വെബ്സീരീസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും വെള്ളിത്തിരയിലേക്കുള്ള വഴികള്‍ കണ്ടെത്താന്‍ ചെറുപ്പക്കാര്‍ ശ്രമങ്ങള്‍ നടത്തുന്ന കാലത്താണ് സിനിമയിലെ തിരക്കുള്ള താരങ്ങള്‍ വെബ്സീരീസുമായി രംഗത്തെത്തിയിരിക്കുന്നത്. കോമഡി ഷോകളിലെ മലബാര്‍ സാന്നിധ്യമായി അടയാളപ്പെടുത്തിക്കഴിഞ്ഞ വി ഫോര്‍ യു എന്ന സംഘത്തില്‍ നിന്നുമാണ് ടിക്കറ്റ്സ് എന്ന പുതിയ വെബ് സീരീസ് ആരംഭിച്ചിരിക്കുന്നത്.
ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെയെത്തി ചലച്ചിത്രമേഖലയില്‍ സജീവമായ ഹരീഷ് കണാരന്, നിര്‍മ്മല്‍ പാലാഴി, പ്രദീപ് ബാലന് തുടങ്ങി വി ഫോര്‍ യു വിലെ മുഴുവന്‍ അംഗങ്ങളും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് വെബ്സീരിസിന്. രാജീവ് വി ഫോര്‍ യു ആണ് സംവിധായകന്. ആനുകാലിക സമകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് വെബ് സീരീസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദത്തിനിടയില്പ്പെട്ട പ്രവാസിവ്യവസായിയുടെ കഥയാണ് ആദ്യ എപ്പിസോഡായി പുറത്ത് വന്നത്. സ്റ്റേജ് കോമഡിയില്‍ നിന്ന് വ്യത്യസ്ഥമായി റിയലിസ്റ്റിക് ചിത്രീകരണ സാധ്യതകളാണ് വെബ് സീരിസിനായി ഉപയോഗപ്പെടുത്തിയത്. വരും എപ്പിസോഡുകളില്‍ ഒട്ടേറെ കൗതുകങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.