
“പച്ച പനം തത്തേ.. പുന്നാര പൂമുത്തെ… പുന്നെല്ലിൻ പൂങ്കരളേ”. മലയാള തനിമയോടേറ്റവും ചേർന്ന് നിൽക്കുന്നൊരു ഗാനം. ആ ഗാനത്തിനതിലും മനോഹരമായി ചേർന്നാടിയൊരു നാടൻ പെൺകുട്ടി. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയും, നായികയുടെ പ്രകടനവും മലയാളികൾ ഏറ്റെടുത്തു. 2004-ൽ ലാൽ ജോസിൻ്റെ ‘രസികൻ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറിയ അതേ പെൺകുട്ടി. ഗ്ലാമർ വേഷങ്ങളോട് മുഖം തിരിഞ്ഞു നിന്ന, നായികാ പ്രാധാന്യമുളള കഥാപാത്രങ്ങളോട് ശാഠ്യം പിടിക്കാത്ത നിഷ്കളങ്കമായ അഭിനയത്രി. മലയാളത്തിന്റെ ഭാഗ്യ നായികയെന്ന് പിൽക്കാലത്ത് സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ സമ്മതിച്ച ‘സംവൃത സുനിൽ’. ചേർന്ന് നിന്ന ഓരോ നായകനോടും അസാധ്യമായ കെമിസ്ട്രി വർക്ഔട്ട് ആക്കിയ നായിക. സിനിമയുടെ വെള്ളിവെളിച്ചത്തിൽ വെറും 8 വർഷക്കാലം കൊണ്ട് അവർ നേടിയെടുത്ത ആരാധക വൃന്ദം ഇന്നും എത്രയോ നടിമാർക്ക് സ്വപ്നമാണ്. ഇന്ന് ജന്മദിനമാഘോഷിക്കുന്ന സംവൃതക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
ദിലീപിനും, മോഹൻലാലിനും, പൃഥ്വിരാജിനും, ഉണ്ണിമുകുന്ദനും, ഫഹദിന് വരെ സംവൃത നായികയായി. തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങൾക്കും തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ മുഖസാദൃശം കൊണ്ട് വരുന്നതിൽ സംവൃത മറ്റാരേക്കാളും നന്നായി വിജയിച്ചിട്ടുണ്ട്. 1984 ഒക്ടോബർ 31-ന് കണ്ണൂരിലാണ് സംവൃതയുടെ ജനനം. ബാല്യകാലം മുതൽ തന്നെ കലാപ്രതിഭയും ആത്മവിശ്വാസവും നിറഞ്ഞ കുട്ടിയായിരുന്നു സംവൃത. കണ്ണൂരിലെ സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂളിലാണ് സംവൃത പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് പരസ്യവിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനത്തോടൊപ്പം കലാപ്രതിഭ വളർത്തിയെടുത്ത ആ ബാലിക, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയ താരമായിത്തീർന്നു. സഹോദരി സഞ്ജുക്ത സുനിൽ സംഗീതരംഗവുമായി മുന്നോട്ട് പോയി. സ്പാനിഷ് മസാല എന്ന സിനിമയുടെ ശബ്ദ റെക്കോർഡിംഗ് സഞ്ജുക്തയായിരുന്നു നിർവഹിച്ചിരുന്നത്.
സംവൃതയുടെ സിനിമാ ജീവിതം ആരംഭിച്ചത് 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ്. ദിലീപിനൊപ്പം നായികയായി എത്തി സംവൃത മലയാള സിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. പ്രഥമ ചിത്രമായിട്ടും അവളുടെ പ്രകടനം ശ്രദ്ധേയമായി. ആ ചിത്രത്തിലെ തങ്കി എന്ന കഥാപാത്രത്തിലൂടെ അവൾ കഥാപാത്രത്തിന്റെ ഭാവനയുടെ ആഴം പ്രകടിപ്പിച്ചു, അത് തന്നെയാണ് തുടർചിത്രങ്ങളിലേക്ക് തന്നെ നയിക്കാൻ സംവൃത നൽകിയ ഉറപ്പും.
പിന്നീട് അച്ഛനുറങ്ങാത്ത വീട്, അറബിക്കഥ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലും മുഖ്യ വേഷങ്ങളിൽ എത്തി. ജീവിതം, സ്വപ്നം, സ്നേഹം, സമൂഹം എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളിൽ സംവൃതയുടെ കഥാപാത്രങ്ങൾ എപ്പോഴും മികച്ചു നിന്നു. സംവൃതയുടെ വേഷങ്ങൾ, തികഞ്ഞ ആന്തരികതയും സൗമ്യതയും നിറഞ്ഞവയായിരുന്നു. ചന്ദ്രോൽസവം (2005) എന്ന ചിത്രത്തിലെ മാളവിക, വാസ്തവം (2006) ലെ സുരഭി, അറബിക്കഥയിലെ മായ, മിന്നാമിന്നിക്കൂട്ടത്തിലെ മുംതാസ്, തിരക്കഥയിലെ ദേവയാനി, ബൂമി മലയാളത്തിലെ നിർമ്മല തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ഏറ്റവും ശക്തമായി ഇന്നും പ്രേക്ഷകർക്കിടയിൽ ജീവിക്കുന്നുണ്ട്.
2007-ലെ ചോക്ലേറ്റ് എന്ന സിനിമയിൽ സംവൃതയുടെ കഥാപാത്രം ആ കാലഘട്ടത്തിലെ യുവത്വത്തിന്റെ പ്രതിനിധിയായി. രസകരമായ ക്യാമ്പസ് പശ്ചാത്തലത്തിൽ അഭിനയിച്ചെങ്കിലും, അവളുടെ പ്രകടനം സാധാരണമായ ഗ്ലാമർ വേഷമല്ലായിരുന്നു. അത് തികച്ചും ഒരു ജീവിതാനുഭവംപോലെ തോന്നിപ്പിച്ചു. ഡയമണ്ട് നെക്ലേസ് (2012) എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം അവതരിപ്പിച്ച മായ എന്ന കഥാപാത്രം സംവൃതയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നായി മാറി. ഡോക്ടറുടെ ജീവിതത്തിലൂടെ മൂല്യബോധങ്ങളെയും ബന്ധങ്ങളെയും കുറിച്ചുള്ള ആ സിനിമ സംവൃതയുടെ പ്രകടനശക്തി തെളിയിച്ചു.
‘അയാളും ഞാനും തമ്മിൽ’ (2012) എന്ന ചിത്രത്തിലെ ‘അഴലിന്റെ അഴങ്ങളിൽ’ എന്ന ഗാനത്തെക്കുറിച്ചുള്ള സംവൃതയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ഔസേപ്പച്ചൻ സംഗീതമൊരുക്കിയ ഈ ഗാനം തലമുറവ്യത്യാസമില്ലാതെ ഇന്നും ആസ്വദിക്കപ്പെടുന്ന ഒന്നാണ്. ഇന്നും സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ മായാതെ കിടക്കുന്ന സിനിമയും ഗാനരംഗങ്ങളുമാണത്. ‘ആ പാട്ട് അക്ഷരാർഥത്തിൽ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിന് മുമ്പുള്ള എന്റെ അവസാന അസൈൻമെൻ്റായിരുന്നു.’ അവർ പറയുന്നു. പിന്മാറാനുള്ള തീരുമാനം ഷൂട്ടിനെ കൂടുതൽ തീവ്രമാക്കിയത് എങ്ങനെയെന്നും അവർ ഓർത്തെടുത്തു. പ്രേക്ഷകർ സ്ക്രീനിൽ കണ്ടത് വെറും പ്രകടനമല്ല, മറിച്ച് തൻ്റെ സ്വന്തം വികാരങ്ങളിലൂടെ കടന്നുപോയതായിരുന്നു എന്നാണ് അവർ പറയുന്നത്. പാട്ടിൽ, പല രംഗങ്ങളിലും ഞാൻ കരയുകയായിരുന്നു. സ്ക്രീനിൽ കരയുമ്പോൾ യഥാർഥത്തിൽ ഉള്ളിലും കരയുകയായിരുന്നെന്നും അവർ വെളിപ്പെടുത്തി. പൃഥ്വിരാജ്, സംവൃത എന്നിവർക്കൊപ്പം നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി എന്നിവരും അഭിനയിച്ച അയാളും ഞാനും തമ്മിൽ, പ്രണയത്തിൻ്റേയും സൗഹൃദത്തിൻ്റെയും വലിയതോതിൽ വിരഹത്തിന്റെയും കഥപറഞ സിനിമയാണ്.
മലയാളം മാത്രമല്ല, തമിഴിലും തെലുങ്കിലും സംവൃത ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ശ്രീകാന്തിനൊപ്പം നായികയായി അഭിനയിച്ച ഉയിർ എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം. അതിനുശേഷം എവദൈതെ നാകെന്തി എന്ന സിനിമയിലൂടെ അവൾ തെലുങ്ക് പ്രേക്ഷകർക്കും പരിചിതയായി. ഭാഷകളെ അതിജീവിച്ച്, അഭിനയം ഒരേ ആവേശത്തോടെയാണ് സംവൃത കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ വ്യത്യസ്ത സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ അവൾ ആത്മാർത്ഥമായി അവതരിപ്പിച്ചു.
2012 നവംബർ 1-ന് കണ്ണൂരിൽ സംവൃത യുഎസിലെ എഞ്ചിനീയറായ അഖിൽ ജയരാജിനെ വിവാഹം ചെയ്തു. കുടുംബജീവിതത്തിലേക്ക് മാറിയ ശേഷം അവർക്ക് അഗസ്ത്യയും രുദ്രയും എന്ന രണ്ടു മക്കളുണ്ട്. വിവാഹശേഷം സംവൃത സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. ആ ഇടവേളയിൽ അവൾ തന്റെ വ്യക്തിജീവിതത്തിൽ പൂർണമായും ശ്രദ്ധിച്ചു.2018-ൽ മഴവിൽ മനോരമയിലെ നായിക നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സംവൃത വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തിയിരിക്കുന്നത്. ആ ഷോയിൽ ജഡ്ജിയായി എത്തിയ അവളുടെ നിഷ്പക്ഷമായ വിലയിരുത്തലും, സൗമ്യതയും പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന്, ടോപ് സിംഗർ സീസൺ 2 (2022)യും മ്യൂസിക്കൽ വൈഫ് (2024) പോലുള്ള പരിപാടികളിൽ അവൾ ജഡ്ജിയായി പ്രവർത്തിച്ചു. ഇതിലൂടെ അവളുടെ കലാസാന്നിധ്യം സിനിമയ്ക്കപ്പുറത്തേക്കും വ്യാപിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2018-ൽ സംവൃത വീണ്ടും സിനിമയിലേക്കു മടങ്ങി. സംവൃത സുനിൽ അവസാനമായി അഭിനയിച്ചത് ബിജു മേനോൻ നായകനായ ‘സത്യം പറഞ്ഞ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത് 2019-ൽ ഈ ചിത്രം പുറത്തിറങ്ങി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
സംവൃത സുനിൽ തന്റെ കരിയറിൽ നിരവധി അവാർഡുകൾക്കും നാമനിർദ്ദേശങ്ങൾക്കും അർഹയായി. മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഉൾപ്പെടെ, നിരവധി ഫിലിംഫെയർ നാമനിർദ്ദേശങ്ങൾ അവൾ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ളതും മികച്ച നടിക്കുള്ളതുമായ വിഭാഗങ്ങളിൽ അവളുടെ പേര് പലവട്ടം പ്രത്യക്ഷപ്പെട്ടു. 2012-ൽ അവൾ മലയാളത്തിലെ ടോപ്പ് സ്റ്റാർ (ഫീമെയിൽ) ആയി തിരഞ്ഞെടുത്തതും അവളുടെ ജനപ്രിയതയുടെ തെളിവാണ്.
ആ സ്വാഭാവികത തന്നെയാണ് സംവൃതയുടെ യഥാർത്ഥ മികവ്. നവ്യ നായർ നായികയായെത്തിയ നന്ദനത്തിൽ താനായിരുന്നു ആദ്യം നായികയാകേണ്ടിയിരുന്നതെന്ന് സംവൃത ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ സമയത്ത് താൻ പത്താം ക്ലാസില് പഠിക്കുകയായിരുന്നെന്നും അത് കൊണ്ട് തന്നെ വീട്ടുകാര് ആ സമയത്ത് സിനിമയില് അഭിനയിക്കാന് പോകാന് സമ്മതിച്ചില്ല എന്നുമായിരുന്നു താരം പറഞ്ഞത്. ഡയമണ്ട് നെക്ലേസിലെ വേഷമാണ് താൻ അഭിനയിച്ചതിൽ ഏറ്റവും മികച്ചതെന്ന് സംവൃത പറഞ്ഞിരുന്നു. തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണിതെന്നും സംവൃത പറഞ്ഞിരുന്നു. ചിത്രത്തിൽ അഭിനയിച്ച സമയത്ത് ഫഹദ് തനിക്കൊരുപാട് പ്രോത്സാഹനം നൽകിയതായും സംവൃത പറഞ്ഞിരുന്നു.
സംവൃതയുടെ അഭിനയത്തിൽ എപ്പോഴും ഒരു ശാന്തതയുണ്ടായിരുന്നു, അത് കഥാപാത്രങ്ങളെ യാഥാർത്ഥ്യത്തിൽ നിന്ന് പറിച്ചെടുത്തതുപോലെ തോന്നിപ്പിക്കും. വളരെ ചെറിയ കാലയളവിനുള്ളിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കാൻ വന്നൊരു വിരുന്നു കാരിയെപോലെ അവർ കടന്നു വരികയും, യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അതിനിടയിൽ അവർ മനോഹരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങൾ, ദിലീപ് മുതൽ ഉണ്ണി മുകുന്ദൻ വരെ അവരനശ്വരമാക്കിയ ജോഡി പൊരുത്തം. മലയാള സിനിമയുടെ നായികമാരുടെ പേരെടുത്ത് പറയാൻ പറഞ്ഞാൽ മലയാളികളെന്നും അതെ ഇഷ്ടത്തോടെ ചേർത്തുവെക്കുമെന്നുറപ്പുള്ള നായിക. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.