ഇന്ത്യൻ സിനിമയുടെ ജൂനിയർ ‘മഹാ നടി’; കീർത്തി സുരേഷിന് ജന്മദിനാശംസകൾ

','

' ); } ?>

വർഷങ്ങൾക്ക് മുൻപ് ‘ഓപ്പോൾ’ എന്ന ചിത്രത്തിന് ചിത്രത്തിലെ നായിക മേനകയ്ക്ക് എല്ലാവരും നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് സാധ്യമായില്ല. അന്നൊക്കെ മേനകയുടെ ഇളയമകൾ ‘അമ്മ വിഷമിക്കണ്ട എന്നും താനൊരു നടിയായിട്ട് അമ്മയ്ക്ക് നാഷണൽ അവാർഡ് കൊണ്ട് തരുമെന്നൊക്കെ’ പറയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഏറ്റവും മനോഹരമായി, അഭിമാനമായി ആ മകളാ വാക്ക് പാലിച്ചു. 2018 ൽ മഹാനടിയെന്ന ചിത്രത്തിലൂടെ അനശ്വര നായിക സാവിത്രിയുടെ ജീവിതം അവിസ്മരണീയമാക്കിയതിലൂടെ. മേനകയുടെയും സുരേഷ് കുമാറിന്റെയും മകളെന്ന ലേബലിൽ സിനിമയിലേക്ക് കയറി വന്ന് പിന്നീട് അമ്മയെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ സിനിമയുടെ നെറുകയിൽ തന്റെ പേരെഴുതിയ കീർത്തിക്കിന്ന് ജന്മദിനമാണ്. ഇന്ത്യൻ സിനിമയുടെ ജൂനിയർ മഹാനടി ‘കീർത്തി സുരേഷിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1992 ഒക്ടോബർ 17 ന് നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായാണ് കീർത്തിയുടെ ജനനം. ബാലതാരമായാണ് കീർത്തി സിനിമയിലെത്തുന്നത്. കുബേരനെന്ന ചിത്രത്തിൽ ദിലീപിന്റെ മകളായി അരങ്ങേറി പിൽക്കാലത്ത് ‘റിങ് മാസ്റ്റർ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ തന്നെ നായികയായി ‘കീർത്തി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കുബേരന് ശേഷം ഫാഷൻ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞ കീർത്തി പിന്നീട് 2013 ൽ പുറത്തിറങ്ങിയ “ഗീതാഞ്ജലിയിലൂടെയാണ്” നായികയായി അരങ്ങേറുന്നത്. ചിത്രത്തിലൂടെ മികച്ച പുതുമുഖ താരത്തിനുള്ള സൈമ അവാർഡുൾപ്പടെ ഒന്നിലധികം അവാർഡുകൾ കീർത്തി സ്വന്തമാക്കി.

എന്നാൽ കീർത്തി ശ്രദ്ധിക്കപ്പെടുന്നത് തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയായിരുന്നു. പ്രത്യേകിച്ച് തമിഴകത്തും, തെലുങ്കിലും. അതിൽ തന്നെ ശിവ കാർത്തികേയനുമായുള്ള കോംബോ വൻ ഹിറ്റായി. “റെമോ” പോലുള്ള ചിത്രങ്ങൾ ഇങ് മലയാളികളും ഇരു കയ്യും നീട്ടി സ്വീകരിച്ചു. 2015 ൽ വിക്രം പ്രഭുവിനൊപ്പമുളള “ഇത് എന്ന മായം”ആയിരുന്നു ആദ്യ തമിഴ് ചിത്രം. പിന്നീട് കീർത്തിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
2016 കീർത്തിയുടെ ഭാഗ്യവർഷം എന്ന് തന്നെ പറയാം. “രജനി മുരുഗൻ, റെമോ, നേനു ശൈലജ,” എന്നിങ്ങനെ കൈ നിറയെ സൂപ്പർ ഹിറ്റുകൾ.
ധനുഷ്, വിജയ്, സൂര്യ, റാം പോത്തിനേനി, ദുൽഖർ, ടൊവിനോ, നാനി, പവൻ കല്യാൺ, വിക്രം, വിശാൽ എന്നിങ്ങനെ തെന്നിന്ത്യയിലെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം നായികയായി.

2018 ലെ മഹാനടിക്ക് ശേഷം കീർത്തിക്ക് വേണ്ടി കഥകളെഴുതാൻ ആളുകൾ തിരക്ക് കൂട്ടി. മഹാനടിക്ക് ശേഷം തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും താരമൂല്യം ഒട്ടും കുറയാതെ കൈ നിറയെ ചിത്രങ്ങളുമായി കീർത്തി തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുക തന്നെ ചെയ്തു. അത് കൊണ്ട് തന്നെ ഭാഗ്യ നായിക എന്നൊരു വിശേഷണം കൂടെ കീർത്തിയുടെ പേരിലുണ്ട്. മറ്റേത് താരത്തെപോലെയും ഗോസിപ്പുകളും അഭ്യൂഹങ്ങളും നിറഞ്ഞതായിരുന്നു കീർത്തിയുടെയും ജീവിതം. എന്നാൽ എവിടെയും പിടി കൊടുക്കാതെ തന്റേതായ വഴികൾ വെട്ടി തുറന്ന് ആ ഒഴുക്കിനൊപ്പം ഏറ്റവും ലളിതമായി അവർ ജീവിതം പടുത്തുയർത്തി.

15 വർഷം പാപ്പരാസികളുടെ കണ്ണിൽ തട്ടാതെ കൊണ്ട് നടന്ന പ്രണയം. 2024 ഡിസംബർ 12 ന് ഗോവയിൽ വെച്ച് പരമ്പരാഗത ഹിന്ദു, മലയാളി ക്രിസ്ത്യൻ ആചാര പ്രകാരം കീർത്തി തന്റെ ദീർഘകാല കാമുകൻ ആന്റണി തട്ടിലിനെ വിവാഹം ചെയ്തു. ആരാധകർ മാത്രമല്ല ഒരു പക്ഷെ സഹപ്രവർത്തകർ പോലും ഒന്ന് അമ്പരന്നേക്കാം. മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത ഭാഗ്യമായിരുന്നു അത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരിൽ ഒരാളാണ് കീർത്തി. 2021 ലെ ഫോർബ്സ് ഇന്ത്യയുടെ ” 30 വയസ്സിന് താഴെയുള്ളവർ ” പട്ടികയിൽ കീർത്തി ഇടം നേടുകയുണ്ടായി. 2020 ലും 2021 ലും ദക്ഷിണേന്ത്യൻ നടിയെക്കുറിച്ച് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ടത് കീർത്തിയായിരുന്നു. ഹൈദരാബാദ് ടൈംസിന്റെ 30 ഏറ്റവും അഭിലഷണീയമായ സ്ത്രീ പട്ടികയിൽ കീർത്തി പലപ്പോഴും ഇടം നേടിയിട്ടുണ്ട് . 2018 ൽ 21-ാം സ്ഥാനത്തും 2019 ൽ 20-ാം സ്ഥാനത്തും 2020 ൽ 26-ാം സ്ഥാനത്തും അവർ സ്ഥാനം നേടി. ജോസ് ആലുക്കാസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഒരു സെലിബ്രിറ്റി എൻഡോഴ്‌സർ കൂടിയാണ് കീർത്തി. തെന്നിന്ത്യയുടെ താരസുന്ദരി മഹാനടിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.