“നൃത്തം പ്രാർത്ഥനയും, സിനിമ അതിന്റെ തുടർച്ചയു”മാണെന്ന് പറഞ്ഞ ദുർഗ കൃഷ്ണ”; മലയാളത്തിന്റെ യുവ നായികയ്ക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ താരമാണ് നടി ദുർഗ കൃഷ്ണ. അഭിനയത്തിലും നൃത്തത്തിലും ഒരു പോലെ പ്രാവീണ്യം തെളിയിച്ച ദുർഗയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. തീക്ഷ്ണമായ ഭാവങ്ങളെ ഉൾക്കൊള്ളിക്കാൻ തക്കവണ്ണമുള്ള കണ്ണുകൾ തന്നെ കഥാപാത്രങ്ങളെ നേരിടാൻ ദുർഗയ്ക്ക് ധാരാളമായിരുന്നു. മലയാള സിനിമ വേണ്ട പോലെ ദുർഗയെ സമീപിച്ചിട്ടില്ല എന്നത് വസ്തുതാപരമാണെങ്കിലും, തേടിയെത്തിയ കഥാപാത്രങ്ങളൊക്കെ മികച്ചതാക്കി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ദുർഗയിലെ കലാകാരി വിജയിച്ചിട്ടുണ്ട്. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരിലേക്കിറങ്ങി ചെന്ന മലയാളത്തിന്റെ ദുർഗ കൃഷ്ണയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

അഭിനയത്തോടൊപ്പം ക്ലാസിക്കൽ നൃത്തത്തിലുമുള്ള തന്റെ മികവിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ ദുർഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തത്തിനോട് ആകൃഷ്ടയായ ദുർഗ, കൂച്ചിപ്പുടി, ഭാരതനാട്യം തുടങ്ങിയ നൃത്തശാഖകളിൽ പ്രാവീണ്യം നേടിയവളാണ്. ഈ കലാപാരമ്പര്യം തന്നെയാണ് പിന്നീട് സിനിമയിലെ പ്രകടനങ്ങളിലും അവളുടെ മുഖഭാവങ്ങളിലൂടെയും നൃത്തസൗന്ദര്യത്തിലൂടെയും പ്രതിഫലിച്ചത്. 2017-ൽ പ്രതീപ് എം. നായർ സംവിധാനം ചെയ്ത ‘വിമാനം’ എന്ന സിനിമയിലൂടെയാണ് ദുർഗ കൃഷ്ണ മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജാനകി എന്ന കഥാപാത്രമായി അഭിനയിച്ച ദുർഗയുടെ പ്രകടനം നിസ്സാരവേഷമരുന്നില്ല. പൃഥ്വിരാജിന്റെ നായികയായി ആഴമുള്ള വികാരാഭിനയത്തോടെയാണ് അവൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ദുർഗയെ മലയാള സിനിമ ശ്രദ്ധിക്കാനാരംഭിച്ചത്.

തുടർന്ന് 2018-ൽ പുറത്തിറങ്ങിയ ‘പ്രേതം 2 ‘ എന്ന ‘ രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ‘അനു തങ്കം പൗലോസായി’ ദുർഗ എത്തി. ചിത്രത്തിലെ ഹാസ്യഭരിതമായ ഭാവങ്ങൾക്കും ഭീതിയുടെ സൂക്ഷ്മതയുമുള്ള രംഗങ്ങൾക്കും അവൾ സമതുലിതമായ പ്രകടനം നൽകിയത് വിമർശകരും പ്രേക്ഷകരും പ്രശംസിച്ചു. തുടർന്ന് 2019-ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമയിലെ ‘സ്വാ’തി എന്ന കഥാപാത്രം ദുർഗയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ ഘട്ടമായിരുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിൽ എത്തിയപ്പോൾ, ദുർഗയുടെ സ്വാഭാവിക അഭിനയശൈലി സിനിമയ്ക്ക് പുതുമ നൽകി. അതേ വർഷം തന്നെ അവൾ ‘കുട്ടിമാമയിലും’, വൃത്തത്തി’ലും, കിംഗ് ഫിഷിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

ദുർഗയുടെ പ്രകടനശൈലി ഗൗരവവേഷങ്ങളിലേക്കും സാമൂഹിക വിഷയങ്ങളിലേക്കുമുള്ള കടന്നുവരവാണ് പ്രത്യേകിച്ച് ചർച്ച ചെയ്യേണ്ടത്. ‘കൺഫെഷൻസ് ഓഫ് എ കുക്കു’ എന്ന സിനിമയിലൂടെ അവൾ അവതരിപ്പിച്ച ഷെറിൻ എന്ന കഥാപാത്രം ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളുടെ ലോകത്തേക്കുള്ള ഒരു തുറന്ന കണ്ണാണ്. ഈ വേഷത്തിലൂടെ ദുർഗ തന്റെ അഭിനയതീരങ്ങൾ എത്രമാത്രം വ്യാപിപ്പിക്കാമെന്നത് തെളിയിച്ചു. ചിത്രത്തിന് നിരവധി ഫെസ്റ്റിവലുകളിൽ അംഗീകാരമുണ്ടായി, ദുർഗയ്ക്കും അഭിനന്ദനങ്ങൾ ലഭിച്ചു.

2020-ൽ പുറത്തിറങ്ങിയ ജീതു ജോസഫ് സംവിധാനം ചെയ്ത ‘റാം’ എന്ന ചിത്രത്തിലും, 2022-ൽ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ‘ഉടൽ’ എന്ന സിനിമയിലും ദുർഗ ശക്തമായകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു. പ്രത്യേകിച്ച് ഉടൽ എന്ന ത്രില്ലർ സിനിമയിലെ ഷൈനി എന്ന കഥാപാത്രം ദുർഗയുടെ പ്രകടനത്തിന് പുതിയൊരു അളവുകോൽ നൽകി.

മലയാളത്തിന് പുറമെ ദുർഗ കൃഷ്ണ കന്നഡ സിനിമയിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ജയ്ശങ്കർ പണ്ഡിറ്റ് സംവിധാനം ചെയ്ത ’21 അവേർസ്’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അവൾ അവിടെ അരങ്ങേറ്റം കുറിച്ചത്. സിനിമയിലല്ലാതെ നൃത്ത വേദികളിലും സാംസ്കാരിക പരിപാടികളിലും ദുർഗയുടെ സാന്നിധ്യം സ്ഥിരമാണ്. ലളിതമായ വാക്കുകളും ചിരിയും ചേർന്ന അവളുടെ വ്യക്തിത്വം ആരാധകരെ ആകർഷിക്കാൻ പോന്നവയായിരുന്നു. അഭിമുഖങ്ങളിൽ അവൾ പലപ്പോഴും പറയുന്നത് “നൃത്തം തനിക്കൊരു പ്രാർത്ഥനയാണ്, സിനിമ അതിന്റെ ഒരു തുടർച്ച” എന്നതാണ്. പുതുതലമുറയിലെ സ്ത്രീ അഭിനേത്രികൾക്ക് ദുർഗ കൃഷ്ണ ഒരു പ്രചോദനമാണ്. കരിയറിൽ സമർപ്പണവും വ്യക്തിജീവിതത്തിൽ ലാളിത്യവും ചേർന്ന ഒരുപ്രതിഭയായി അവൾ മാറിയിരിക്കുന്നു. നൃത്തത്തിന്റെ താളത്തിനൊപ്പം അഭിനയത്തിന്റെ തിളക്കം ചേർത്ത് മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച ദുർഗ കൃഷ്ണയ്ക്ക് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ