
മലയാളികൾ ഏറെ ഇഷത്തോടെ നെഞ്ചോട് ചേർത്ത മറു നാടൻ ഹീറോയാണ് നടിപ്പിൻ നായകൻ സൂര്യ. ഒരു അഭിനേതാവ് എന്നതിനപ്പുറം സൂര്യ എന്ന വ്യക്തിയുടെ നന്മയും വ്യക്തിത്വവും പ്രേക്ഷകർ ഇൻസ്പിറേഷനാക്കിയിട്ടുണ്ട്. സൂര്യ എന്ന ശരവണൻ ശിവകുമാർ. മകൻ, സഹോദരൻ, ഭർത്താവ്, അച്ഛൻ, നടൻ, മനുഷ്യൻ എന്നിങ്ങനെ എല്ലാ മേഖലയിലും അയാളൊരു mr പെർഫെക്റ്റ് ആണ്. ഈ പ്രായത്തിലും ഫിറ്റ്നസ്സിനോടും ജീവിതശൈലിയിലും മാന്യമായ നിലയിൽ നിയന്ത്രണവും അപാരമായ പ്രതിബദ്ധതയും പുലർത്തുന്ന ഈ നടൻ, ഇന്നും പുതുതലമുറയെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് 50 ആം പിറന്നാൾ ആഘോഷിക്കുന്ന നടിപ്പിൻ നായകന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
1975-ല്‍ പ്രശസ്ത നടനായ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മൂത്ത മകനായാണ് സൂര്യയുടെ ജനനം. അദ്ദേഹത്തിന് കാർത്തി എന്ന സഹോദരനും വൃന്ദ എന്ന സഹോദരിയുമുണ്ട്. ചെറുപ്പം മുതല്‍ അച്ഛന്റെ അഭിനയം വീക്ഷിച്ചാണ് സിനിമയോടുള്ള താത്പര്യം വളര്‍ന്നത്. പദ്മസേശദ്രി ബാലഭവന്, സെന്റ് ബീഡ്സ് സ്കൂളുകള്‍, പിന്നീട് ലോയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടിയതിനു ശേഷം, ഒരു വർഷത്തോളം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്.
1997-ൽ ‘നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്ത് പ്രവേശിച്ചത്. വിജയിനോടൊപ്പം അഭിനയിച്ച ഈ ചിത്രത്തിൽ പ്രതീക്ഷിച്ച വലിയ വിജയമൊന്നുമില്ലാതിരുന്നെങ്കിലും, സൂര്യയുടെ അഭിനയശൈലി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ബാലാ സംവിധാനം ചെയ്ത 2001ലെ ‘നന്ദ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയപരിഷ്കാരത്തിന്റെയും കരിയറിന്റെയും വലിയ മുന്നേറ്റം നേടിയതെന്നും പറയാം.
തുടർന്ന് ‘ഫ്രണ്ട്സ്’, ‘പിതാമകൻ’, ‘കാക്കാ കാക്കാ’, ‘പേരഴകൻ’, ‘ഗജിനി’, ‘വാരണം ആയിരം’, ‘അയൻ’, ‘സിങ്കം’ സീരീസുകൾ തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ് ചലച്ചിത്രലോകത്തിൽ ഏറ്റവും വിശ്വസിക്കപ്പെടുന്ന നടനായി മാറ്റി. രാസതന്ത്രം, സൈക്കോളജി, ആക്ഷൻ, മെലോഡ്രാമ തുടങ്ങി പല വ്യത്യസ്ത രീതികളിൽ അഭിനയിച്ചിട്ടുള്ള വേർസാറ്റിലിറ്റി നടനായി സൂര്യ മാറി.
സിനിമയ്ക്കപ്പുറം മാനുഷിക പരിഗണനയ്ക്കും, മനുഷ്വത്വത്തിനും മൂല്യം കൽപ്പിക്കുകയും അതിനു വേണ്ടി അർപ്പിക്കുകയും ചെയ്തതാണ് സൂര്യയുടെ ജീവിതം. അഗരം ഫൗണ്ടേഷൻ എന്ന സ്വന്തം ജീവകാരുണ്യ സംഘടനയുടെ മുഖേന വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ വാക്കുകൾക്കതീതമാണ്. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, പരിശീലനങ്ങൾ എന്നിവ നൽകുന്നതിലൂടെയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. കൂടാതെ സ്റ്റുഡിയോ ഗ്രീൻ എന്നതിലൂടെ സൂര്യ സിനിമാ നിർമ്മാണ മേഖലയിലും സ്വാധീനമുള്ള നിലപാടാണ് നിലനിര്‍ത്തുന്നത്. തന്റെ മരണ ശേഷം സ്വത്തിന്റെ മുക്കാൽ ഭാഗവും അഗരം ഫൗണ്ടേഷനാണ് സൂര്യ എന്ന മനുഷ്യൻ എഴുതി വെച്ചിരിക്കുന്നത്.
നന്ദ, ഗജിനി, വാരണം ആയിരം, അയൻ, സിങ്കം (1, 2, 3) 24 , മാട്രാൻ 7-ാം അറിവ്, സില്ലുനു ഒരു കാതൽ. കാക്കാ കാക്കാ തുടങ്ങിയവയൊക്കെയും മനസ്സിൽ ഇടം പിടിച്ച ഒരുപിടി സൂര്യ ചിത്രങ്ങൾ. ഏറ്റവും ഒടുവിലെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രം റിട്രോ ഇൻഡസ്ട്രി ഹിറ്റ്. ഇന്ന് പിറന്നാൾ ദിനത്തിൽ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനൻ എഡിറ്റിങും അന്‍പറിവ്,വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.
2005 , 2009 , ൨൦൨൨ എന്നെ വർഷങ്ങളിൽ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്, 2004 മികച്ച സപ്പോർട്ടിങ് ആക്ടറിനുള്ള ഫിലിം ഫെയർ അവാർഡ്. 2022 ൽ മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡ് , 2009 ൽ മികച്ച നടനുള്ള വിജയ് അവാർഡ്, 2011 , 2010 വർഷങ്ങളിൽ മികച്ച എന്റർടൈൻമെന്റ് നടനുള്ള അവാർഡ്, 2008 ൽ മികച്ച ഐക്കൺ ഓഫ് ദി അവാർഡ്, എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കി.
സൂര്യയും നടിയായ ജ്യോതികയും തമ്മിലുള്ള സ്നേഹവും വിവാഹവും തമിഴ് സിനിമാലോകത്ത് വളരെ ശ്രദ്ധ നേടിയതാണ്. ഇരുവരും തമ്മിലുള്ള പ്രണയവും ജോഡി പൊരുത്തവും ഇന്നും ചർച്ച വിഷയവും കുടുംബ ബന്ധങ്ങൾക്ക് ഉദാഹരണവുമാണ്. നിരവധി ഹിറ്റുകളിലൂടെ സ്ക്രീനിൽ ഒരുമിച്ചെത്തിയ ഇരുവരും 2006 സെപ്റ്റംബർ 11-ന് വിവാഹിതരാവുകയായിരുന്നു. ദിയ എന്ന മകളും ദേവ് എന്ന മകനുമാണ് ഇവർക്ക്. കുടുംബ ജീവിതവും സാമൂഹിക പ്രതിബദ്ധതയും സൂര്യ സമതുലിതമായി കൈകാര്യം ചെയ്യുന്ന നടന്മാരിൽ സൂര്യ എന്ന നടൻ മുന്നിൽ തന്നെയുണ്ടാകും.
50-ാം വയസ്സിൽ എത്തി നിൽക്കുമ്പോഴും സൂര്യയുടെ ശാരീരവും, എനർജിയും യുവത്വത്തിൽ തന്നെയാണ് . ഫിറ്റ്നസ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരഭിന്നഘടകമായി തുടരുകയാണ്. ‘കങ്കുവ’ എന്ന ചിത്രത്തിനായി അദ്ദേഹം നേടിയ സിക്സ് പാക്ക് അതിന്റെ തെളിവാണ്. 100 ദിവസം നീണ്ട കഠിനമായ ഡയറ്റും വ്യായാമവും, കാർഡിയോ സെഷനുകളും പിന്തുടർന്ന്, കൃത്യമായ ആഹാരക്രമം പാലിച്ച് സ്വാഭാവികമായി സിക്സ് പാക്കാണ് അന്ന് സൂര്യ ഉണ്ടാക്കിയെടുത്തത്.
“30-ാം വയസ്സിൽ ഫിറ്റ്നസ് നിരപ്പായ റോഡിലൂടെ ഓടുന്നതുപോലെയായിരുന്നെങ്കിൽ, ഇന്ന് അത് മല കയറുന്നതുപോലെയാണ്.” ഓരോ പ്രയാസവും നേരിട്ട് അതിജീവിക്കുമ്പോൾ മാത്രമാണ് വിജയം കൈവരിക്കാൻ കഴിയുന്നത് എന്നായിരുന്നു അന്ന് ഫിറ്റ്നസ്സിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
50 വയസ്സെന്ന് കേൾക്കുമ്പോൾ ആരും പ്രതീക്ഷിക്കില്ല ഈ തോതിൽ ഊർജ്ജസ്വലതയും ആധുനികതയും നിറഞ്ഞ ഒരു വ്യക്തിയെ. സൂര്യ അതിന്റെ ഉദാഹരണമാണ്. അഭിനയം, കുടുംബബന്ധം, സാമൂഹിക ബാധ്യത, ആരോഗ്യശീലങ്ങൾ – ഈ എല്ലാ മേഖലകളിലും ഉദാത്തമായ മാതൃകയായി ഉയർന്നുനിൽക്കുന്ന സൂര്യയുടെ 50-ാം പിറന്നാൾ ആരാധകർക്ക് മാത്രമല്ല, സിനിമ ലോകത്തിനുമൊരു ആഘോഷമാണ്. “നടിപ്പിൻ നായകൻ” എന്ന ആ വിളി, അദ്ദേഹത്തിന് ഏറെക്കാലം നില നിൽക്കട്ടെ. ജന്മദിനാശംസകൾ സൂര്യ – എന്നും എപ്പോഴും നിങ്ങളുടെ മുന്നേറ്റങ്ങൾക്ക് വേണ്ടി മലയാളി പ്രേക്ഷകരും കയ്യടിക്കും.