
പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടത്തിയ തുറന്നു പറച്ചിലിന് പിന്നാലെ തന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ഹരീഷ് കണാരൻ. കൂടാതെ തനിക്കെതിരെ ഭീഷണി വന്നിട്ടുണ്ടെന്നും, ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. ഫനല്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ് കണാരൻ.
”ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള്‍ കൂടെ ഉണ്ടായിരുന്നയാളാണ്. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന്‍ കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്. പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.” ഹരീഷ് കണാരൻ പറഞ്ഞു
“നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്‍ട്രോളര്‍. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി. വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ട്.”; ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.
താൻ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്
ബാദുഷ 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. എആര്‍എം അടക്കമുള്ള സിനിമകളിലെ തന്റെ അവസരം നഷ്ടമാക്കിയതായാണ് ഹരീഷ് പറയുന്നത്.