
ഒരു സാധാരണ അഭിഭാഷകൻ അഭിനയമോഹം കൊണ്ട് മാത്രം സിനിമാലോകം വെട്ടിപിടിച്ച കഥ മുത്തശ്ശി കഥയെക്കാൾ മനോഹരമാണ്. സിനിമയുടെ യൂണിവേഴ്സിറ്റി എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ സിനിമയുടെ മഹാ നടൻ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി. മലയാളത്തിന്റെ സ്വന്തം ഇച്ചാക്ക. താനിന്നും തുടക്കത്തിൽ തന്നെയാണെന്നും, തനിപ്പോഴും അവസരങ്ങൾ ചോദിച്ചു വാങ്ങാറുണ്ടെന്നും, സിനിമയ്ക്കല്ല തനിക്കാണ് സിനിമയെ ആവശ്യമെന്നും ഉത്തമ ബോധ്യമുള്ള മമ്മൂക്ക. ഒരു നാലു തലമുറയുടെ വികാരമായി നിലകൊള്ളുന്ന മനുഷ്യൻ. തിരശീലയ്ക്ക് പിന്നിൽ ആ മഹാ നടൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഒന്ന് മാത്രം മതി മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഏറ്റവും വലിയ അടയാള പെടുത്തലിന്. മലയാളത്തിന്റെ മഹാനാടൻ സ്വന്തം മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലെ സാധാരണ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ എന്ന “മമ്മൂട്ടി” ഈ മഹാനടന്റെ ജീവിതവും കരിയറും, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ്.
മമ്മൂട്ടിയുടെ ബാല്യകാലം കോട്ടയം ജില്ലയിലെ വൈക്കം സമീപമുള്ള ചെമ്പിലാണ് കഴിഞ്ഞത്. പിതാവ് ഇസ്മായിലും മാതാവ് ഫാത്തിമയും സാധാരണ ജീവിതം നയിച്ചവരായിരുന്നു. ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. പഠനകാലത്തുതന്നെ കലയും കായികവും അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രധാന സ്ഥാനമുറപ്പിച്ചു. ചെറുപ്പം മുതൽ തന്നെ വായനാശീലം, പൊതുപ്രസംഗം, കലാരംഗത്തുള്ള ആകർഷണം എന്നിവ കൊണ്ട് അദ്ദേഹം കൂട്ടുകാരിൽ നിന്ന് വേറിട്ടുനിന്നു.
തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്ന് പ്രീഡിഗ്രി, മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം, പിന്നീട് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ കീഴിൽ രണ്ടുവർഷത്തോളം അഭിഭാഷകനായി സേവനം ചെയ്തു. പക്ഷേ, ഹൃദയം നിയമവൃത്തിയിൽ ഒതുങ്ങാതെ കലാരംഗത്തേക്കാണ് തിരിഞ്ഞത്.1971-ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി. 1979-ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ദേവലോകം എന്ന ചിത്രത്തിൽ പ്രധാനവേഷം ലഭിച്ചെങ്കിലും ചിത്രം പൂർത്തിയാകാതെ പോയി. എന്നാൽ ഉടൻ തന്നെ കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള (1980) സിനിമാമേഖലയിൽ മമ്മൂട്ടിയെ ഗൗരവമായി കാണാൻ തുടങ്ങി. അതിനുശേഷം യവനിക, അഹിംസ, തൃഷ്ണ പോലെയുള്ള സിനിമകൾ അദ്ദേഹത്തെ ശക്തമായ നടനായി മാറാൻ സഹായിച്ചു. എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ രണ്ട് സൂപ്പർ താരങ്ങൾ ഉയർന്ന് വന്നു – മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും സൗഹൃദ-മത്സരമാണ് പിന്നീട് മലയാള സിനിമയുടെ വളർച്ചയ്ക്കും വ്യാപനത്തിനും വലിയൊരു ശക്തിയായത്. മമ്മൂട്ടിയുടെ കരിയറിലെ നിർണ്ണായക തിരിമറിവായ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി (1987). ഒരു പത്രപ്രവർത്തകന്റെ പ്രതികാരകഥ പറയുന്ന ഈ സിനിമയിൽ, മമ്മൂട്ടിയുടെ ശക്തമായ പ്രകടനം മലയാള സിനിമയുടെ വ്യാപാരരംഗത്തും വലിയ വിപ്ലവം സൃഷ്ടിച്ചു.
മതിലുകൾ, ഒരു വടക്കൻ വീരഗാഥ, അമരം, വിധേയൻ, പോന്തൻ മാട, കാഴ്ച, പാലേരി മാണിക്യം തുടങ്ങി അനവധി സിനിമകൾ അദ്ദേഹം തന്റെ കരിയറിലെ വ്യത്യസ്ത ഘട്ടങ്ങളിൽ അവതരിപ്പിച്ചു. നായകവേഷങ്ങൾ മാത്രമല്ല, പ്രതികൂല കഥാപാത്രങ്ങളും, ഭിന്നശേഷിയുള്ളവരുടെ വേഷങ്ങളും, ചരിത്രകഥാപാത്രങ്ങളും അദ്ദേഹത്തിന് ഒരുപോലെ പ്രിയങ്കരമായിരുന്നു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്ന് തവണ മമ്മൂട്ടി നേടിയിട്ടുണ്ട്. 1990: മതിലുകൾ, ഒരു വടക്കൻ വീരഗാഥ,1994: വിധേയൻ, പോന്തൻ മാട, 1999: ഡോ. ബി.ആർ. അംബേദ്കർ (ഇംഗ്ലീഷ് ചിത്രം) കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് അഞ്ച് തവണ, ഫിലിംഫെയർ അവാർഡ് (സൗത്ത്) 12 തവണ, 1988-ൽ പത്മശ്രീ, 2022-ൽ ആദ്യ കേരളപ്രഭ പുരസ്കാരം – എല്ലാം കൂടി മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ പ്രതാപം തെളിയിക്കുന്നു.
അഭിനേതാവെന്ന നിലയിൽ മാത്രം അല്ല, മനുഷ്യൻ എന്ന നിലയിലും സമൂഹസേവകനായും അദ്ദേഹം പ്രശംസ നേടിയിട്ടുണ്ട്. അക്ഷയ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായും, പാലിയേറ്റീവ് കെയർ പദ്ധതികളുടെ പേട്രണായും, മലയാളം കമ്മ്യൂണിക്കേഷന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
1979-ൽ സുൽഫത്തിനെ അദ്ദേഹം വിവാഹം കഴിച്ചു. മകൾ സുറുമിയും മകൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിമാനമാണ്. ഇന്ന് ദുൽഖർ സൽമാൻ മലയാളത്തിനകത്തും പുറത്തും തന്റേതായ സ്ഥാനം നേടിയ നടനാണ്.
മലയാളത്തിനു പുറത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ചെറുതല്ല.തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. തമിഴിൽ ദളപതി, അഴകൻ, മൗനം സമ്മതം പോലുള്ള ചിത്രങ്ങൾ, തെലുഗിൽ സ്വാതി കിരണം, യാത്ര തുടങ്ങിയവ, കന്നഡയിൽ ശിക്കാരി, ഹിന്ദിയിൽ ധർതി പുത്ര, സൗ ഝൂഠ് ഏക് സച്, ഇംഗ്ലീഷിൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യം തെളിയിക്കുന്ന ഉദാഹരണങ്ങളാണ്.
2009ൽ ആണ് മമ്മൂട്ടി ആദ്യമായി ബ്ലോഗ് തുടങ്ങുന്നത്. മലയാളത്തിലെ മുൻനിര നടന്മാരിൽ ബ്ലോഗിങ്ങിലേക്ക് കടന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ അദ്ദേഹം തുറന്നുപറഞ്ഞു.
തന്റെ 74-ാം വയസ്സിലും മമ്മൂട്ടി അഭിനയത്തിലൂടെ തന്റെ കാലത്തെ ചെറുപ്പക്കാരോടൊപ്പം തന്നെ മത്സരിക്കുന്നു. ഭീഷ്മ പർവം , കണ്ണൂർ സ്ക്വാഡ്, ബ്രഹ്മയുഗം പോലുള്ള പുതിയ സിനിമകളിൽ അദ്ദേഹം തെളിയിച്ച ഊർജ്ജം, മലയാള സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്കും അഭിമാനമാണ്.
മുപ്പതാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ മമ്മൂട്ടി, മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു പ്രതിച്ഛായയാണ്. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങളായി മാറി. അഭിനേതാവെന്ന നിലയിൽ മാത്രം അല്ല, സാമൂഹിക പ്രവർത്തകനായും, കുടുംബനാഥനായും, നേതാവായും, മമ്മൂട്ടി മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
ഇന്ന്, സെപ്റ്റംബർ 7, 2025 – എഴുപത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയെ ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് കഠിനാദ്ധ്വാനം, പ്രതിബദ്ധത, വിനയം, വൈവിധ്യം എന്നിവയാണെന്ന് മാത്രമാണ്. സിനിമാമേഖലയിൽ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിലും മലയാളിയുടെ അഭിമാനമായി ഉയർന്നുനിൽക്കുന്ന മമ്മൂട്ടിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.