ഈ മനുഷ്യനെതിരെ ഇനിയും പോരാടുന്നുണ്ടെങ്കില്‍ അതാണ് പക

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സാഹചര്യത്തില്‍ പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഇനിയും ഈ കലാകാരനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളൊക്കെ നിയമ വിരുദ്ധമായി മാറും..ഇനിയും നിങ്ങള്‍ ഈ മനുഷ്യനെതിരെ പോരാടുന്നുണ്ടെങ്കില്‍ അതിനെ പച്ച മലയാളത്തില്‍ പക എന്ന് മാത്രമെ വിശേഷിപ്പിക്കാന്‍ പറ്റുകയുള്ളൂവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ എന്നീ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സിനിമ താരങ്ങളുടെ സംഘടന ആയ അമ്മ ക്ക് 4,00,065 രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85,594 രൂപയും ഡയറക്ടേഴ്‌സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു. ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, കെ മോഹനന്‍ എന്നിവര്‍ക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ വിധിയോടെ പിഴ തുക പൂര്‍ണ്ണമായും സംഘടനകള്‍ വിനയന് നല്‍കേണ്ടി വരും. ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം….

വിനയന്‍ എന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയ ദിവസമാണിന്ന്…ഇത് ആഘോഷിക്കാന്‍ ആരുമുണ്ടാവില്ല…ഈ മനുഷ്യന്‍ കൈയ്യ് പിടിച്ച് സിനിമയുടെ മുഖ്യധാരയിലേക്ക് കുട്ടി കൊണ്ട് വന്നവര്‍ പോലും …കാരണം ഇയാള്‍ ഒറ്റക്കാണ്…നാം ജീവിക്കുന്ന രാജ്യത്തിലെ പരമോന്നത കോടതി ഇയാള്‍ക്കെതിരെയുള്ള കേസ് തള്ളിയിരിക്കുന്നു…ഇനിയും ഈ കലാകാരനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളൊക്കെ നിയമ വിരുദ്ധമായി മാറും..ഇനിയും നിങ്ങള്‍ ഈ മനുഷ്യനെതിരെ പോരാടുന്നുണ്ടെങ്കില്‍ അതിനെ പച്ച മലയാളത്തില്‍ പക എന്ന് മാത്രമെ വിശേഷിപ്പിക്കാന്‍ പറ്റുകയുള്ളു…വിനയന്‍ സാര്‍ താങ്കളുടെ തന്റെടത്തിന്റെ മുന്നില്‍ ഒരു വലിയ കൂപ്പ് കൈ…