
സെൻസർബോർഡിന്റെ നടപടിക്കെതിരെ ‘ഹാൽ’ സിനിമയുടെ നിർമാതാവും സംവിധായകനും നൽകിയ ഹർജിയിൽ ഹൈക്കോടതി നവംബർ 14-ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം കേട്ടത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പതിനഞ്ചോളം കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതിനെതിരെയായിരുന്നു നിർമാതാവും സംവിധായകനും ഹർജി നൽകിയിരുന്നത്. സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
ഒക്ടോബർ 25 ആം തിയ്യതി ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണും കേസിൽ ഹാജരായ അഭിഭാഷകരും സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമയില്‍ സെന്‍സർ ബോർഡ് ചൂണ്ടിക്കാട്ടുന്ന പോലെ നീക്കേണ്ടതായ രംഗങ്ങളുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. ഹർജിയെ എതിർത്ത് കത്തോലിക്കാ കോൺഗ്രസും ആർഎസ്എസ് നേതാവും കക്ഷി ചേർന്നിരുന്നു.
ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഇതിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ മത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്. സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള വാദമാണ് ഹർജിയെ എതിർക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഉന്നയിക്കുന്നത്. ആർഎസ്എസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആർഎസ്എസ് നേതാവ് നൽകിയ ഹർജിയിൽ പറയുന്നത്.
ചിത്രത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകൾ സജീവമായിരുന്നു. വെട്ടി മുറിക്കാത്ത ഹാൽ മൂവി ഞങ്ങൾക്ക് കാണണം എന്നായിരുന്നു ക്യാമ്പെയ്ൻ. #wesupporthaalmovie #nilapadu’ എന്ന പോസ്‌റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നത്. നടനും സംവിധായകനുമായ മധുപാൽ ഉൾപ്പെടെയുള്ളവർ ക്യാമ്പെയ്ന് പിന്തുണയുമായി എത്തുകയും ചെയ്തു.
സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. കൂടാതെ അടുത്തിടെ രെ റിലീസ് ചെയ്‌തെ രാവണപ്രഭുവിൽ കട്ടുകൾ വരില്ലേ എന്ന് ചോദിച്ചപ്പോൾ എവിടെ കട്ട് ചെയ്യണമെന്ന് അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും അത് കൊണ്ട് രാവണപ്രഭുവിൽ കട്ടുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. സിനിമയുടെ മേലുള്ള സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണെന്ന് ചിത്രത്തിൻറെ നിർമ്മാതാവ് സന്തോഷ് കുരുവിളയും അഭിപ്രായപ്പെട്ടിരുന്നു.
സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്‌തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു.