മലയാളത്തിന്റെ ഒരേയൊരു “ജനപ്രിയ നായകൻ” ദിലീപിന് ജന്മദിനാശംസകൾ

','

' ); } ?>

മിമിക്രിക്കാരനായി, സഹ സംവിധായകനായി, സഹ നടനായി, നടനായി, സൂപ്പർ താരമായി മലയാള സിനിമയുടെ നെറുകയിൽ കഴിവ് കൊണ്ട് തന്റെ പേര് അടയാളപ്പെടുത്തിയൊരു ചെറുപ്പക്കാരൻ. സിനിമ സ്വപനമായി കൊണ്ട് നടന്ന് പിന്നീടാ സ്വപനം കണ്ട ഓരോ അഭിനയ മോഹിക്കും തന്റെ പേര് പകർന്നു കൊടുത്ത കലാകാരൻ. കാലം “ജന പ്രിയ നായകനെന്ന്” പ്രേക്ഷകരെ കൊണ്ട് അഭിമാനത്തോടെ വിളിപ്പിച്ച മലയാളത്തിന്റെ സ്വന്തം ദിലീപ്. ഇന്ന് ജന്മദിനമാഘോഷിക്കുന്ന ദിലീപിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ആലുവയിലെ സാദാരണക്കാരനായ ഗോപാല കൃഷ്ണനിൽ നിന്നും ദിലീപ് എന്ന പേരിലേക്കുള്ള ദൂരം ഒരു അഭിനയമോഹിയിൽ നിന്നും നടനിലേക്കുള്ള ദൂരം മാത്രമായിരുന്നില്ല. അയാളുടെ കഴിവിന്റെയും, പരിശ്രമത്തിന്റെയും ഏറ്റവും കഠിനമായ പരുവപ്പെടുത്തലിന്റെയും ആകെ തുക കൂടിയാണ്. ഇന്നയാൾ നടൻ മാത്രമല്ല. പ്രൊഡ്യൂസറാണ്, ഡിസ്ട്രിബിയൂട്ടറാണ്, അങ്ങനെ സിനിമയുടെ എല്ലാമാണ്. എറണാകുളം ജില്ലയിലെ എടവനക്കാട് പത്മനാഭൻ പിള്ളയുടെയും സരോജത്തിന്റെയും മൂത്ത മകനായാണ് 1968 ഒക്ടോബര് 27 നാണ് ദിലീപിന്റെ ജനനം. സ്പോട്ട് കോമഡികളുടെ ഉസ്താദായ, നർമ്മം നാവിൽ വഴങ്ങുന്ന ദിലീപ് മിമിക്രി രംഗത്തേക്ക് തിരിയുന്നതും, കലാഭവനിൽ എത്തുന്നതും എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ്. അക്കാലത്ത് കൂടെ കൂട്ടിയ സുഹൃത്ത് നാദിർഷയോടൊപ്പം ദേ മാവേലി കൊമ്പത്ത് പോലുള്ള കാസറ്റുകൾ ചെയ്തു. പിന്നീട് സിനിമയിലേക്ക്.

മോഹൻലാലിൻറെ ക്ലാസ്സിക് ചിത്രം “വിഷ്ണു ലോകത്തിനു” ക്ലാപ്പടിച്ച് കൊണ്ടാണ് ദിലീപിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറിയ ചെറിയ വേഷങ്ങൾ . സംവിധായകൻ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ ആദ്യ ചെറുവേഷം. പിന്നീട് കമലിന്റെ റെക്കമെന്റേഷനിൽ പുറത്തിറങ്ങിയ “മാനത്തെ കൊട്ടാരം”. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപെടുക മാത്രമല്ല, ഗോപാല കൃഷ്ണനിൽ നിന്നും ദിലീപിലേക്കുള്ള ചുവടു വെപ്പും കൂടിയായിരുന്നു അത്. തുടർന്ന് സൈന്യം, സിന്ദൂര രേഖ, ഉള്ളടക്കം, ഒരു പിടി ചിത്രങ്ങൾ. അതിനു ശേഷം സല്ലാപം , ഈ പുഴയും കടന്ന്, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രാരാബ്ധക്കാരനായ യുവാവിന്റെ വേഷം അദ്ദേഹം മികച്ചതാക്കി. നല്ല നാടാണെന്നും, മഞ്ജു വാര്യരോടൊപ്പം അസാധ്യ സ്ക്രീൻ സ്പേസ് പങ്കിടുന്ന നടനെന്നും പേരെടുത്തു. ശേഷം mr ബട്ലർ, ഡാർലിംഗ് ഡാർലിംഗ്, ജോക്കർ, മഴ തുള്ളി കിലുക്കം, കല്യാണ രാമൻ, പാണ്ടിപ്പട, ഇഷ്ടം, കൊച്ചി രാജാവ്, തിളക്കം , വെട്ടം, തെങ്കാശി പട്ടണം, തുടങ്ങി ഒരുപിടി അസാധ്യ ചിത്രങ്ങൾ,

അദ്ദേഹം എന്നും പരീക്ഷണ ചിത്രങ്ങളുടെ രാജാവായിരുന്നു. തേടിയെത്തുന്ന കഥാപാത്രങ്ങളിൽ സ്റ്റാർഡം നോക്കാതെ പുതുമ തിരയുകയും, അതിനെ ഏറ്റവും മികച്ചതാക്കാൻ തനിക്കെന്ത് നൽകാൻ കഴിയുമെന്നും നോക്കി. കുഞ്ഞിക്കൂനൻ, ജോക്കർ, ചാന്തുപൊട്ട്, പഞ്ചാബി ഹൗസ്, സദാനന്ദന്റെ സമയം,പച്ച കുതിര, മായാ മോഹിനി, സൗണ്ട് തോമ എന്നീ ചിത്രങ്ങൾ അതിനുദാഹരണമാണ്. ജോക്കറിലെ “ബാബു” ഓരോ മനുഷ്യന്റെയും സ്വയമുള്ള പ്രതിഭിംബമായിരുന്നു. മുഖം മൂടിക്കുള്ളിൽ അയാൾ ഉറക്കെ കരഞ്ഞപ്പോൾ പ്രേക്ഷകരും കരഞ്ഞു, അയാളുറക്കെ പൊട്ടിചിരിച്ചപ്പോൾ പ്രേക്ഷകരും പൊട്ടിച്ചിരിച്ചു, അയാൾ നമ്മൾ തന്നെയായിരുന്നു,  ചാന്ത്  പൊട്ടിലെ അഭിനയത്തിന് മിമിക്രിയാണെന്ന് പറഞ്ഞ് നാഷണൽ അവാർഡ് നഷ്ടമായപ്പോഴും അയാളിലെ കലാകാരനെ പ്രേക്ഷകർ അംഗീകരിച്ചിരുന്നു. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാൻ ചിത്രം തേടിയെങ്കിലും അത്തരമൊരു റിസ്ക് എടുക്കാനോ, അല്ലെങ്കിൽ ആ കഥാപാത്രത്തെ മികച്ചതാക്കാനോ മറ്റൊരു നടനും ധൈര്യപ്പെട്ടില്ല, അവരെ കൊണ്ടതിനു കഴിയില്ലെന്ന് ദിലീപെന്ന നടൻ അത് ചെയ്തു കൊണ്ട് തെളിയിച്ചതാണ്.

അയാളിലെ നടനെ അഴിഞ്ഞാടാൻ വിട്ട മാസ് ചിത്രങ്ങളും പ്രേക്ഷകരെന്നും അതേ ആവേശത്തിൽ സ്വീകരിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ‘മിഴി രണ്ടിലും’ എന്ന ചിത്രത്തിലെ ‘കൃഷ്ണകുമാർ’, റൺ വേയിലെ “വാളയാർ പരമശിവം”, രാമ ലീലയിലെ “രാമനുണ്ണി”, കമ്മാര സംഭവത്തിലെ “കമ്മാരൻ നമ്പിയാർ” അങ്ങനെ അയാൾ ചെയ്തുവെച്ച പകരക്കാരെ ചിന്തിക്കാൻ പോലും കഴിയാത്ത ഒരുപിടി മികച്ച ചിത്രങ്ങൾ. അയാളുടെ പരാജയ ചിത്രങ്ങൾക്ക് പോലും ഇന്നും കാണാൻ ആളുണ്ടെന്നതാണ് അയാളിലെ നടന്റെ ഏറ്റവും വലിയ വിജയം.

2002 ൽ പുറത്തിറങ്ങിയ മീശ മാധവനിലൂടെയാണ് ജനപ്രിയ നായകനെന്ന പട ചട്ട ദിലീപ് സ്വന്തമാക്കുന്നത്. പിന്നീടങ്ങോട്ട് ദിലീപിന്റെ പടയോട്ടമെന്ന് തന്നെ പറയാം. പലകുറി തന്നിൽ നിന്ന് വഴുതി മാറിയ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം 2011 ൽ പുറത്തിറങ്ങിയ “വെള്ളരി പ്രാവിന്റെ” ചങ്ങാതിയിലൂടെ സ്വന്തമാക്കി. താൻ ഷോക്ക് ആയി പോയെന്നും, തലക്കടി കിട്ടിയപോലെ ആയിപ്പോയെന്നും പറഞ്ഞ് ദിലീപാ അവാർഡിന് മതിപ്പ് കൂട്ടി. അമിതാഭ് ബച്ചൻ മുതൽ, ഷാരൂഖ് ഖാൻ വരെ ആശംസകൾ അറിയിച്ചു. നടനെന്ന ദിലീപിന്റെ പൂർണ വളർച്ചയ്ക്ക് മലയാളികൾ സാക്ഷ്യം വഹിച്ചു. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെയെല്ലാം ചേർത്തൊരുക്കിയ മലയാളത്തിലെ ആദ്യ 20 കോടി ചിത്രം ട്വന്റി 20 യുടെ നിർമ്മാതാവായി അയാളതിനപ്പുറത്തേക്കും സഞ്ചരിച്ചു. മലയാള സിനിമ സംഘടനയായ അമ്മയുടെ ഏറ്റവും കരുത്തുറ്റ ഘടകമായി. ശേഷം ചാലക്കുടിയിൽ ഡി സിനിമാസ് എന്ന മൾട്ടിപ്ലെക്സ്  തിയേറ്റർ സ്വന്തമാക്കി കൊണ്ട് തീയേറ്റർ ഉടമയായി.

ഒരു സിനിമകഥപോലെ ഉജ്ജ്വലമായിരുന്നു ദിലീപിന്റെ വ്യക്തി ജീവിതവും, മഞ്ജു വാര്യരുമായുള്ള വേർപിരിയലും, ഏറെ നാളായുള്ള പാപ്പരാസികളുടെ ചോദ്യത്തിനുള്ള മറുപടിയെന്നോണം നടി കാവ്യാ മാധവനുമായുള്ള വിവാഹവും. 2017 ജനപ്രിയ നായകന്റെ ആരാധകർക്ക് അതൊരിക്കലും മറക്കാൻ കഴിയില്ല. യുവ നടി കാറിൽ വെച്ച് ബലാത്സംഘത്തിനിരയായതുമായി ബന്ധപ്പെട്ട് ജൂലൈയിൽ ദിലീപ് അറസ്റ്റിലായി. മൂന്ന് മാസത്തെ ജയിൽ ജീവിതത്തിനു ശേഷം ജാമ്യം. അതിന്റെ കേസിപ്പോഴും നടക്കുകയാണ്. പിന്നീട് അമ്മയിൽ നിന്നും പുറത്താകണമെന്നും, സിനിമയിൽ നിന്ന് ബഹിഷ്ക്കരിക്കണമെന്നുമുള്ള അന്തി ചർച്ചകൾ. ഡബ്ള്യൂ സി സി യുടെ പിറവി. അതിനിടയിലും ദിലീപ് നേടിയെടുത്ത രാമലീലയുടെ മഹാ വിജയം.

മകൾ മീനാക്ഷിക്കും, മഹാലക്ഷ്മിക്കും, ഭാര്യ കാവ്യക്കുമൊപ്പം അയാളിന്ന് സന്തുഷ്ടനാണ്. രാമലീലയ്ക്ക് ശേഷമിറങ്ങിയ ഒരുപിടി ചിത്രങ്ങൾ വിജയം കണ്ടില്ലെങ്കിലും അയാളിന്നും ജനപ്രിയ നായകൻ തന്നെയാണ്. ഒടുവിലിറങ്ങിയ ദി പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന അണിയറയിലൊരുങ്ങുന്ന ചിത്രം “ഭ ഭ ഭ” അതിനെ അരക്കിട്ടുറപ്പിക്കുന്നതാകട്ടെ എന്ന് നമുക്ക് ആശംസിക്കാം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ “ജനപ്രിയ നായകന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.