“ദീപാവലി റിലീസിന് ഞങ്ങളുടെ സിനിമയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചോദിച്ചു, നല്ല ഉള്ളടക്കമുള്ള സിനിമകൾക്ക് അവസരം നിഷേധിക്കരുത്”; ഹരീഷ് കല്യാൺ

','

' ); } ?>

താരമൂല്യം അളവുകോലായി മാറുന്നതിലെ മനോവിഷമം പ്രകടിപ്പിച്ച് നടൻ ഹരീഷ് കല്യാൺ. നല്ല ഉള്ളടക്കമുള്ള സിനിമകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹരീഷ് കല്യാൺ പറഞ്ഞു. ചെറിയ സിനിമകൾക്ക് ഉത്സവ സീസൺ റിലീസുകൾ ലഭിക്കുന്നതിലെ വിവേചനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ പുതിയ ചിത്രം ‘ഡീസലി’ൻ്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

“ഒരു സിനിമ സ്വയം സംസാരിക്കണം, അല്ലാതെ ഞങ്ങൾ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ട കാര്യമില്ല. പക്ഷെ 10-15 ദിവസം മുമ്പ് ആരോ നിർമാതാവായ ദേവാ സാറിനോട് ചോദിച്ചു, ദീപാവലി റിലീസിന് ഞങ്ങളുടെ സിനിമയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന്. ‘ഡീസലിന്’ ഒരു വലിയ സംവിധായകനോ, ഒരു സ്‌റ്റാർ നായകനോ നായികയോ, അല്ലെങ്കിൽ ഒരു പ്രശസ്ത സംഗീതസംവിധായകനോ ഉണ്ടോ എന്നും അവർ
ചോദിച്ചു. സത്യത്തിൽ ആ ചോദ്യം അദ്ദേഹത്തിന്റെ ഹൃദയം തകർത്തു. അതുകേട്ട ഞാനും തകർന്നുപോയി. ഉത്സവ റിലീസിന് ഒരു സിനിമയ്ക്ക് എന്താണ് യോഗ്യത വേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നല്ല ഉള്ളടക്കമുള്ള ഒരു സിനിമ എന്തുകൊണ്ട് ദീപാവലിക്ക് റിലീസ് ചെയ്തുകൂടാ? ഞങ്ങളുടെ സിനിമയിലുള്ള ആത്മവിശ്വാസത്തോടെയും പ്രേക്ഷകരിലുള്ള വിശ്വാസത്തോടെയും ഈ ഉത്സവ സീസണിൽ തിയറ്ററുകളിലേക്ക് വരികയാണ്”. ഹരീഷ് കല്യാൺ പറഞ്ഞു.

“ഒരു മരത്തിൽ നിന്ന് ഒരു ലക്ഷം തീപ്പെട്ടിക്കോലുകൾ ഉണ്ടാക്കാം, എന്നാൽ ഒരൊറ്റ തീപ്പെട്ടിക്കോലിന് ഒരു ലക്ഷം മരങ്ങൾ കത്തിച്ചുകളയാൻ കഴിയും. അതിനാൽ, ആരെയും കുറച്ചു കാണുന്നത് ശരിയല്ല. ഞാൻ ദീപാവലിക്ക് തലൈവർ, അജിത് സർ, വിജയ് സർ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോൾ ദീപാവലിക്ക് ‘ഡീസൽ’ റിലീസ് ചെയ്യുന്നത് എൻ്റെ യാത്രയിലെ ഒരു വലിയ ചുവടുവയ്പ്പായി എനിക്ക് തോന്നുന്നു, ‘”. ഹരീഷ് കല്യാൺ കൂട്ടിച്ചേർത്തു.

ഒക്ടോബർ 17-ന് ധ്രുവ് വിക്രമിൻ്റെ ‘ബൈസൺ’, പ്രദീപ് രംഗനാഥൻ്റെ ‘ഡ്യൂഡ്’ എന്നിവയ്‌ക്കൊപ്പമാണ് ‘ഡീസൽ’ തിയേറ്റുകളിൽ എത്തുന്നത്.
ഷണ്മുഖം മുത്തുസ്വാമി എഴുതി സംവിധാനം ചെയ്‌ത ‘ഡീസൽ’ എന്ന ചിത്രത്തിൽ ഹരീഷ് കല്യാണിനെക്കൂടാതെ അതുല്യ രവി, വിനയ് റായ്, സായി കുമാർ, അനന്യ, കരുണാസ്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് പ്രസന്ന, സച്ചിൻ ഖേഡേക്കർ, സക്കീർ ഹുസൈൻ, തങ്കദുരൈ, കെപിവൈ ധീന, അപൂർവ സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവരാജുലു മാർക്കണ്ഡേയനാണ് ചിത്രം നിർമിക്കുന്നത്.