“കണ്ണന്റെ ബാലാമണി”… മലയാളത്തിന്റെ നവ്യ നായർക്ക് ജന്മദിനാശംസകൾ

','

' ); } ?>

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അർഹിച്ച വിജയം ലഭിച്ചില്ലെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി കരഞ്ഞ ഒരു 16 കാരി. പിന്നീട് മലയാള സിനിമയുടെ മുൻ നിര നായികയായി മാറിയ കഥ. ആ പെൺകുട്ടി കരയുന്നത് പിന്നെയും നമ്മൾ കണ്ടു. കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ…. പാടി ഉറക്കെ കരഞ്ഞ ബാലാമണിയുടെ രൂപത്തിൽ, രാമൻ കുട്ടിയെ ഹൃദയം കൊണ്ട് സ്നേഹിച്ച ഗൗരിയുടെ രൂപത്തിൽ, മുഖം പോലും കാണാതെ ചന്തുവിനെ സ്നേഹിച്ച വസുമതിയുടെ രൂപത്തിൽ. കരയുകയാണെങ്കിൽ ബാലാമണിയെപോലെ കരയണമെന്നൊക്കെ പിൽക്കാലത്ത് കളിയാക്കലുകൾ കേട്ടിട്ടുണ്ടെങ്കിലും “നന്ദനത്തിലെ” ആ കഥാപാത്രത്തെ അത്രയ്ക്ക് മനോഹരമാക്കിയ ആ പെൺകുട്ടി ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ്. മലയാളികളുടെ സ്വന്തം നവ്യ നായർ. ഇന്ന് നവ്യക്ക് ജന്മദിനമാണ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ഭാഷാ ഭേദമന്യേ അഭിനയത്തിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് മുൻ തൂക്കം കൊടുക്കാൻ നവ്യ എന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.
ധന്യ വീണ എന്ന പേരിൽ നവ്യയിലേക്ക് മാറുന്നത് ആദ്യം ചിത്രം ‘ഇഷ്ടത്തിന്’ ശേഷമാണ്. ദിലീപിനൊപ്പമുള്ള അരങ്ങേറ്റ ചിത്രം ഇന്നും പ്രേക്ഷകർ ആഘോഷമാക്കുന്ന ചിത്രങ്ങളിലൊന്നാണ്. ദിലീപ് കാവ്യാ, ദിലീപ് മഞ്ജു വാരിയർ പോലെ തന്നെ പ്രേക്ഷകർക്കൊരുപാടിഷ്ടമുള്ള ജോഡിയായിരുന്നു ദിലീപ് നവ്യ. “ഇഷ്ടം, പാണ്ടിപ്പട, പട്ടണത്തിൽ സുന്ദരൻ, കല്യാണ രാമൻ, മഴതുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, ഗ്രാമഫോൺ” എന്നീ ചിത്രങ്ങളൊക്കെയും ഇരുവരും അനശ്വരമാക്കിയ ചിത്രങ്ങളാണ്.

50ലേറെ സിനിമകളില്‍ നായികാ വേഷം. പലതും സൂപ്പര്‍ഹിറ്റുകള്‍. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, തെന്നിന്ത്യയിലെ എല്ലാ ഭാഷാ സിനിമകളിലും നായികയായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി. നിലവില്‍ കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നര്‍ത്തകി എന്ന നിലയില്‍ എസ്റ്റാബ്ലിഷ് ചെയ്തു. സ്‌റ്റേജ് ഷോകളിലുടെ ജനങ്ങളുടെ സ്‌നേഹം നേരിട്ട് അനുഭവിക്കുന്നു. മാതംഗി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു. തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നവ്യ സ്വന്തമാക്കിയ നേട്ടങ്ങളാണിത്.

2002-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി. മലയാളത്തിൽ പ്രധാനമായും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം നവ്യ അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റം. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് ആയിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ച ‘മണിമേഖല’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ടി വി ചന്ദ്രൻ സിനിമ ഒരുക്കിയത്. ആദ്യ രണ്ട് തവണ 2002-ൽ നന്ദനത്തിനും 2005-ൽ സൈറയ്ക്കും ശേഷം മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു. അവരുടെ കന്നഡ അരങ്ങേറ്റ ചിത്രം ഗജയിൽ , നടൻ ദർശനൊപ്പം അവർ സ്‌ക്രീൻ പങ്കിട്ടു. നം യജമാനരു, ബോസ് തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾ നവ്യക്ക് ലഭിച്ചു.

നയൻതാരയെ പകരം കൊണ്ടുവരുന്നതിന് മുമ്പ് അയ്യ എന്ന ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് നവ്യയെ ആയിരുന്നു. വിവാഹശേഷം അവർ തന്റെ മുഴുവൻ സമയ അഭിനയ ജീവിതം നിർത്തി. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ അവർ സിനിമയിലേക്ക് മടങ്ങിയെത്തി. ഏകദേശം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ദൃശ്യ ചെയ്തു.

വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാൻസ് ഡാൻസിൽ വിധികർത്താവായ അവർ ഭർത്താക്കന്മാരുടെ ശ്രദ്ധക്ക് എന്ന ഏഷ്യാനെറ്റിലെ മറ്റൊരു റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സൺഫീസ്റ്റ് ഡെലിഷസ് സ്റ്റാർ സിംഗർ സീസൺ 7-ലും അവർ വിധികർത്താവായി. അതേ ചാനലിലെ ബഡായി ബംഗ്ലാവിലും അവർ അതിഥിയായി പങ്കെടുത്തു. 2016-ൽ, സൂര്യ ടിവിയിലെ ഒരു കോമഡി റിയാലിറ്റി ഷോയായ ലാഫിംഗ് വില്ലയുടെ അവതാരകയായി. അടുത്തിടെ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ്, ഫ്ലവേഴ്സ് ടി.വി.യിലെ സ്റ്റാർ മാജിക്ക് തുടങ്ങിയ ഷോകളിലും നവ്യ അതിഥിയായെത്തി. സൗബിൻ ഷാഹിറിനൊപ്പമുളള “പാതിരാത്രിയാണ്” നവ്യയുടെ ഏറ്റവും പുതിയ ചിത്രം. ഒരിടവേളയയ്ക്ക് ശേഷം നവ്യ പോലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് “റത്തീനായാണ്”. ചിത്രം പ്രദർശനത്തിനൊരുങ്ങി നിൽക്കുകയാണ്.

2010 ലായിരുന്നു സന്തോഷ് മേനോനുമായുള്ള നവ്യയുടെ വിവാഹം. ഭാര്യയുടെ എല്ലാ ഉയർച്ചക്കും ഒപ്പം നിൽക്കുന്ന ആളായിരുന്നു സന്തോഷ് മേനോൻ. വിവാഹത്തിന് ശേഷം നവ്യ സിനിമാ മേഖലയിൽ നിന്നും ചെറിയ ഇടവേളയുമെടുത്തിരുന്നു. അതിന് പിന്നാലെ തിരിച്ചുവരവ് മിനിസ്ക്രീൻ ഷോയിലൂടെയായിരുന്നു. പിന്നീട് ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ്. ഒരു മകനാണ് നവ്യക്കുള്ളത്. സായി കൃഷ്ണ. കുടുംബജീവിതവും പ്രൊഫഷണൽ ലൈഫും എങ്ങനെയാണ് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം കൂടി ആണ് നവ്യയുടെ ജീവിതം.

വീണ്ടും അഭിനയത്തിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അവർ സ്ക്രീനിലേക്ക് തിരികെയെത്തിയപ്പോഴും ആവേശമൊട്ടും ചോരാതെയാണ് പ്രേക്ഷകർ താരത്തെ വരവേറ്റത്. ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഇനിയും നവ്യക്ക് സാധിക്കട്ടെ. മലയാളത്തിന്റെ ബാലാമണിക്ക് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.