“ഗ്രാമക്കാഴ്ചകളുടെ സെല്ലുലോയ്ഡ് മാന്ത്രികൻ”; സത്യൻ അന്തിക്കാടിന് ജന്മദിനാശംസകൾ

','

' ); } ?>

ആഘോഷങ്ങളില്ലാതെ, ആർഭാടങ്ങളില്ലാതെ, ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അസാധാരണത സത്യൻ അന്തിക്കാടിനോളം പകർന്നു വെച്ച മറ്റൊരു സംവിധായകനുണ്ടാവില്ല. ജീവിതത്തെ അതിന്റെ എല്ലാ ലാളിത്യത്തോടെയും സത്യസന്ധതയോടെയും തിരശ്ശീലയിലേക്ക് പകർത്തിയ സംവിധായകൻ. മലയാളികൾ ചിരിയിലൂടെയും കണ്ണീരിലൂടെയും, ചിന്തയിലൂടെയും ആത്മബന്ധങ്ങളിലൂടെയും സിനിമയെ അനുഭവിക്കാൻ പഠിച്ചത് വലിയൊരു അളവിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ്. “ഗ്രാമപടമെന്ന്” പുതു തലമുറ ട്രോളുമെങ്കിലും ഒരു കാലഘട്ടത്തിന്റെ അടയാളം പോലെ അദ്ദേഹത്തിന്റെ സിനിമകൾ കാലാന്തരങ്ങൾക്കപ്പുറത്തും മനോഹരമായി നില നിൽക്കും. ഗ്രാമീണ കാഴ്ചകളിലേക്ക് ഊളിയിടുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളത്രയും ശക്തമായ രാഷ്ട്രീയം സംസാരിച്ചിരുന്നു. ദാരിദ്ര്യവും, തൊഴിലില്ലായ്മയും, പ്രണയവും, വഞ്ചനയും, തീക്ഷ്ണമായി തന്നെ അയാളുടെ കഥാപാത്രങ്ങൾ സംസാരിച്ചു. ബന്ധങ്ങളുടെ വേരറ്റു പോകുന്ന കാലഘട്ടത്തിലും “കുടുംബ ബന്ധങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സിനിമകൾ മാത്രം മലയാളിക്ക് സമ്മാനിച്ച” മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് ഇന്ന് ജന്മദിനമാണ്. മലയാളത്തിന്റെ എവർഗ്രീൻ സംവിധായകന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1954 നവംബർ 3-ന് തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ എം.വി. കൃഷ്ണന്റെയും എം.വി. കല്യാണിയുടെയും മകനായി ജനിച്ച സത്യൻ അന്തിക്കാട്, തന്റെ നാടിന്റെ മണവും മനുഷ്യരുടെ ഭാഷയും ജീവിതവും ഒരിക്കലും മറന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും നഗരജീവിതത്തിന്റെ വൈരുധ്യങ്ങളും ഒരുപോലെ അറിയുന്ന ഒരാളായി അദ്ദേഹം വളർന്നു. അതായിരിക്കാം പിന്നീട് അദ്ദേഹത്തിന്റെ സിനിമകൾക്ക് ആഴവും ആത്മാവും നൽകിയത്. 1975-ൽ സംവിധായകൻ ഡോ. ബാലകൃഷ്ണന്റെ അസിസ്റ്റന്റായി സിനിമാരംഗത്തെത്തിയ സത്യൻ, പിന്നീട് പി. ചന്ദ്രകുമാറിന്റെ കീഴിൽ ഇരുപതിലധികം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹരിഹരൻ, ജേസി തുടങ്ങിയ സംവിധായകരോടൊപ്പമുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിന് സിനിമയുടെ വിവിധ മുഖങ്ങൾ അടുത്തറിയാൻ അവസരം നൽകി.

1981-ൽ ‘ചമയം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, ആ ചിത്രം റിലീസ് ചെയ്യപ്പെടാതിരുന്നത് സത്യന്റെ ആത്മവിശ്വാസം കെടുത്തിയില്ല. 1982-ൽ പുറത്തിറങ്ങിയ ‘കുറുക്കന്റെ കല്യാണം’ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ ആദ്യ ചിത്രം. സുകുമാരൻ, ജഗതി, മാധവി, മോഹൻലാൽ എന്നിവരെ ഉൾപ്പെടുത്തി ഒരുക്കിയ ഈ ചിത്രം നേടിയ വിജയം, സത്യൻ അന്തിക്കാടിനെ തിരക്കുള്ള സംവിധായകരുടെ നിരയിലേക്ക് ഉയർത്തി. അതിനുശേഷം വന്ന ‘കിന്നാരം, മണ്ടന്മാർ ലണ്ടനിൽ, വെറുതെ ഒരു പിണക്കം, അപ്പുണ്ണി, കളിയിൽ അല്പം കാര്യം’ തുടങ്ങിയ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ശൈലി വ്യക്തമായി രേഖപ്പെടുത്തുന്നവയായിരുന്നു. നർമ്മവും മനുഷ്യബന്ധങ്ങളും കൂട്ടിച്ചേർത്ത് കഥ പറയുന്ന ഒരു സംവിധായകനെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും ഫലപ്രദമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ട്. 1986-ൽ ‘ടി.പി. ബാലഗോപാലൻ എം.എ.’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് പിറന്നത്. സാധാരണ മനുഷ്യന്റെ ജീവിതസമസ്യകൾ, സാമൂഹിക വൈരുധ്യങ്ങൾ, രാഷ്ട്രീയ പരിഹാസങ്ങൾ എന്നിവയെ നർമ്മത്തിലൂടെ അവതരിപ്പിച്ച ഈ ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതിയ ദിശ നൽകി.
അതിനുശേഷം ‘സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, അർത്ഥം, സന്ദേശം’ തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ഈ സിനിമകൾ വെറും വിനോദമല്ലായിരുന്നു അവ മലയാള സമൂഹത്തോട് സംസാരിക്കുന്ന, ചോദ്യങ്ങൾ ഉന്നയിക്കുന്ന, ചിന്തിപ്പിക്കുന്ന കലാസൃഷ്ടികളായിരുന്നു.

“ബന്ധങ്ങൾക്ക് സിനിമയിൽ പ്രസക്തിയുണ്ടോ?” എന്ന ചോദ്യം പലപ്പോഴും ഉയർന്നുവന്നിട്ടുള്ള കാലഘട്ടത്തിലാണ് സത്യൻ അന്തിക്കാട് ബന്ധങ്ങളെ തന്റെ സിനിമകളുടെ കേന്ദ്രബിന്ദുവാക്കിയത്. കുടുംബബന്ധങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ, ഗ്രാമീണ ബന്ധങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ ജീവനുള്ള കഥാപാത്രങ്ങളായി മാറി. ‘ഒരേ റൂട്ടിലോടുന്ന വണ്ടി’ എന്നാണ് ചില വിമർശകർ അദ്ദേഹത്തെ പരിഹസിച്ചത്. അതിന് സത്യൻ നൽകിയ മറുപടി പ്രശസ്തമാണ്: “ആ റൂട്ടിൽ ഓടിക്കാനാണ് എനിക്ക് ഇഷ്ടം.” ആ വാക്കുകളിൽ അദ്ദേഹത്തിന്റെ സിനിമാ ദർശനത്തിന്റെ സാരാംശമുണ്ട്. കുടുംബചിത്രങ്ങൾ മാത്രമെടുത്താലും, ഓരോ സിനിമയിലും പുതിയൊരു സന്ദേശം പകരാൻ അദ്ദേഹം ശ്രദ്ധിച്ചു.

ഇന്നസെന്റ്, നെടുമുടി വേണു, ശ്രീനിവാസൻ, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ശങ്കരാടി, തിലകൻ തുടങ്ങിയ അഭിനേതാക്കൾ സത്യൻ അന്തിക്കാട് സിനിമകളുടെ ആത്മാവായി മാറി. ഇവരെ അദ്ദേഹം ഒരിക്കലും “ഉപകരണങ്ങൾ” ആയി കണ്ടില്ല. മറിച്ച്, സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അദ്ദേഹം അവരോട് പെരുമാറി. ശങ്കരാടിയായിരുന്നു ഈ സിനിമാ കുടുംബത്തിലെ കാരണവർ. നാടോടിക്കാറ്റിലെ കാരണവരും സന്ദേശത്തിലെ താത്ത്വികാചാര്യനുമെല്ലാം ശങ്കരാടിക്കല്ലാതെ മറ്റാർക്കും അനശ്വരമാക്കാനാവില്ലെന്ന തിരിച്ചറിവ് സത്യന് ഉണ്ടായിരുന്നു. ഓരോ സിനിമ കഴിഞ്ഞും പിരിയുമ്പോൾ അടുത്ത സിനിമയെക്കുറിച്ച് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുമായിരുന്നു എന്ന് കെ.പി.എ.സി. ലളിത ഒരിക്കൽ ഓർമ്മിപ്പിച്ചിട്ടുണ്ട്.

നെടുമുടി വേണുവുമായി ഉണ്ടായ ഇടക്കാല പിണക്കങ്ങളും, വർഷങ്ങൾക്ക് ശേഷം ഒരു ചിരിയിലൂടെ അത് മാറിയ കഥയും, സത്യന്റെ സൗമ്യതയും മനുഷ്യബന്ധങ്ങളോടുള്ള ബഹുമാനവും വ്യക്തമാക്കുന്ന ഉദാഹരണമാണ്. “ജീവപര്യന്തം പോലും 12 വർഷമേയുള്ളൂ” എന്ന വേണുവിന്റെ വാക്കുകൾക്ക് സത്യൻ പൊട്ടിച്ചിരിച്ച് മറുപടി നൽകിയ ആ നിമിഷം, സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

മോഹൻലാലും ജയറാമും സത്യൻ അന്തിക്കാട് സിനിമകളിൽ ഏറ്റവും കൂടുതൽ നായകവേഷങ്ങളിൽ എത്തി. ‘നാടോടിക്കാറ്റ് മുതൽ വരവേൽപ്പ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും വരെ’ മോഹൻലാലിനൊപ്പം സത്യൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ജയറാമിനൊപ്പം ‘മഴവിൽക്കാവടി, തലയണമന്ത്രം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ’ തുടങ്ങിയ സിനിമകൾ ഒരു കാലഘട്ടത്തിന്റെ പ്രതീകങ്ങളായി.

പിന്നീട് ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയ പുതിയ തലമുറയോടൊപ്പം പ്രവർത്തിച്ചപ്പോൾ പോലും, സത്യൻ അന്തിക്കാട് തന്റെ ശൈലി ഉപേക്ഷിച്ചില്ല. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണങ്ങളാണ്. സംവിധാനത്തിനുപുറമേ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നീ മേഖലകളിലും സത്യൻ അന്തിക്കാട് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‘കുറുക്കന്റെ കല്യാണം, മണ്ടന്മാർ ലണ്ടനിൽ, തൂവൽകൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റിയവയാണ്. അൻപതിലധികം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയുടെ തെളിവാണ്.

അദ്ദേഹത്തിന്റെ അമ്പതാമത്തെ ചിത്രം ‘കഥ തുടരുന്നു’ ആയിരുന്നു. പിന്നീട് ‘മകൾ (2022), ഹൃദയപൂർവ്വം (2025) പോലുള്ള സിനിമകളിലൂടെ അദ്ദേഹം ഇന്നും സജീവമാണ്. കാലം മാറിയാലും, സാങ്കേതികത മാറിയാലും, മനുഷ്യബന്ധങ്ങളുടെ പ്രാധാന്യം മാറില്ല എന്ന വിശ്വാസത്തിലാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, മലയാളികൾ ഓർക്കുന്നത് ഒരു സംവിധായകനെ മാത്രമല്ല; സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം പോലെ സിനിമയെ അനുഭവിപ്പിച്ച ഒരു മനുഷ്യനെയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും, കണ്ണീരിലൂടെ കരുത്ത് നൽകിയും, ജീവിതം സുന്ദരമാണെന്ന് ഓർമ്മിപ്പിച്ചും സത്യൻ അന്തിക്കാട് ഇന്നും മലയാള സിനിമയുടെ ഹൃദയത്തിൽ ജീവിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിരന്ജ ജന്മദിനാശംസകൾ.