
നടി ആക്രമിക്കപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഹരിശ്രീ യൂസഫ്. നടി ആക്രമിക്കപ്പെട്ട വിഷയം നടക്കുമ്പോൾ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയിലായിരുന്നുവെന്നും, കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’ ദിലീപേട്ടൻ അമേരിക്കയിൽ വച്ച് കണ്ണിൽ ചെറിയൊരു നനവോടു കൂടി എന്നോടു പറഞ്ഞ ഡയലോഗുകളാണ്. ആ ഒരു ഡയലോഗ് കേട്ടതോടുകൂടി ഞാൻ അദ്ദേഹത്തെ പിന്നെ അവിശ്വസിച്ചിട്ടില്ല. അമേരികകയിൽ ‘ദിലീപ്’ ഷോ നടക്കുന്ന സമയത്താണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്. അത് പരിപാടിയെ വലിയ രീതിയിൽ ബാധിച്ചു. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്നു വരെ പറഞ്ഞു. അമേരിക്കയിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങൾ കൂടുന്നത്. കേസ് ആയി, അങ്ങനെ ഓരോരുത്തരെ വിളിക്കുന്ന സമയത്ത് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. ഈ ആരോപണം ചോദ്യം ചെയ്തത് നടൻ ഹരിശ്രീ യൂസഫ് ആണെന്ന്! ഞാൻ ഈ വാർത്ത വായിച്ച് ഞെട്ടിപ്പോയി.” ഹരിശ്രീ യൂസഫ് പറഞ്ഞു.
“ഞങ്ങൾ പ്ലാൻ ചെയ്ത് കളിച്ച ഒരു സ്കിറ്റിലെ ഡയലോഗ് വച്ചാണ് ഇവർ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. അതും ദിലീപേട്ടനും ഞാനുമൊക്കെ ചർച്ച ചെയ്തെഴുതിയ ഡയലോഗ് ആണ്. അതിവിടെ കേരളത്തിലെത്തിയപ്പോൾ സീരിയസ് ആയി. അമേരിക്കൻ പര്യടനത്തിടയിൽ ദിലീപിനോട് ഈ വിഷയം നേരിട്ട് ചോദിച്ചെന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. വാർത്ത വായിച്ച് കണ്ണു തള്ളിപ്പോയി. മാധ്യമങ്ങളൊക്കെ ഒന്നും അന്വേഷിക്കാതെയാണ് വാർത്ത എഴുതി വിടുന്നത്. അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ എത്ര ഷോ വിദേശത്ത് ഒരുമിച്ച് ചെയ്തിട്ടുണ്ടെന്ന് അറിയാമോ. എത്ര സന്തോഷത്തോടെയാണ് ആ വ്യക്തികൾ ഒന്നിച്ചുപോയിരുന്നത്. ആ കുട്ടിക്ക് ഇങ്ങനെയൊരു അനുഭവം വന്നപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നും അന്നും ആ കുട്ടിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. ഇപ്പോൾ കോടതി വിധി വന്നു, ആ കോടതി വിധിയിൽ ദിലീപേട്ടൻ നിരപരാധിയാണ് എന്ന് ജഡ്ജ് വിധിച്ചു. നമ്മൾ ആ കോടതി വിധിയെ മാനിക്കുക. ഇനി മേൽക്കോടതിയിലൊക്കെ പോയതിനുശേഷം അദ്ദേഹത്തെ ആ കോടതി ശിക്ഷിക്കുന്നുണ്ടെങ്കിൽ ശിക്ഷിച്ചോട്ടെ. ഈ കോടതി അദ്ദേഹത്തെ നിരപരാധിയായി പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ അദ്ദേഹം നിരപരാധിയാണ്. ഇനി നമ്മളായി അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.” ഹരിശ്രീ യൂസഫ് കൂട്ടിച്ചേർത്തു.