
ഭാഷാഭേദമന്യേ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ താരം. നാലര ദശകങ്ങൾ പിന്നിട്ട സമ്പന്നമായ കലാജീവിതത്തിൽ 200 ലധികം ചലച്ചിത്രങ്ങൾ, മിക്കതും ഹിറ്റുകൾ. പറഞ്ഞു വരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട, കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാമിനെ കുറിച്ചാണ്. കലാഭവന്റെ വേദിയിലൂടെ തുടങ്ങി പിന്നീട് പത്മരാജന്റെ കൈപിടിച്ച് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. സ്വഭാവികമായ പ്രകടനത്തിലൂടെയും, ആസാദാരണമായ മിമിക്രി മെയ് വഴക്കത്തോടും ഏറ്റവും സമന്വയമായി സിനിമയെ സമീപിച്ച ജയറാമിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് പ്രേക്ഷകർ സാക്ഷ്യം വഹിച്ചതാണ്. ഇന്ന് പ്രിയപ്പെട്ട നടന്റെ ജന്മദിനമാണ്. മലയാളത്തിന്റെ ‘ജയറാമിന്’ സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1965 ഡിസംബർ 10-ന് പെരുമ്പാവൂരിൽ ജനിച്ച ജയറാം, ബാല്യത്തിലേ കലയുടെ ലോകത്തേക്ക് കടക്കുന്നത് ചെണ്ടയുടെ മൃദംഗനാദത്തിലൂടെയാണ്. ഗുരു പല്ലശ്ശന നന്ദകുമാറിൽ നിന്ന് അഭ്യസിച്ച ചെണ്ട അദ്ദേഹത്തെ ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ചതാകാം. പിന്നീട് കലാഭവനിലെ മിമിക്രി വേദിയിൽ വളർന്ന ജയറാം, ആ കാലഘട്ടത്തിലെ ഏറ്റവും മിന്നുന്ന മിമിക്രി താരങ്ങളിൽ ഒരാളായി. ഈ വേദിയാണ് അദ്ദേഹത്തെ പത്മരാജന്റെ കണ്ണുകളിൽ എത്തിച്ചത്. 1988-ൽ പത്മരാജന്റെ ‘അപരൻ’ അദ്ദേഹത്തെ സിനിമയുടെ ആദ്യ ചുവടുവയ്പിലേക്ക് നയിച്ചു, അതും നായക കഥാപാത്രത്തിനായി. തുടർന്നുള്ള ‘മൂന്നാം പക്കം, ഇന്നലേ’ എന്നിങ്ങനെ പത്മരാജൻ നൽകിയ അവസരങ്ങൾ അഭിനേതാവായ ജയറാമിന്റെ ആന്തരിക ഊർജ്ജത്തെ തുറന്നു കാട്ടി. പത്മരാജൻ മരിക്കുന്നതുവരെ അദ്ദേഹം ജയറാമിന്റെ ഗുരുവായിരുന്നു.അത് അദ്ദേഹത്തിന്റെ കരിയറിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ അനുഗ്രഹം തന്നെയായിരുന്നു.
1990-കളിൽ മലയാള സിനിമയിൽ ‘നമ്മുടേ നായകൻ’ എന്ന ഇമേജ് ഉറപ്പിച്ച ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ജയറാം. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, സന്ദേശം, ജോർജൂട്ടി C/O ജോർജൂട്ടി, തൂവൽ കൊട്ടാരം, മേലേപ്പറമ്പിൽ ആൺവീട്’ enningane—അദ്ദേഹത്തിന്റെ കരിയറിനെ മെച്ചപ്പെടുത്തിയ അനവധി സിനിമകൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളാണ്.
അഭിനയത്തിലെ സ്വാഭാവികത, ചെറു ചിരിയിലോ മൗനത്തിലോ ഒളിഞ്ഞിരിക്കുന്ന ഹാസ്യം, നന്മയുള്ള മധുരത്വം, എളിയ മനുഷ്യരുടെ ആത്മാർത്ഥത ഇതെല്ലാം ജയറാമിന്റെ ചലച്ചിത്രവിശ്വത്തെ വേറിട്ടൊരു സ്ഥാനത്താണ് നിർത്തുന്നത്.
പത്മരാജന് ശേഷം, മലയാളികൾ ഏറെ ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ട്. മലയാള സിനിമയിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടുകളിൽ ഒന്നുകൂടിയായിരുന്നു ഇത്. ‘തൂവൽ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ, ഭാഗ്യദേവത, കഥ തുടരുന്നു’ എന്നിങ്ങനെ വാർത്തകളിൽ നിന്നും വീട്ടുവളപ്പിലേക്കുള്ള മലയാളത്തിന്റെ നിത്യനാടകങ്ങളെ അവർ ഒരുമിച്ച് പകർത്തി.
മലയാളത്തിന് പുറമെ തമിഴിലും ജയറാം ശ്രദ്ധേയനായിരുന്നു. ഒരു മലയാള നടൻ എന്നതിലുപരി തമിഴ് നായകൻ എന്ന നിലയിൽ തന്നെയാണ് തമിഴകം ജയറാമിനെ ആഘോഷിച്ചത്. ഭാഷാതടസ്സങ്ങൾ ഇല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനും വിസ്മയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ‘തേനാലി, പഞ്ചതന്തിരം, ഗോകുലം, പുരുഷലക്ഷണം,’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ്പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. തമിഴിൽ കമൽഹാസൻ- ജയറാം ജോഡിക്ക് പ്രത്യേക ഫാൻ ബേസ് പോലുമുണ്ട്. തേനാലിയിലെ ഡോ. കൈലാഷും പഞ്ചതന്തിരംയിലെ അയ്യപ്പൻ നായരും പ്രേക്ഷകർ ഇന്നും മറക്കാത്ത കഥാപാത്രങ്ങളാണ്.
2000-കളുടെ മധ്യത്തിൽ ചെറിയൊരു ഇടവേളയും വാണിജ്യ പരാജയങ്ങളും അദ്ദേഹത്തിന് ഉണ്ടായെങ്കിലും, ജയറാം ഒരിക്കലും പ്രേക്ഷക പ്രവാഹത്തിൽ നിന്നും അകന്നില്ല. 2008ലെ ‘വെറുതേ ഒരു ഭാര്യ’ അദ്ദേഹത്തിന്റെ ഭംഗിയാർന്ന തിരിച്ചുവരവായിരുന്നു. തുടർന്ന് ‘ഭാഗ്യദേവത, ഹാപ്പി ഹസ്ബൻഡ്സ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ചൈനാടൗൺ, സ്വപ്ന സഞ്ചാരി എന്നിവ ശ്രദ്ധേയമായ വിജയം നേടി. സമീപകാലത്ത്, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സീരീസിലെ ആഴ്വാർക്കാടിയൻ നമ്പിയുടെ വേഷം ജയറാമിനെ വീണ്ടും ദേശിയ തലത്തിൽ ചർച്ചയിലാക്കി.
2024-ൽ ഇറങ്ങിയ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ ജയറാമിന്റെ കരിയറിലെ വലിയ ടേൺിംഗ് പോയിന്റായിരുന്നു. മലയാള സിനിമയിൽ വളരെയധികം സംസാരിക്കപ്പെട്ട ത്രില്ലർ ചിത്രം, ചടങ്ങുകളും അതിരുകളുമില്ലാതെ ജയറാമിന്റെ പ്രകടനശേഷിയെ വീണ്ടും തെളിയിച്ചു. 30 ദിവസത്തിൽ 40 കോടി വരുമാനം നേടി, ഇത് ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി.
പത്മശ്രീ മുതൽ സംസ്ഥാന, ദേശീയ, ഫിലിംഫെയർ, SIIMA, ഏഷ്യാനെറ്റ് അവാർഡുകൾ വരെ—അഭിനയരംഗത്ത് അദ്ദേഹം നേടിയ ബഹുമതികൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവുകളാണ്.
ഒരു സിനിമകഥപോലെ മനോഹരമായിരുന്നു ജയറാമിന്റെ പ്രണയവും, വിവാഹവും കുടുംബവുമൊക്കെ. അന്ന് മലയാള സിനിമയിൽ ഏറ്റവും സുന്ദരിയെന്ന് അന്നത്തെ താര സുന്ദരിമാർ പോലും പാടി വാഴ്ത്തിയ പാർവതിയെ ജയറാം പ്രണയിച്ച് വിവാഹം കഴിച്ചു. 1992-ലായിരുന്നു ഇരുവരുടെയും വിവാഹം. മാളവിക , കാളിദാസ് എന്നിങ്ങനെ രണ്ടു മക്കളാണ് ജയറാമിന്. മകൾ മോഡലിങ്ങിൽ സജീവമാണെങ്കിലും. മകൻ അച്ഛന്റെ പാത പിന്തുടർന്ന് ഇന്ന് ഭാഷാഭേദമന്യേ സിനിമകളിൽ സജീവമാണ്. സിനിമയ്ക്ക് പുറത്ത് ജയറാമിനെ ഒരു നടൻ എന്നതിലുപരി ചെണ്ടയോടുള്ള ഭ്രമത്തിലാണ് ആളുകൾ നോക്കികാണുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനങ്ങളിൽ ഒന്നാണ്. കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിൽ അദ്ദേഹം ചെണ്ട അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളോട് ചേർന്ന് നിൽക്കുമ്പോഴും ഏറ്റവും മനോഹരമായി സംസ്ക്കാരത്തെ ചേർത്തു നിർത്തുന്നൊരു താരം കൂടിയാണ് ജയറാം. കൃഷിക്കുള്ള അദ്ദേഹത്തിന്റെ സമർപ്പണം എടുത്തു പറയേണ്ടതാണ്. മികച്ച ക്ഷീരകർഷകനുള്ള നിരവധി സംസ്ഥാനപുരസ്കാരങ്ങൾ നേടിയ ഒരു ‘പ്രായോഗിക കർഷകൻ’ കൂടിയാണ് ജയറാം. പ്രായവും കാലവും സഞ്ചരിക്കുമ്പോഴും ജയറാം അതേ തിളക്കത്തോടെയും അതേ ആത്മാർത്ഥതയോടെയും ഇന്നും അഭിനയിക്കുന്നു. അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഏറ്റവും വലിയ പാഠം സിനിമ തന്നെയാണ്. പ്രിയപ്പെട്ട കലാകാരന് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ