ഇപ്പോള്‍ വായിക്കുന്നത് മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍ എന്ന പുസ്തകം’ ഗുരു സോമസുന്ദരം

‘യൂട്യൂബ് വഴി മലയാളം വായിക്കാന്‍ പഠിച്ചു ,ഇപ്പോള്‍ വായിക്കുന്നത് മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍ എന്ന പുസ്തകമാണെന്ന് ‘ ഗുരു സോമസുന്ദരം.മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയും, തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ നേടി കൊടുക്കുകയും ചെയ്തു.ഒരുപിടി മലയാള സിനിമകളില്‍ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍.

അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാന്‍ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ആ വീഡിയോ പകര്‍ത്തിയത്. ഇപ്പോഴിതാ മലയാളം വായിക്കാന്‍ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം പങ്ക് വയ്ക്കുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.

യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാന്‍ പഠിച്ചത് എന്നും വായിക്കാന്‍ പഠിച്ച ശേഷം മലയാള സിനിമയില്‍ അഭിനയിച്ചപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയില്‍ പറയുന്നു. മലയാള പുസ്തകങ്ങള്‍ വായിക്കാറുണ്ടെന്നു പറയുന്ന ഗുരു നിലവില്‍ സൂപ്പതാരം മോഹന്‍ലാല്‍ രചിച്ച ഗുരുമുഖങ്ങള്‍ എന്ന പുസ്തകമാണ് വായിക്കുന്നത് എന്നും വിഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു.