
“ഇനി മുതൽ എന്നെ ഉലക നായകനെന്ന് വിളിക്കരുത്. ‘ഏതു വ്യക്തിക്കും മീതെയാണ് സിനിമ എന്ന കല. കലാരൂപത്തിന്‍റെ ഒരു വിദ്യാർഥി മാത്രമാണ് ഞാന്‍.” തന്റെ സ്ഥാനപ്പേരുകൾ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് നടൻ കമൽഹാസൻ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ സിനിമയ്ക്ക് ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്താൻ പാകത്തിന് തന്റെ ജീവിതത്തെ പകുത്തു നൽകിയ കലാകാരൻ, നായകനായും, പ്രതിനായകനായും, നിർമ്മാതാവായും, സംവിധായകനായും, എഴുത്തുകാരനായും, പാട്ടുകാരനായും, ചലച്ചിത്രത്തിന്റെ വിവിധ കോണുകളിൽ ഏറ്റവും മനോഹരമായി തന്റെ കയ്യൊപ്പ് പതിപ്പിച്ച ‘ദശാവതാരം’. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ കലാകാരന്മാരിലൊരാൾ, പ്രേക്ഷകരും സിനിമാ ലോകവും ഇനിയും അയാളിൽ നിന്നേറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറയുമ്പോൾ അത്ഭുതപ്പെടാനുമില്ല. അങ്ങനെയൊരു വ്യക്തിയിൽ നിന്നും ‘കലാരൂപത്തിന്‍റെ ഒരു വിദ്യാർഥി മാത്രമാണ്’ താനെന്ന് കേൾക്കുമ്പോൾ അമ്പരന്നു പോകാതിരിക്കുന്നതെങ്ങനെ. ഇന്ത്യൻ സിനിമയുടെ വിപ്ലവ നായകൻ കമൽഹാസന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്നങ്ങോട്ട് കണ്ടത് ഇന്ത്യൻ സിനിമയിലെ “കമലിനിസമാണ്”. നർത്തനവും, പ്രണയവും, വിരഹവും പ്രമേയമാക്കിയ സിനിമകൾ, വൃദ്ധനും, കുഞ്ഞനും, നിശ്ശബ്ദനായ പരീക്ഷണ സിനിമകൾ, മാസ് ആക്ഷൻ സിനിമകളുമായി വാണിജ്യ മൂല്യമുള്ള ചിത്രങ്ങൾ , അങ്ങനെ കാലഘട്ടങ്ങളോടും മാറ്റങ്ങളോടും ചേർന്ന് നിൽക്കുവാനും, തലമുറകളുടെ വ്യത്യാസങ്ങളെ ചേർത്തു പിടിക്കുവാനും അയാളിലെ കലാകാരൻ എന്നും ശ്രദ്ധിച്ചിരുന്നു. എങ്കിലും തന്റെ നിലപാടുകളും നിരീക്ഷണങ്ങളും ശക്തമായ പ്രമേയങ്ങളാക്കി അവതരിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു.
ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലും, ഒരു നിരീശ്വര വാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അൻപേ ശിവം, ദശാവതാരം എന്നിവ അതിന് ഉദാഹരണമാണ്. “ദശാവതാരത്തിൽ “ദൈവം ഇല്ല എന്ന് ഞാൻ പറയുന്നില്ല, ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ” എന്നദ്ദേഹം പറയുമ്പോൾ എത്രപേർ ശരിയായ അർഥം ചികഞ്ഞ് അതിലേക്കാഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് അറിയില്ല. എന്നിട്ടും ചിത്രം വിജയിക്കുകയും , പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. തന്റെ 18 ആമത്തെ വയസ്സിൽ കമൽ കുറിച്ച “മഴൈ” എന്ൻ കവിത, അന്നത്തെ തമിഴ് സാമൂഹ്യ ലോകത്തെ മാത്രമല്ല, വിഡ്ഡിത്തത്തിന്റെ ഏറ്റവും വലിയ മുഖങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു സമൂഹത്തെ തന്നെ പരിഹസിക്കുന്നതായിരുന്നു. ചാരിത്ര്യ ശുദ്ധിയുള്ള സ്ത്രീകൾ ആകാശത്തേക്ക് നോക്കി പാടിയാൽ മഴ പെയ്യുമെന്ന പൊള്ളയായ ധാരണയെ ധിക്കരിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. മറ്റുള്ളവർ സുമുഖനെന്ന് അഭിപ്രായപ്പെട്ടപ്പോൾ അത് സ്നേഹം കൊണ്ടാണെന്ന് അയാൾ എളിമ കാണിച്ചു. വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നില്ലെന്നും, രണ്ടു പ്രവിശ്യവും തന്നതിൽ തോറ്റുപോയെന്നും, സദാചാര സാമൂഹിക ചിന്തകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരെ നോക്കി വിളിച്ച് പറഞ്ഞു. പ്രണയിനിയെ സുഹൃത്തെന്ന് വിളിച്ച അവതാരകനെ തിരുത്തി കൊണ്ട്, അവളെന്റെ കാമുകിയായിരുന്നെന്ന് തറപ്പിച്ച് പറഞ്ഞു.
1963-നു ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു. തമിഴ് സിനിമാ ലോകത്തെ മുൻനിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസൻ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷൺമുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങൾ കമലഹാസനിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ൽ ‘മന്നവൻ’ എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചു വരവ് നടത്തി. തുടർന്ന് ‘പരുവകാലം’, ‘ഗുമസ്താവിൻ മകൻ’ എന്ന സിനിമകൾ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാൻ അവനില്ലെ’ എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചത്. 1970-ൽ ഇറങ്ങിയ മാനവൻ എന്ന ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടൻ എന്ന രീതിയിൽ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. കമലഹാസൻ സഹസംവിധായകനായിരുന്ന അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിലും ഒരു സഹനടന്റെ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റി.
കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. കെ.ബാലചന്ദറിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലാണ് ഒരു നായക വേഷം കമലഹാസൻ ചെയ്തത്. അപൂർവ്വ രാഗങ്ങളിലെ അഭിനയത്തിന് തമിഴിലെ ഫിലിംഫെയർ അവാർഡ് കമലഹാസൻ കരസ്ഥമാക്കുകയുണ്ടായി. ഈ സിനിമയിലെ അഭിനയത്തിനായി കമലഹാസൻ മൃദംഗം എന്ന താളവാദ്യം പഠിക്കുകയുണ്ടായി. ഈ സിനിമയിലൂടെ തന്നെയാണ് പിൽക്കാലത്ത് തമിഴിലെ പ്രശസ്ത നടനായ രജനീകാന്തും അരങ്ങേറ്റം കുറിക്കുന്നത്. കെ. ബാലചന്ദറിന്റെ തെലുഗു സിനിമയായ മാരോ ചരിത്രയുടെ ഹിന്ദി പുനർനിർമ്മാണത്തിലൂടെ കമലഹാസൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം നടത്തി. ഏക് ദുജേ കേ ലിയേ എന്ന ഈ ചിത്രത്തിൽ രതി അഗ്നിഹോത്രി ആയിരുന്നു നായിക. 1981-ൽ തന്റെ 100-ആമത്തെ ചിത്രമായ രാജാപാർവ്വൈ യിലൂടെ നിർമ്മാതാവായും കമലഹാസൻ മാറുകയുണ്ടായി. ജനപ്രീതി നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് ഫിലിംഫെയർ അവാർഡ് നേടാൻ കഴിഞ്ഞു.[15] ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയിത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഓർമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്ന ഒരു അദ്ധ്യാപകന്റെ വേഷമായിരുന്നു ഇതിൽ. ഈ ചിത്രം പിന്നീട് ബാലു മഹേന്ദ്ര തന്നെ ഹിന്ദിയിലേക്ക് സദ്മ എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി. 1983-ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സാഗര സംഗമം എന്ന ചിത്രത്തിലെ നൃത്തക്കാരന്റെ വേഷം വളരെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് തെലുങ്കിൽ വാങ്ങിച്ച് കൊടുക്കുകയും ചെയ്തു .
1990-ൽ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മൈക്കിൾ മദന കാമരജാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ഹാസ്യ രംഗത്തേക്കുള്ള ഈ അഭിനയ പ്രതിഭയുടെ ഒരു കാൽവെയ്പു കൂടിയായിരുന്നു ഇത്. ഈ ചിത്രം വൻ വിജയമായിരുന്നു. പാലക്കാടൻ തമിഴ് സംസാരിക്കുന്ന പാചകക്കാരന്റെ വേഷം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. സമനില തെറ്റിയ ഒരു മനുഷ്യന്റെ വേഷം അവതരിപ്പിച്ച ഗുണ, തേവർ മകൻ എന്നീ ചിത്രങ്ങളിലെല്ലാം കമലഹാസന്റെ അഭിനയം വേറിട്ടു നിന്നു. തേവർ മകനിൽ പ്രശസ്ത നടനായ ശിവാജി ഗണേശന്റെ ഒപ്പമാണ് കമലഹാസൻ അഭിനയിച്ചത്. തേവർ മകൻ മികച്ച ഒരു സിനിമയായിരുന്നുവെങ്കിലും, വാണിജ്യപരമായി ഒരു പരാജയമായിരുന്നു. തേവർ മകൻ പിന്നീട്, വിരാസത് എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. തേവർമകൻ അക്കൊല്ലത്തെ അക്കാദമി അവാർഡിനു വേണ്ടി ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു. കമലഹാസൻ അഭിനയിച്ച മഹാനദി എന്ന ചിത്രം, പുറത്തിറങ്ങി ആറു കൊല്ലങ്ങൾക്കു ശേഷം റോട്ടർഡാം സിനിമാ മേളയിൽ പ്രദർശിക്കപ്പെട്ടു. 2001 – ൽ ആളവന്താൻ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളാണ് കമലഹാസൻ അവതരിപ്പിച്ചത്. അതിലെ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി തലമുടി മുഴുവൻ നീക്കം ചെയ്യുകയും, പത്തു കിലോഗ്രാം ഭാരം വർദ്ധിപ്പിക്കുകയും ചെയ്തു.
കമലഹാസന്റെ വ്യക്തി ജീവിതവും ഒരു സിനിമകഥപോലെ സംഭവബഹുലമായിരുന്നു. മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം 1970 – കളിൽ കമലഹാസന്റെ കൂടെ ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്. 1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ അദ്ദേഹം വിവാഹം ചെയ്തു . കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു. രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസൻ ഒരു അഭിനേത്രിയാണ്. 2002 ൽ ഇവർ വിവാഹ മോചനത്തിന് തയ്യാറായി. കമലഹാസന്റെ സഹപ്രവർത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേർപിരിയലിനു കാരണം.പിന്നീട് കമലഹാസൻ മുൻ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവർത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ജീവിക്കുകയുണ്ടായി. അവരും പിന്നീട് വേർപിരിഞ്ഞു.
എന്താണ് സിനിമ എന്ന് ചോദിച്ചാൽ മറുപടി “എന്റെ ഗ്രാമം” എന്നാണ്. എന്റെ ഗ്രാമത്തിന്റെ പുരോഗമനത്തിനായി ഞാനിനിയുമേറെ ചെയ്യാനുണ്ടെന്ന ഭാവം. ആടി തിമിർത്തത്തിലൊക്കെയും പൂർണതയെത്താത്തതിന്റെ അതൃപ്തി. ഒരായുസ്സ് മുഴുവൻ അഭിനയത്തിന്റെ വിവിധ തലങ്ങളിലേക്ക് പകർന്നു നൽകിയ കലാകാരൻ. ഞാൻ മനസ്സ് വെച്ചാൽ മുതൽവരാകും എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾ. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു. പൂർണാതെയിൽ നിന്ന് കൊണ്ട് അപൂർണനാണെന്ന തിരിച്ചറിവിൽ അയാളെന്നും നിവർന്നു നിൽക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ദശാവതാരത്തിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ