“ഹീനമായ കുറ്റകൃത്യം, ജാമ്യം അനുവദിച്ചാൽ അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തു വരും”; സർക്കാർ

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ എതിർത്ത് സർക്കാരും അതിജീവിതയും. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു. ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്ന് സർക്കാരും വാദിച്ചു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്പെൻഡ് ചെയ്‌ത്‌ ജാമ്യം അനുവദിക്കണമെനന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്നും പൾസർ സുനി ചൂണ്ടിക്കാണിച്ചിരുന്നു.

ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നതിൻ്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരേ അതിജീവിതയും അപ്പീൽ ഫയൽ ചെയ്യുമെന്ന് അറിയിച്ചു.

വാദം പൂർത്തിയായതിനെത്തുടർന്ന് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഉപഹർജി ജസ്റ്റിസ് വി. രാജ വിജയരാഘവൻ ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിനായി മാറ്റി. വിചാരണക്കോടതി ഉത്തരവിനെതിരേ ഫയൽ ചെയ്തിരിക്കുന്ന അപ്പീലിനോടൊപ്പമാണ് ഉപഹർജി പരിഗണിച്ചത്.

അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നതെന്നും വാദിച്ചു.