
പടക്കളം എന്ന ചിത്രത്തിലെ “പ്രൊഫസർ” രഞ്ജിത്ത്. ഭാവം കൊണ്ടും നിഗൂഡമായ ചിരികൊണ്ടും വില്ലനിസത്തിന്റെ പീക്ക് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത കഥാപാത്രമായിരുന്നു. അതിനപ്പുറത്തേക്ക് ആ കഥാപാത്രവും നടനും പിന്നെയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. അതയാളുടെ വേഷപ്പകർച്ചയ്ക്കുള്ള കയ്യടിയായിരുന്നു. സുരാജ് വെഞ്ഞാറമൂടെന്ന മിമിക്രിയുടെ താര രാജാവിനെ അനുകരിച്ച് ഫലിപ്പിച്ചതിനുള്ള അംഗീകാരം. ഷറഫുദീനെന്ന നടന്റെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയായിരുന്നു അത്. അന്നോളം അയാൾ കൊണ്ട് വന്നിരുന്ന വേഷങ്ങൾക്കുള്ളിൽ നിന്നും പെട്ടന്നൊരു മറിഞ്ഞു ചാട്ടം. കോമേഡിയനായും, സഹതാരമായും, നായകനായും, വില്ലനായും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി തന്റെ പേരെഴുതി ചേർത്ത യുവ നടൻ, ‘ശറഫുദ്ധീൻ’. ഇന്ന് ജന്മദിനമാഘോഷിക്കുന്ന ഷറഫുദ്ധീന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
ആലുവ സ്വദേശിയാണ് ശറഫുദ്ധീൻ. 2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ ‘നേരം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഓം ശാന്തി ഓശാന, ഹാപ്പി ഡേയ്സ്, പാവാട പോലുള്ള ചിത്രങ്ങളിൽ നായകനൊപ്പമുള്ള സഹതാര വേഷങ്ങൾ, പിന്നീട് ‘അഞ്ചാം പാതിര, ഹലോ മമ്മി, മധുര മനോഹര മോഹം, പടക്കളം പോലെയുള്ള നായക , പ്രതി നായക വേഷങ്ങൾ, ഐശ്വര്യ ലക്ഷ്മി മുതൽ ഭാവന വരെ നായികമാർ. അങ്ങനെ മലയാള സിനിമയുടെ മുൻ നിര നായകന്മാരിലേക്ക് തന്റെ പ്രയത്നവും, കഴിവും അഭിലഷണീയമാക്കി അയാൾ നടന്നു കയറിയ കാഴ്ച ഏതൊരു സിനിമ മോഹിക്കും പ്രചോദനാത്മകമാണ്.
അഞ്ചാം പാതിരയിലെ ‘dr ബെഞ്ചമിൻ ലൂയിസിനെ’ എടുത്ത് നോക്കാം. ശറഫുദ്ധീൻ എന്ന നടന്റെ കരിയറിലെ നാഴികക്കല്ല് തന്നെയായിരുന്നു ആ കഥാപാത്രം. ബഹളമോ ആക്രോശമോ ഇല്ലാതെ നിശബ്ദമായി ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ എത്ര കണ്ണിങ്ങായാണ് അയാളൊരു വില്ലനെ സൂക്ഷിച്ചു വെച്ചത്. അയാളിലെ നടനെ അയാൾ പരുവപ്പെടുത്തിയെടുത്തത്. 2015 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ “ഗിരിരാജൻ കോഴി’ എന്ന കഥാപാത്രത്തിൽ നിന്നും ബെഞ്ചമിനിലേക്കും, രഞ്ജിത്തിലേക്കുമുള്ള ധൂർത്തിന്റെ ദൈർഘ്യം അയാളുടെ കഠിന പ്രയത്നത്തിന്റെ അകെ തുകയാണ്. അയാളിൽ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാമെന്നുമുള്ള വാക്ക് തരലാണ്.
ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഓൺലൈൻ കോഴ്സുകൾ ചെയ്തു. കാർ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും, പിന്നീട് സീസൻസ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്തു. ഇന്ന് അയാൾ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനാണ്. നടന്നു കയറിയ ദൂരത്തിനപ്പുറം ഉയരങ്ങിലേക്ക് ഇനിയും അയാൾ പറന്നുയരട്ടെ. മലയാള സിനിമയുടെ പ്രതീക്ഷയുള്ള യുവ നടന്മാരിലേക്ക് ഏറ്റവും മനോഹരമായി അയാളുടെ പേര് ഇനിയുമിനിയും തെളിഞ്ഞു വരട്ടെ . പ്രിയപ്പെട്ട കലാകാരന് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.