
മലയാള സിനിമയിൽ പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും നിലകൊള്ളുന്ന മഹാ പ്രതിഭയാണ് “കൃഷ്ണൻ നായരെന്ന”നടൻ “ജയൻ”. മലയാള സിനിമയുടെ താരാധിപത്യം മുഴുവൻ തന്റെ അഭിനയ കലയിൽ ഭദ്രമാക്കിയ മഹാ നടൻ. 70-കളിലെ കേരളത്തിൻറെ സാംസ്കാരിക ചിഹ്നം കൂടിയായ ഒരു നാവിക സേന ഓഫീസർ. ഇന്നും ജയന്റെ സിനിമകൾക്കും കഥാപാത്രങ്ങൾക്കും മറ്റേത് നടനുമില്ലാത്ത സ്വീകാര്യതയും സ്നേഹവും മലയാള സിനിമാ ലോകവും പ്രേക്ഷകരും നൽകുന്നുണ്ട്. അകാലത്തിൽ പൊലിഞ്ഞു പോയി ഓർമകളായി തീരേണ്ട മനുഷ്യനെ ഇന്നും നില നിർത്തുന്നത് ആ മനുഷ്യന്റെ മാനുഷികതയും, മനുഷ്വത്വവുമാണ്. മലയാളത്തിന്റെ ഇവർ ഗ്രീൻ സ്റ്റൻഡ് സ്റ്റാർ “ജയന്” പിറന്നാൾ ആശംസകൾ.
1939 ജൂലൈ 25-ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. കൊല്ലം കൊട്ടാരത്തിൻ്റെ ബന്ധുവായ സത്രം മാധവൻ പിള്ളയായിരുന്നു പിതാവ്. മാതാവ് ഭാരതിയമ്മയും സഹോദരൻ സോമൻ നായറും ഉൾപ്പെടുന്ന ഈ സാധാരണ കുടുംബത്തിൽ നിന്നാണ് മലയാള സിനിമയുടെ ആദി ആക്ഷൻ നായകനിലേക്ക് ജയൻ നടന്നു കയറിയത്. പ്രാഥമിക വിദ്യാഭ്യാസം മലയാളി മന്ദിരത്തിൽ ആരംഭിച്ച ജയൻ പിന്നീട് സർക്കാർ ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായി. പഠനത്തിലും കലാകായികരംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് എൻ.സി.സി വഴി ഇന്ത്യയുടെ നാവികസേനയിലേക്ക്.
1954-ൽ, വെറും 15-ആം വയസ്സിൽ അദ്ദേഹം ഇന്ത്യൻ നേവിയിൽ ചേർന്നു. പിന്നീടുള്ള പതിനഞ്ച് വർഷത്തെ സേവനം ജയനെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പദവിയിലേക്കുയർത്തി. ഈ കാലഘട്ടം അദ്ദേഹത്തിന് ആധികാരികതയും ആന്തരിക ശക്തിയും നൽകിയ ജീവിതപാഠങ്ങളാണ് നൽകിയതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. 1970-ൽ അദ്ദേഹം സേനയിൽ നിന്നും വിരമിച്ചു,
1974-ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് ജയൻ്റെ സിനിമാ തുടക്കം. പ്രമുഖ വില്ലൻ നടനായിരുന്ന ജോസ് പ്രകാശാണ് ജയനെ സിനിമയിലേക്ക് എത്തിച്ചതെന്ന് പറയപ്പെടുന്നു. ജയന്റെ അമ്മാവന്റെ മകളായിരുന്നു പ്രശസ്ത നടി ജയഭാരതി. തുടക്കത്തിൽ ചെറിയ വേഷങ്ങളായിരുന്നെങ്കിലും ജയന്റെ കരുത്തും ഗംഭീര ശബ്ദവും ശരീരഭാവവും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് വില്ലൻവേഷങ്ങൾ വഴിയായി നായകവേഷങ്ങളിലേക്കുള്ള തിരിഞ്ഞു നോക്കാതെയുള്ള നടത്തം. നായകെനന്ന ഭാവത്തെക്കാൾ ജയനിലെ വില്ലനെ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരുന്നുവെന്നതും ആ നടന്റെ കഴിവിന്റെ ഏറ്റവും വലിയ അംഗീകാരമായിരുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത ‘ശരപഞ്ചര’ (1977) ആണ് ജയനെ നായകനാക്കിയ ആദ്യ ചിത്രം. അതിനുശേഷം അതിവേഗത്തിൽ തന്നെ ജയൻ നായക സ്ഥാനത്തിലേക്ക് ഉയർന്നു. വെള്ളിത്തിരയിലെ ഏറ്റവും മികച്ച നായകനെന്ന് പില്കാലത്ത് സിനിമ ലോകം ഏറ്റുപാടി. ആകെ അഭിനയിച്ച ആറു വർഷത്തിനുള്ളിൽ ഏകദേശം 120-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ‘അങ്ങാടി’ (1979) എന്ന സിനിമയാണ് ജയനെ ജനകീയ നായകനാക്കി മാറ്റിയത്. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളായ “ഞാനോരു ഓഫീസറായിരുന്നു, അല്ലെങ്കിൽ ഓർഡറായിട്ടും ചേരാം” തുടങ്ങിയവ ആരാധകർ പിന്നെയും പിന്നെയും മടുപ്പില്ലാതെ ആവർത്തിച്ചു. ഐ.വി. ശശി സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി എഴുതുകയും ചെയ്തു. പൂട്ടാത്ത പൂട്ടുകൾ’ എന്ന തമിഴ് ചിത്രവും ഉൾപ്പെടെ മലയാളത്തിലെ 90 ശതമാനത്തോളം ചിത്രങ്ങൾ ഹിറ്റുകളായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
ജയന്റെ ശബ്ദം, അവതരണശൈലി, ശരീരഭാവം, പൗരുഷം നിറഞ്ഞ സംഭാഷണങ്ങൾ—മലയാള സിനിമ ഇതുവരെ കണ്ടിരുന്നില്ലാത്ത ‘മാസ്കുലിൻ’ നായകത്വം സ്‌ക്രീനിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹം ധൈര്യപൂർവ്വം മുന്നോട്ട് വന്നു. വേഷവിധാനത്തിലെ അതിന്റെ സ്റ്റൈലും അതിലപ്പുറം അദ്ദേഹത്തിന്റെ സ്വന്തം പെർസണാലിറ്റിയും നായകസങ്കല്പത്തെ തന്നെ മാറ്റിമറിച്ചു. വസ്ത്രധാരണത്തിലെ പുതുമകളും ആക്ഷൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ധൈര്യവും യുവജനതയെ അനുസ്മരിപ്പിച്ചു. അന്നത്തെ കാല ഘട്ടത്തിൽ മറ്റു നടന്മാർ ഡ്യൂപ്പുകൾ ഉപയോഗിച്ചപ്പോൾ ജയൻ അതിനെതിരായിരുന്നു. അദ്ദേഹം സ്വന്തം ഭംഗിയോടെ തന്നെ സാഹസിക രംഗങ്ങൾ ചെയ്തിരുന്നു. കാട്ടാനയുമായുള്ള രംഗങ്ങൾ മുതൽ കെട്ടിടത്തിൽ നിന്ന് ചാടൽ വരെ അദ്ദേഹം തന്നെ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ പുതിയ മാനദണ്ഡങ്ങളിലേക്ക് ഉയർന്നത്. ആക്ഷനെന്നാൽ ജയനാണെന്നും, ജയനെന്നാൽ ആക്ഷനാണെന്നും പ്രേക്ഷകരെ കൊണ്ട് ആ മഹാ വിസ്മയം തറപ്പിച്ചു പറയിപ്പിച്ചു.

1980 നവംബർ 16-ന്, കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെ, ഷോളവരത്തുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ മരണമടയുന്നത്. മൂന്ന് ഷോട്ടുകൾ എടുത്ത ശേഷം സംവിധായകൻ സംതൃപ്തനായിരുന്നു. എന്നാൽ, ജയൻ തന്നെ അത്തരം ആക്ഷൻ രംഗങ്ങളിൽ അധികം മികവ് കാണിക്കാൻ ആഗ്രഹിച്ചവനായിരുന്നു. അദ്ദേഹം റീടേക്ക് ആവശ്യപ്പെട്ടതോടെ, ഷോട്ട് വീണ്ടും എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിച്ചു വീഴുകയായിരുന്നു. ജസ്റ്റിഫൈ ചെയ്യാനാകാത്ത രീതിയിൽ മരണം തന്റെ കൈവിട്ട് പോവുകയും, മലയാള സിനിമയുടെ ആക്ഷൻ കാലഘട്ടം നിശ്ശബ്ദമായി ചതഞ്ഞു പോവുകയും ചെയ്തു.
നിരവധി ആരാധകർ ആ സംഭവം വിശ്വസിക്കാൻ പോലും തയ്യാറായിരുന്നില്ല. “ദീപ” എന്ന ചിത്രത്തിൽ ജയന്റെ മരണവാർത്ത ചേർക്കപ്പെട്ടപ്പോൾ, തിയേറ്ററുകളിൽ ആളുകൾ നിലവിളിച്ചോടുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുകയും, ഔദ്യോഗിക ബഹുമതികളോടെ അന്ത്യസംസ്കാരം നടത്തുകയും ചെയ്യുകയായിരുന്നു. ജയന്റെ മരണത്തെ ചൊല്ലി അനേകം ഗൂഢാലോചനാ സങ്കല്പങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്ന സഹനടൻ ബാലൻ കെ നായരും പൈലറ്റും അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെടുകയും, ജയൻ മാത്രം മരിക്കുകയും ചെയ്തതിന്റെ ദുരൂഹത ഇന്നും ബാക്കിയാണ്.
മരണ ശേഷവും അദ്ദേഹത്തിന്റെ കുടുംബത്തെ ചൊല്ലി വാർത്തകളും വിവാദങ്ങളും നിരന്നിരുന്നു. തങ്കമ്മ എന്ന വിവാഹ മോചിതയായ സ്ത്രീയെയായിരുന്നു ജയൻ ഭാര്യയായി സ്വീകരിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം അവരൊരു താഴ്ന്ന ജാതിയിൽ പെട്ടതുകൊണ്ട് സ്വീകരിക്കാൻ തയ്യാറായില്ല. തങ്കമ്മയ്ക്ക് മുൻവിവാഹത്തിൽ രണ്ടു മക്കളുണ്ടായിരുന്നു.
ജയന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ‘ജയൻ നഗർ’ എന്ന പേരിൽ ‘ജയൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 25-ന് സമൂഹസദ്യ, ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കാറുണ്ട്. 2013-ൽ നടൻ മുകേഷ് അനാച്ഛാദനം ചെയ്ത ജയന്റെ പ്രതിമ കൊല്ലത്ത് അനേക ആരാധകർ ഇപ്പോഴും സന്ദർശിക്കുന്നുണ്ട്. 2011-ൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് ജയനെ പുനരാവിഷ്‌ക്കരിച്ച് ‘അവതാരം’ എന്ന സിനിമയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ജയൻ എന്ന പേര് ഇന്നും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി മലയാള സിനിമയിൽ നിലനിൽക്കുന്നു. ആധുനിക മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിനൊപ്പം, ഒരു കാലഘട്ടത്തിന്റെ നവോത്ഥാന പ്രതീകമായിട്ടാണ് ജയനെ ഓർക്കപ്പെടുന്നത്. ഒരിക്കൽ കൂടി ആ മഹാ പ്രതിഭയ്ക്ക് ഓർമപ്പൂക്കൾക്കൊപ്പം ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.