
നടി ഗൗരി കൃഷ്ണൻ വിവാഹമോചിതയാകുന്നു. താരം തന്നെയാണ് ഈ കാര്യം വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും ആരാധകരെ അറിയിച്ചത്. താനും ഭർത്താവും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഗൗരി പറഞ്ഞു. ജീവിതത്തിലെ മുൻഗണനകൾ വ്യത്യസ്തമായതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എന്നാൽ പരസ്പര സൗഹൃദം തുടരുമെന്നും ഗൗരി വ്യക്തമാക്കി.
ഈ വിഷമഘട്ടത്തിൽ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് നടി മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. നിലവിൽ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിഷാദരോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഗൗരി വെളിപ്പെടുത്തി. തെറ്റായ വാർത്തകളോ അടിക്കുറിപ്പുകളോ നൽകി കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്നും താരം കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഭർത്താവ് എവിടെ എന്ന ആരാധകരുടെ തുടർച്ചയായ ചോദ്യങ്ങൾക്കാണ് വ്‌ളോഗിലൂടെ ഗൗരി കൃത്യമായ മറുപടി നൽകിയത്. ഒരാൾക്കൊപ്പം ജീവിക്കുന്നത് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനല്ലെന്നും മറിച്ച് നല്ലൊരു കൂട്ടിന് വേണ്ടിയാണെന്നും താരം പറഞ്ഞു. പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാത്ത ബന്ധത്തിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും, മറ്റൊരാൾക്ക് ശല്യമാകാതെ മാറിനിൽക്കുന്നത് സ്വയം ബഹുമാനത്തിന്റെ ഭാഗമാണെന്നും താരം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ തന്റെ സ്വകാര്യതയെ എല്ലാവരും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗരി പറഞ്ഞു.