പിണക്കം മറന്ന് തോളിൽ കയ്യിട്ട് ഹരീഷും ബാദുഷയും; തർക്കങ്ങൾ അവസാനിച്ചോ എന്ന് ആരാധകർ

','

' ); } ?>

നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കിടയിൽ ഇരുവരും ഒന്നിച്ചുനിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. നടൻ നിർമൽ പാലാഴിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിനിടെ എടുത്ത ചിത്രം ബാദുഷ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.

ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു. പണം തിരികെ ചോദിച്ചതിന്റെ പേരിൽ ടൊവിനോ തോമസ് ചിത്രം ഉൾപ്പെടെയുള്ള പ്രോജക്റ്റുകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബാദുഷ ഇടപെട്ടതായും ഹരീഷ് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.

എന്നാൽ ഈ ആരോപണങ്ങൾ ബാദുഷ നിഷേധിച്ചിരുന്നു. താൻ 20 ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നും രണ്ട് തവണയായി വാങ്ങിയ 14 ലക്ഷം രൂപയിൽ 7 ലക്ഷം രൂപ ഇതിനകം തിരികെ നൽകിയിട്ടുണ്ടെന്നുമായിരുന്നു ബാദുഷയുടെ വിശദീകരണം.

സോഷ്യൽ മീഡിയയിലൂടെയും വാർത്താസമ്മേളനങ്ങളിലൂടെയും ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേർ പോസിറ്റീവ് കമന്റുകളുമായി എത്തുമ്പോഴും, പഴയ തർക്കത്തെ സൂചിപ്പിച്ച് ‘ബട്ട് ക്യാഷ്’ (But Cash) എന്ന കമന്റുകളുമായി ചിലർ പരിഹാസവും ഉന്നയിക്കുന്നുണ്ട്. ചിത്രം എഐ (AI) ഉപയോഗിച്ച് നിർമിച്ചതാണെന്ന തരത്തിലുള്ള സംശയങ്ങളും ചിലർ പങ്കുവെക്കുന്നുണ്ട്. എങ്കിലും മലയാള സിനിമയിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾ തമ്മിലുള്ള പിണക്കം അവസാനിച്ചോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.