും ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ പുറത്തുവന്നിരിക്കുന്ന സെൻസർ സർട്ടിഫിക്കറ്റിലെ വിവരമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ബേസില്‍ ജോസഫ് ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്‍റെ ഫ്രെയിമിലേക്ക് വരുന്നത്. സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ എത്തിയ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ മീര ജാസ്മിന്‍ മുന്‍പ് നായികയായിട്ടുണ്ട്. മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ദിഖ്, ലാലു അലക്സ്, നിഷാൻ, ജനാർദ്ദനൻ, ബാബുരാജ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
ചിത്രം ഈ മാസം 28 ന് ഓണം റിലീസായി തീയേറ്ററുകളിലെത്തും. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഖില്‍ സത്യന്‍റെ കഥയ്ക്ക് ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.