
ദൃശ്യം പുറത്തിറങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചർച്ച ചെയ്തൊരു കഥാപാത്രമാണ് “കോൺസ്റ്റബ്ൾ” സഹദേവൻ. സ്ക്രീനിലേക്ക് കയറി മുഖമടച്ചൊന്ന് കൊടുക്കാൻ തോന്നും വിധം ആ കഥാപാത്രം പ്രേക്ഷകരെ വെറുപ്പിച്ചിരുന്നു. അതയാളിലെ നടനുള്ള അംഗീകാരമായിരുന്നു.
ഒരുപക്ഷെ ഒരു ദശാബ്ദം നീണ്ട അഭിനയ മോഹത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ഏറ്റവുമ മനോഹരമായ പ്രതിഫലം കൂടിയായിരുന്നു അത്. ചെറിയ ഹാസ്യ വേഷങ്ങളിൽ ഓർത്തുവെക്കാൻ പാകത്തിനൊന്നും നൽകാതെ കടന്നുപോയ കഥാപാത്രങ്ങളിൽ നിന്നും തന്റെ പേരിനൊരു അടയാളം കൊടുത്ത ഷാജോണിന്റെ ജീവിതം ഏതൊരു അഭിനയമോഹിക്കും പ്രചോദനമാണ്. സാധാരണക്കാരന്റെ നിത്യജീവിത പ്രകടനങ്ങളിൽ
അതുല്യമായ തനിമ കൊണ്ടുവന്ന് പ്രേക്ഷക മനസ്സിൽ തൻറെ മുഖം പതിപ്പിച്ച കലാകാരൻ ഷാജോണിന് ഇന്ന് ജന്മദിനമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1977 നവംബർ 30-ന് കോട്ടയം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഷാജി ജോൺ ജനിച്ചത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇ.എസ്. ജോണിന്റെയും നഴ്സായ റെജീനയുടെയും മകനായി വളർന്ന ഷാജോണിന് ബാല്യം മുതൽ കലാരംഗത്തോടും അനുകരണശേഷിയോടും താൽപര്യം ഉണ്ടായിരുന്നു. മിമിക്രി കലയുടെ ശക്തമായ പ്രചാരണമുണ്ടായിരുന്ന കാലത്ത് സഹോദരൻ ഷിബു ജോണിനൊപ്പം കോട്ടയത്തെ ചെറുകലാസമിതികളിൽ പങ്കെടുക്കുകയും വേദികളിൽ നിൽക്കുകയും ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ കലാ യാത്രയുടെ തുടക്കം.
മിമിക്രി വേദികളിലൂടെ ലഭിച്ച ആത്മവിശ്വാസവും, കഴിവും, വേദിപരിചയവുമാണ് ഷാജോണിനെ കലാഭവനിലേക്ക് നയിച്ചത്. കലാഭവനിലെ സ്ഥിരാംഗമായതോടെ ഷാജി ജോൺ ‘കലാഭവൻ ഷാജോൺ’ എന്ന പേരിൽ മലയാളികൾക്കിടയിൽ ഏറ്റവും പരിചിതമായ ഒരു സാന്നിധ്യമായി മാറി. 1998-ൽ കലാഭവൻ മണിയോടൊപ്പം അഭിനയിച്ച ‘മൈ ഡിയർ കരടി’ എന്ന ചിത്രമാണ് ഷാജോണിന്റെ ആദ്യ സിനിമ. തുടർന്നുള്ള വർഷങ്ങളിൽ ‘എന്റെ പ്രിയപ്പെട്ട കരടീ, അപരന്മാർ നാഗരത്തിൽ, ബാംബൂ ബോയ്സ്, റൺവേ, രാജമാണിക്യം, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്’ തുടങ്ങിയ ചിത്രങ്ങളിൽ ചെറുതായിട്ടും ശ്രദ്ധേയമായ കോമഡി കഥാപാത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
അതേസമയം, ഹാസ്യവേഷങ്ങളുടെ പരിധിയിലൂടെ മാത്രം കടന്നുപോകരുതെന്ന ആത്മവിശ്വാസവും, കൂടുതൽ വെല്ലുവിളികളോട് നേരിടേണ്ടതുണ്ടെന്ന ആഗ്രഹവും അദ്ദേഹത്തിന് അഭിനയജീവിതത്തോട് ഉണ്ടായിരുന്നു. 2012-ൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന ചിത്രത്തിലെ ദിലീപിൻ്റെ കൂട്ടുകാരനായുള്ള അവതരിപ്പിച്ച വേഷം ഷാജോണിനെ പൊതുജന ശ്രദ്ധയിൽ കൂടുതൽ എത്തിച്ചു. തുടർന്ന് മമ്മൂട്ടിയോടൊപ്പം താപ്പാനയിൽ നിന്നും മോഹൻലാലിനൊപ്പം ലേഡീസ് & ജെന്റിൽമൻ എന്ന സിനിമയിലെ മുഴുനീള ഹാസ്യവേഷം വരെയും അദ്ദേഹം തന്റെ പ്രകടനപരിധികൾ തെളിയിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് സിനിമയാണ് ഷാജോണിൻ്റെ കരിയറിൽ മഹത്തരമായ വഴിത്തിരിവായത്. പതിവ് ഹാസ്യവേഷങ്ങളിൽ നിന്ന് പൂർണമായും മാറി, നെഗറ്റീവ് ടച്ച് ഉള്ള ഗൗരവമുള്ള കഥാപാത്രമായ കോൺസ്റ്റബിൾ സഹദേവൻ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം അഭിനയശേഷിയുടെ മറ്റൊരു മുഖം തുറന്ന് കാട്ടിയത്.
ഒരോ രംഗത്തും അതീവ തീവ്രതയും ശക്തിയും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഭയവും വെറുപ്പും ഉളവാക്കിയ സഹദേവൻ എന്ന കഥാപാത്രം ഷാജോണിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊടുത്തു. 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ പ്രത്യേക പരാമർശം, SIIMA, വനിത ഫിലിം അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്ഇ വ എല്ലാം ‘ദൃശ്യം’ വഴി അദ്ദേഹത്തെ തേടിയെത്തിയതായിരുന്നു.
ഒരു നടൻ തന്റെ കരിയറിലെ ഒരു ഘട്ടത്തിൽ പൂർണ്ണമായും മറുവശത്തേക്ക് തിരിഞ്ഞ്, ഹാസ്യനടനിൽ നിന്ന് ശക്തനായ കഥാപാത്രനടനായി ഉയരുന്ന അപൂർവ്വ മുഹൂർത്തം മലയാള സിനിമ കലാഭവൻ ഷാജോൺ വഴി കണ്ടതാണ്. ദൃശ്യം മൂലമുള്ള വലിയ തിരിച്ചറിവിന് ശേഷം, ഷാജോൺ കൂടുതൽ ശക്തിയും കയറ്റവും ആവശ്യമായ കഥാപാത്രങ്ങളെ ഏറ്റെടുത്തു. ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ആക്രോശം, ക്രൂരത, മനോവൈകല്യം ഇവയെല്ലാം ചേർന്ന ആ കഥാപാത്രം ഷാജോണിൻ്റെ ‘ട്രാൻസ്ഫോർമേഷൻ കപ്പാസിറ്റി’ മലയാള സിനിമയിൽ വ്യക്തമായി തെളിയിച്ചു. ഇതോടൊപ്പം ‘ലൂസിഫർ, ഉണ്ട, ശൈലോക്ക്, ജോയും ജോയും, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ അനവധി ചിത്രങ്ങളിൽ ശക്തമായ സപ്പോർട്ടിംഗ് വേഷങ്ങളും നെഗറ്റീവ് റോളുകളും അദ്ദേഹം അവതരിപ്പിച്ചു.
2019-ൽ പ്രിഥിരാജ് നായകനായി അഭിനയിച്ച ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ ഷാജോൺ സംവിധായകനെന്ന നിലയിൽ മലയാള സിനിമയിൽ പുതിയ ഒരു പാത തുറന്നു. മികച്ച രീതിയിൽ ഒരുക്കിയ ഒരു ഫാമിലി-എന്റർടെയ്നർ ആയി ഈ ചിത്രം സ്വീകരിക്കപ്പെട്ടു. കഥ, തിരക്കഥ, എല്ലാം ചേർന്ന് സംവിധാനം അദ്ദേഹത്തിന്റെ കഴിവുകളുടെ മറ്റൊരു വശം കൂടി തെളിയിച്ചു. അദ്ദേഹം ചെയ്യുന്ന ഓരോ വേഷവും ഷാജോൺ ടച്ച് ഉള്ളതാണെന്ന് മലയാളികൾ ആത്മവിശ്വാസത്തോടെ പറയുന്നുവെന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനായതിനാൽ ചെറിയകാലം മുതൽ ക്രമശീലം, കഠിനാധ്വാനം, ഉത്തരവാദിത്തം എന്നിവ പഠിച്ചായിരുന്നു ഷാജോണിൻ്റെ വളർച്ച. കുടുംബത്തിന്റെ പിന്തുണയും ആത്മാർഥതയും അദ്ദേഹത്തിന്റെ കരിയറിലുടനീളം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചലചിത്രരംഗത്ത് വലിയ നിലയിലേയ്ക്ക് ഉയരാൻ വേണ്ടിയുണ്ടായ പരിശ്രമവും നേടിയെടുത്ത അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവവും ഷാജോണിനെ ഇന്നത്തെ കലാകാരനാക്കി മാറ്റിയത്. ചെറിയ വേഷങ്ങൾ ലഭിച്ചാൽ അത് ജീവിതത്തിലെ വലിയ വാതിലുകളിലേക്ക് കടക്കാൻ പടവെന്നു കാണുക. അഭിനയം ഒരു പ്രവർത്തി അല്ല, അത് ഒരു ശ്രദ്ധയും പഠനവുമാണ് എന്നാണ് ഷാജോൺ തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നത്. 2024-2025 കാലഘട്ടത്തിലും ഷാജോൺ മലയാള സിനിമയിൽ അതേ ഊർജ്ജത്തോടും പ്രതിബദ്ധതയോടും സജീവമാണ്. ആട്ടം, ബ്രോമാൻസ്, പങ്കാളികൾ, പുള്ളി, ബാന്ദ്ര, എൽ2: എമ്പുരാൻ തുടങ്ങി അനവധി പ്രോജക്ടുകളിൽ അദ്ദേഹത്തിന്റെ പ്രധാന സാന്നിധ്യം തുടരുന്നു.
ജിജു അശോകൻ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ “ഉറുമ്പുകൾ ഉറങ്ങാറില്ല” എന്ന ചിത്രത്തിലെ ഷാജോണിന്റെ ‘കാർലോസ്’ എന്ന കഥാപാത്രം ഒരു പക്ഷെ സഹദേവനോളം എത്തിയില്ലെങ്കിലും അതേ സ്വഭാവമുള്ള പ്രകടനം തന്നെയായിരുന്നു. ചിത്രത്തിന്റെ ക്ളൈമാക്സിൽ ഉറുമ്പുകൾക്ക് തിന്നാൻ വേണ്ടി ഷാജോണിനെ ഇട്ടു കൊടുക്കുന്ന രംഗം കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അദ്ദേഹം ഒറിജിനലായിട്ട് ഉറുമ്പുകളെ വെച്ച് ചെയ്യുകയായിരുന്നു. കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കപ്പുറം അയാളുടെ നടന്റെ ആത്മാർത്ഥതയ്ക്കും കയ്യടി വീഴേണ്ടതാണ്. ഹാസ്യതാരമായും, വില്ലനായും, സഹനടനായും, നടനായും, സംവിധായകനായും ഇന്നയാൾ ഒരുപാട് വളർന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ
അണുവിടാതെ വന്ന വഴികളെ നെഞ്ചോട് ചേർത്ത് അദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് ഒരികകൾ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.