ഭാവപ്പകർച്ചകളുടെ നിത്യ വസന്ത നായിക; ശാന്തികൃഷ്ണയ്ക്ക് ജന്മദിനാശംസകൾ

','

' ); } ?>

80 കളിലും 90 കളിലും ഭാഷാ ഭേദമന്യേ തീക്ഷ്ണമായ പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും അതിലുപരി ശക്തമായ നിലപാടുകളുടെയും മുഖമായൊരു നായിക. അതുവരെയുണ്ടായിരുന്ന നായികാ സങ്കൽപ്പങ്ങളെ മുഴുവൻ പൊളിച്ചെഴുതി പ്രേക്ഷകർക്ക് പുതിയൊരനുഭവം സമ്മാനിച്ച അതുല്യ പ്രതിഭ. പറഞ്ഞു വരുന്നത് മലയാളിയല്ലാത്ത എന്നാൽ മലയാള സിനിമയുടെ മുഖമായി മാറിയ മലയാളത്തിന്റെ നിത്യ വസന്ത നായിക ശാന്തി കൃഷ്ണയെ കുറിച്ചാണ്. 1992 ൽ പുറത്തിറങ്ങിയ “സവിധമെന്ന” ചിത്രത്തിലെ ശാന്തി കൃഷ്ണ അവതരിപ്പിച്ച അമ്മ വേഷം മാത്രം മതി ശാന്തി കൃഷ്ണയെന്ന അഭിനേത്രിയുടെ അഭിനയത്തോടുള്ള നിലപാടിന്റെ തീക്ഷ്ണത മനസ്സിലാക്കാൻ. തന്റെ ഇരുപതുകളിൽ മമ്മൂട്ടിക്കും, മോഹൻലാലിനുമടക്കം നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് അത്തരമൊരു വേഷം ചെയ്യാൻ ശാന്തി കാണിച്ച ധൈര്യം മറ്റേതെങ്കിലുമൊരു നായിക ചിന്തിക്കുമോ എന്നുപോലും സംശയമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയപ്പോഴും സ്‌ക്രീനിൽ അവരുടെ ഏറ്റവും ശ്കതമായ വേഷപ്പകർച്ചകൾക്ക് പ്രേക്ഷകർ സാക്ഷിയായതും നിമിത്തം മാത്രം. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. മലയാളത്തിന്റെ ശാന്തി കൃഷ്ണയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1963 ജനുവരി 2-ന് പാലക്കാട് ആർ. കൃഷ്ണകുമാറിന്റെയും ശാരദയുടെയും മകളായി ജനിച്ച ശാന്തികൃഷ്ണയുടെ ജീവിതം സിനിമയിലേക്ക് വഴിതിരിഞ്ഞത് വളരെ ചെറുപ്പത്തിലായിരുന്നു. ജനനം കേരളത്തിലായിരുന്നെങ്കിലും പഠനവും വളർച്ചയും മുംബൈയിലായിരുന്നു. ആ നഗരത്തിന്റെ കലാപരിസരം ശാന്തികൃഷ്ണയുടെ വ്യക്തിത്വത്തിലും കലാസൂക്ഷ്മതയിലും വലിയ സ്വാധീനം ചെലുത്തി. ചെറുപ്പം മുതൽ നൃത്തത്തിൽ താൽപര്യം പുലർത്തിയിരുന്ന ശാന്തി , ശാസ്ത്രീയ നൃത്തത്തിൽ പരിശീലനം നേടി. ആ നൃത്തപരിശീലനമാണ് പിന്നീട് അഭിനയത്തിൽ ശരീരഭാഷയുടെയും ചലനങ്ങളുടെയും സൗന്ദര്യം നൽകിയത്.

1981-ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലേക്കെത്തുന്നത്. വെറും 16-ാം വയസിൽ തന്നെ ഒരു പക്വതയുള്ള അഭിനേത്രിയായി തന്റെ കലാവൈഭവം കാഴ്ച വെക്കാൻ ശാന്തി കൃഷ്ണയ്ക്കായി. 1980-കൾ മലയാള സിനിമയിൽ കലാപരമായും ഉള്ളടക്കപരമായും വലിയ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടമായിരുന്നു. ഭരതൻ, പത്മരാജൻ, ലോഹിതദാസ് തുടങ്ങിയ സംവിധായകർ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിച്ച കാലം. ഈ കാലഘട്ടത്തിൽ ശാന്തികൃഷ്ണ മലയാള സിനിമയുടെ അനിവാര്യ സാന്നിധ്യമായി.
“നിദ്ര, താരാട്ട്, കേൾക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, ഇടിയും മിന്നലും” തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ അഭിനയത്തിന്റെ പല തലങ്ങളെയും സ്പർശിച്ചു. റൊമാന്റിക് നായികയായും കുടുംബകഥാപാത്രങ്ങളിലൂടെയും സാമൂഹികപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളിലൂടെയും അവർ സ്വാഭാവികമായ അഭിനയശൈലി തെളിയിച്ചു.

‘ചില്ല്, ഈണം, സാഗരം ശാന്തം, ഹിമവാഹിനി’ തുടങ്ങിയ ചിത്രങ്ങളിൽ ശാന്തികൃഷ്ണ അവതരിപ്പിച്ച സ്ത്രീകൾ അതിരുകളില്ലാത്ത സൗന്ദര്യത്തിന്റെ പ്രതീകങ്ങളല്ല മറിച്ച് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ നേരിടുന്ന സാധാരണ സ്ത്രീകളായിരുന്നു. അതാണ് അവരെ പ്രേക്ഷകഹൃദയങ്ങളിൽ കൂടുതൽ അടുത്തവളാക്കിയത്. 1990-കളിൽ എത്തുമ്പോൾ ശാന്തികൃഷ്ണയുടെ അഭിനയജീവിതം പക്വതയുടെ മറ്റൊരു തലത്തിലേക്ക് കടന്നു. ‘നയം വ്യക്തമാക്കുന്നു, വിഷ്ണുലോകം, സവിധം, കൗരവർ, ഗാന്ധർവ്വം, ചെങ്കോൽ, പിൻഗാമി, പക്ഷേ’ തുടങ്ങിയ ചിത്രങ്ങളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളായിരുന്നു.

1992-ൽ കെ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സവിധം’ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. എന്നാൽ ശാന്തികൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ അംഗീകാരം 1994-ൽ പുറത്തിറങ്ങിയ ‘ചകോരം’ എന്ന സിനിമയിലൂടെയാണ് ലഭിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. സ്ത്രീയുടെ മനസ്സിന്റെ നിശ്ശബ്ദ വേദനകളും ആത്മബലം നിറഞ്ഞ നിലപാടുകളും അവർ അതിമനോഹരമായി അവതരിപ്പിച്ചു.

വെള്ളിത്തിരയിൽ വിജയങ്ങൾ കൊയ്തുകൊണ്ടിരിക്കുമ്പോഴും, ശാന്തികൃഷ്ണയുടെ വ്യക്തിജീവിതം അത്ര എളുപ്പമായിരുന്നില്ല. 1984-ൽ നടൻ ശ്രീനാഥുമായി പ്രണയവിവാഹം ചെയ്ത അവർ, വളരെ ചെറുപ്പത്തിലായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നത്. എതിർപ്പുകൾ മറികടന്ന് നടന്ന ആ വിവാഹം പിന്നീട് വിള്ളലുകൾ നേരിട്ടു. 1995-ൽ ഇരുവരും വേർപിരിഞ്ഞു. 1998-ൽ രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ അവർ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മിതുൽ, മിതാലി എന്നീ രണ്ട് മക്കളുണ്ട്. എങ്കിലും ഈ വിവാഹബന്ധവും 2016-ൽ അവസാനിച്ചു. രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ടെങ്കിലും, ജീവിതത്തെക്കുറിച്ചുള്ള ശാന്തികൃഷ്ണയുടെ സമീപനം ശക്തിയും ആത്മവിശ്വാസവും നിറഞ്ഞതായിരുന്നു.

1998-ന് ശേഷം ശാന്തികൃഷ്ണ അഭിനയത്തിൽ നിന്ന് പൂർണമായി മാറിനിന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അവർ കുടുംബത്തിനും കുട്ടികൾക്കും പ്രാധാന്യം നൽകി. പലർക്കും അവർ സിനിമയിലേക്ക് മടങ്ങിവരുമോ എന്ന സംശയം നിലനിന്നിരുന്ന സമയത്താണ് 2017-ൽ ‘ഞണ്ടുകളുടെ നാട്ടിൽ’ എന്ന സിനിമയിലൂടെ ശാന്തികൃഷ്ണ ശക്തമായ തിരിച്ചുവരവ് നടത്തിയത്. അൽത്താഫ് സലീം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അവർ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെയും വിമർശകരുടെയും ഒരുപോലെ പ്രശംസ നേടി. ഒരു അമ്മയുടെ വേദനയും ആത്മബലവും ചേർന്ന ആ കഥാപാത്രം ശാന്തികൃഷ്ണയുടെ അഭിനയജീവിതത്തിലെ മറ്റൊരു ഉച്ചസ്ഥാനം ആയി. തിരിച്ചുവരവിന് ശേഷം ‘കുട്ടനാടൻ മാർപ്പാപ്പ, അരവിന്ദന്റെ അതിഥികൾ, വിജയ് സൂപ്പറും പൗർണമിയും, മിഖായേൽ, അതിരൻ, ഗോൾഡ്, സെക്ഷൻ 306 ഐ.പി.സി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അമ്മ, മുത്തശ്ശി, ശക്തമായ സ്ത്രീകഥാപാത്രങ്ങൾ എല്ലാം ഒരേ ആത്മാർത്ഥതയോടെ അവതരിപ്പിച്ചു.

സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും അവർ സജീവമായി. മലയാളി വീട്ടമ്മ പോലുള്ള സീരിയലുകളിലും റിയാലിറ്റി ഷോകളിലും പങ്കെടുത്തു. സിനിമയിൽ നിന്നു സീരിയലിലേക്ക് എത്തിയ ആദ്യകാല നായികമാരിൽ ഒരാളാണ് ശാന്തികൃഷ്ണ എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ അവർ കൊച്ചിയിൽ സ്വന്തമായി വീട് വാങ്ങി ‘ശ്രീകൃഷ്ണം’ എന്ന പേരിട്ടത് ആരാധകർക്ക് വലിയ സന്തോഷമായിരുന്നു. സിനിമയോടുള്ള സ്നേഹവും ജീവിതത്തോടുള്ള സമാധാനപരമായ സമീപനവും ഇന്നും അവരെ വ്യത്യസ്തയാക്കുന്നു.

ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ് ശാന്തി കൃഷ്ണ എന്ന നടിയുടെ ജീവിതവും, അഭിനയ യാത്രയും. തളർച്ചകളിലും, വീഴ്ചകളിലും പതറാതെ ഏറ്റവും മനോഹരമായി അവർ ഉയർത്തെഴുന്നേറ്റു വന്നത് സ്ത്രീ സമൂഹത്തിനും മാതൃകയാണ്. ഇനിയും മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകാൻ ശാന്തി കൃഷ്ണയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ച് കൊണ്ട് , ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.