
ഭാഷാ ഭേദമന്യേ സിനിമയെ സ്വീകരിച്ചവരാണ് മലയാളികൾ. നല്ല സൃഷ്ടികൾക്കെന്നും മലയാളികൾ കയ്യടിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വെച്ച സംവിധായകരിലൊരാളാണ് “വെട്രിമാരൻ”. വെട്രിമാരന്റെ “വട ചെന്നൈയും, പൊല്ലാതവനും, ആടുകളവു”മൊക്കെ നമ്മൾ മലയാളികൾക്കെന്നും പ്രിയപ്പെട്ടതാണ്. തമിഴ് സിനിമയിൽ കഥ പറയുന്ന രീതിയിൽ നവീനതയും യാഥാർത്ഥ്യവുമാണ് സംവിധായകൻ വെട്രിമാരനെ വ്യത്യസ്തനാക്കുന്നത്. ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള വെട്രിമാരൻ ഇന്ന് സാമൂഹിക-രാഷ്ട്രീയ വായനയുമായി ബന്ധിപ്പിക്കുന്നൊരു കലാമാധ്യമമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട സംവിധായകൻ വെട്രിമാരന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1975 സെപ്റ്റംബർ 4-ന് തമിഴ്നാട്ടിലെ കടലൂരിലാണ് വെട്രിമാരൻ ജനിച്ചത്. വെട്രിമാരന്റെ പിതാവ് ഡോ. വി. ചിത്രവേൽ ഒരു വെറ്റിനറി ശാസ്ത്രജ്ഞനായിരുന്നു. മാതാവ് മേഖല ചിത്രവേൽ ഒരു നോവലിസ്റ്റായിരുന്നു. കുടുംബത്തിൽ നിന്നുള്ള ഈ സാംസ്കാരികവും അക്കാദമികവുമായ അടിത്തറയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്. റാണിപ്പേട്ടയിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയെടുത്തത്. പിന്നീട് 1994-ൽ ചെന്നൈയിലെ ലൊയോള കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം.
വെട്രിമാരന്റെ സിനിമാത്മക വളർച്ചയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പ്രശസ്ത സംവിധായകനായ ബാലു മഹേന്ദ്രയായിരുന്നു. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത കഥൈ നേരം എന്ന ടെലിവിഷൻ സീരിയലിൽ സഹസംവിധായകനായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ സിനിമാപഠനത്തിന് വലിയൊരു അടിത്തറയായി. തുടർന്ന് ‘ജൂലീ ഗണപതി’, ‘അതൊരു കനാകാലം’ തുടങ്ങിയ ചിത്രങ്ങളിലും ബാലു മഹേന്ദ്രയോടൊപ്പം പ്രവർത്തിച്ചു. ബാലു മഹേന്ദ്രയുടെ യാഥാർത്ഥ്യചിത്രീകരണവും സിനിമയിൽ സാഹിത്യഗന്ധമുള്ള സമീപനവുമാണ് വെട്രിമാരന്റെ സംവിധാനഭാഷയിൽ പതിഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ബാലു മഹേന്ദ്രയുടെ ശിഷ്യനായിരുന്ന അനുഭവം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
ധനുഷ് നായകനായ പൊല്ലാതവൻ ആണ് വെട്രിമാരന്റെ ആദ്യ സിനിമ. സുഹൃത്തിന്റെ ബൈക്ക് നഷ്ടപ്പെടുകയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. സിനിമയുടെ കഥയും അവതരണവും നവീനമായിരുന്നു. സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ യാഥാർത്ഥ്യവുമായി ചേർത്തുപിണഞ്ഞു അവതരിപ്പിച്ച രീതിയാണ് ചിത്രത്തിന് വിജയം സമ്മാനിച്ചത്. അടുത്ത ചിത്രമായ ‘പൊല്ലാതവൻ’ പുറത്തിറങ്ങിയപ്പോൾ വിമർശകരും പ്രേക്ഷകരും ഒരുപോലെ കൈയ്യടി നൽകി. 1948-ലെ ക്ലാസിക് ഇറ്റാലിയൻ സിനിമയായ Bicycle Thieves -ന്റെ സ്വാധീനം ചിത്രത്തിൽ കാണാമെന്നും വിമർശകർ അഭിപ്രായപ്പെട്ടു. വിജയകരമായ വാണിജ്യപ്രവർത്തനത്തോടൊപ്പം വെട്രിമാരന് മികച്ച സംവിധായകനുള്ള വിജയ് അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
2011-ൽ പുറത്തിറങ്ങിയ ആടുകളം വെട്രിമാരനെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി ഉയർത്തി. ധനുഷ് നായകനായ ഈ ചിത്രം ഗ്രാമജീവിതത്തിലെ കോഴിപ്പോരുകളെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയായിരുന്നു. മനുഷ്യബന്ധങ്ങൾ, പരാജയങ്ങൾ, വിജയങ്ങൾ, ആഭിമാനം – എല്ലാം ചേർന്നൊരു സാമൂഹിക-മനുഷ്യകഥയായി അത് മാറി. ഈ ചിത്രത്തിന് ദേശീയ തലത്തിൽ ആറ് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയത് വെട്രിമാരന്റെ കഴിവിന്റെ തെളിവാണ്.
2016-ൽ പുറത്തിറങ്ങിയ വിസാരണൈ വെട്രിമാരന്റെ കരിയറിലെ മറ്റൊരു സുപ്രധാനമായൊരു ചിത്രമായിരുന്നു. കോട നീലിമയുടെ Shoes of the Dead എന്ന നോവലിൽ നിന്നാണ് ചിത്രത്തിനുള്ള പ്രചോദനം. പൊലീസിന്റെ ക്രൂരതയും ഭരണകൂടത്തിന്റെ അനീതിയും തുറന്നു കാട്ടിയ ചിത്രം ദേശീയ തലത്തിൽ വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചു. ഇന്ത്യയിൽ നിന്ന് ഓസ്കാർ നാമനിർദ്ദേശത്തിനായി തിരഞ്ഞെടുക്കപ്പെട്ട സിനിമയുമാണ് വിസാരണൈ. മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും വെട്രിമാരന് സ്വന്തമായി. സിനിമയുടെ തീവ്രമായ യാഥാർത്ഥ്യവും സാമൂഹിക പ്രസക്തിയും വെട്രിമാരനെ ലോകസിനിമയിൽ അറിയപ്പെടുന്ന സംവിധായകനാക്കി.
ചെന്നൈയുടെ വടക്കൻ ഭാഗത്തെ മാഫിയ-അണ്ടർവേൾഡ് പശ്ചാത്തലമാക്കി വെട്രിമാരൻ ഒരുക്കിയ വട ചെന്നൈ (2018) അദ്ദേഹത്തിന്റെ മറ്റൊരു നേട്ടമായിരുന്നു. ധനുഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരവധി വർഷങ്ങളായുള്ള തയ്യാറെടുപ്പിനൊടുവിലാണ് പുറത്തിറങ്ങിയത്. കഥാപാത്രങ്ങളുടെ ആഴവും കഥയുടെ വ്യാപ്തിയും സിനിമയെ ക്ലാസിക്കാക്കി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പിന്നീട് പ്രഖ്യാപിച്ചു. ഒരേ സമയം വ്യത്യസ്ത തലങ്ങളിൽ സിനിമാപ്രവർത്തനം തുടരാൻ കഴിയുന്ന സംവിധാനശക്തിയാണ് വെട്രിമാരനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
2012-ൽ വെട്രിമാരൻ ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന സ്വന്തം നിർമ്മാണസ്ഥാപനം ആരംഭിച്ചു. തന്റെ സഹസംവിധായകനായിരുന്ന മണിമാരൻ സംവിധാനം ചെയ്ത ഉദയം – എൻ.എച്ച് 47 ആണ് ഈ സ്ഥാപനത്തിന്റെ ആദ്യ ചിത്രം. ‘കാക്കാ മുട്ടൈ’ പോലുള്ള സിനിമകൾ നിർമ്മിച്ച് സാമൂഹികമായും കലാപരമായും വലിയ സംഭാവനകൾ വെട്രിമാരൻ നൽകിയിട്ടുണ്ട്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ ‘കാക്കാ മുട്ടൈ’ക്ക് ലഭിച്ചു.
വെട്രിമാരന്റെ സിനിമകൾക്ക് യാഥാർത്ഥ്യമാണ് മുഖ്യധാര. കഥാപാത്രങ്ങളുടെ ഭാഷ, ജീവിതരീതി, സാമൂഹിക പശ്ചാത്തലം എന്നിവയിൽ ആഴത്തിലുള്ള പഠനവും അവതരണവും കാണാം. ഗ്രാമീണവും നഗരജീവിതവുമായി ബന്ധപ്പെട്ട കഥകൾ അദ്ദേഹം വിശ്വസനീയമായി അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥകളിൽ സാധാരണക്കാരന്റെ ജീവിതമാണ് മുഖ്യമായും പ്രതിഫലിക്കുന്നത്. അധികാരത്തിന്റെ ക്രൂരത, സാമൂഹിക അനീതി, തൊഴിലാളി-താഴ്ന്ന വർഗങ്ങളുടെ ജീവിതാനുഭവങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന ആശയങ്ങൾ.
വെട്രിമാരന്റെ കരിയറിൽ ഇതിനോടകം തന്നെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആടുകളം, വിസാരണൈ, കാക്കാ മുട്ടൈ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. ഫിലിംഫെയർ അവാർഡ്, വിജയ് അവാർഡ്, SIIMA അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിച്ചിട്ടുണ്ട്.
സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് – ഈ വാക്കുകളുടെ അർത്ഥം തന്റെ സിനിമകളിലൂടെ തെളിയിച്ച വ്യക്തിയാണ് വെട്രിമാരൻ. അദ്ദേഹം സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല, സാമൂഹിക ചിന്തകനും ആണ്. തമിഴ് സിനിമയെ യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാലഘട്ടം അദ്ദേഹം സൃഷ്ടിച്ചു. ജന്മദിനത്തിന്റെ ഈ അവസരത്തിൽ, തമിഴ് സിനിമയ്ക്ക് വെട്രിമാരൻ നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടുന്നു. യാഥാർത്ഥ്യവും കലാപ്രതിബദ്ധതയും കൈകോർക്കുമ്പോൾ സിനിമ എത്രത്തോളം ശക്തമായ സാമൂഹിക-സാംസ്കാരിക ഇടപെടലാകാമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. വരും വർഷങ്ങളിലും കൂടുതൽ ശക്തമായ കഥകളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയെ ഉയർത്തിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.