വിജയിൽ നിന്നും തൃഷയിൽ നിന്നും പഠിച്ച ‘നല്ല ശീലങ്ങൾ’; മനസ്സ് തുറന്ന് മാളവിക മോഹനൻ

','

' ); } ?>

തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരങ്ങളായ വിജയ്, തൃഷ കൃഷ്ണൻ എന്നിവരിൽ നിന്ന് താൻ കണ്ടുപഠിച്ച മികച്ച ക്വാളിറ്റികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മാളവിക മോഹനൻ. യാതൊരു വലിപ്പച്ചെറുപ്പവുമില്ലാതെ എല്ലാവരെയും തുല്യമായി കാണുന്ന തൃഷയുടെ രീതിയും, വാക്കു പാലിക്കുന്ന കാര്യത്തിൽ വിജയ് കാണിക്കുന്ന കൃത്യനിഷ്ഠയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് മാളവിക വ്യക്തമാക്കി.

തന്റെ ആദ്യ വലിയ തമിഴ് ചിത്രമായ ‘പേട്ട’യുടെ ചിത്രീകരണത്തിനിടെയാണ് തൃഷയെ പരിചയപ്പെടുന്നതെന്ന് മാളവിക ഓർത്തെടുക്കുന്നു. വാരാണസിയിലെ ഷൂട്ടിങ് വേളയിൽ ഒരു പുതുമുഖമെന്ന പരിഗണന പോലുമില്ലാതെ തൃഷ തന്നോട് വളരെ അടുപ്പത്തോടെയാണ് പെരുമാറിയത്. എല്ലാവരെയും ഒരുപോലെ ചേർത്തുപിടിക്കാനും കൂടെക്കൂട്ടാനും അവർ കാണിച്ച മനസ്സ് വളരെ സ്വാഭാവികമായിരുന്നു. പിന്നീട് വിജയ്‌യുടെ നായികയായി ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ, അടുത്ത സുഹൃത്തുക്കൾ അല്ലായിരുന്നിട്ടുപോലും “ഹേയ് ബേബി അയാം ഹാപ്പി ഫോർ യു” എന്ന് തൃഷ അയച്ച ആശംസാ സന്ദേശം തന്റെ മനസ്സ് തൊട്ടെന്നും താരം കൂട്ടിച്ചേർത്തു.

വിജയ്‌യിൽ നിന്ന് പഠിച്ച പ്രധാന ഗുണത്തെക്കുറിച്ചും മാളവിക സംസാരിച്ചു. തിരക്കുകളുള്ള സമയത്ത് തിങ്കളാഴ്ച തിരിച്ചുവിളിക്കാമെന്ന് വിജയ് പറഞ്ഞാൽ, കൃത്യമായി തിങ്കളാഴ്ച തന്നെ അദ്ദേഹം വിളിക്കുമെന്നും അത് ഒരു ദിവസവും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ലെന്നും മാളവിക പറഞ്ഞു. വൻ താരപദവിയിലുള്ള ഒരാളിൽ നിന്ന് ഇത്തരം വാക്കുപാലിക്കലും കൃത്യനിഷ്ഠയും വലിയ കാര്യമാണെന്നും താരം പറയുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക മോഹനൻ, ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരം, അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുകയും ഓരോ സഹപ്രവർത്തകരിൽ നിന്നും പുതിയ നല്ല കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

മാളവികയുടെ വാക്കുകൾ

തമിഴില്‍ എന്റെ ഏറ്റവും ആദ്യത്തെ ഒരു വലിയ കൊമേര്‍ഷ്യല്‍ സിനിമ പേട്ടയായിരുന്നു. ആ ചിത്രത്തിലാണ് ഞാന്‍ തൃഷ കൃഷ്ണനൊപ്പം വര്‍ക്ക് ചെയ്തത്. വളരെ സ്വീറ്റ് ആയിരുന്നു തൃഷ, എന്നെ വളരെ അധികം കംഫര്‍ട്ടിബിളാക്കി. വാരണാസിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഷൂട്ടിങ് നടന്നത്, ഞങ്ങള്‍ എല്ലാവരും അവിടെ ഒരു ഹോട്ടലിലാണ് താമസിച്ചത്.

തൃഷ നമ്മളോട് വന്ന് സംസാരിക്കും, നമ്മളെ കംഫര്‍ട്ടബിളാക്കും, നമ്മളെയും ചേര്‍ത്ത് പ്ലാനിങുകള്‍ ഉണ്ടാക്കും, പുറത്ത് പോവാന്‍ തയ്യാറാവും, എല്ലാ കാര്യത്തിലും നമ്മളെയും പങ്കെചുപ്പിക്കും. അതൊക്കെയും വളരെ യഥാര്‍ത്ഥമായിരുന്നു. വേണം എന്ന് കരുതി ചെയ്യുന്നതല്ല, സ്വാഭാവികമായി തൃഷ അങ്ങനെ തന്നെയാണ്.

എന്ന് അപ്പോള്‍ അത് മനസ്സിലായിരുന്നില്ല, പിന്നീട് പല സെറ്റുകളിലും എത്തിയപ്പോഴാണ് അപൂര്‍വ്വമായിട്ട് ചിലര്‍ക്ക് മാത്രമേ അതുപോലെ തൃഷ ചെയ്തത് പോലെ, പെരുമാറിയതു പോലെ മറ്റുള്ളവരെ ട്രീറ്റ് ചെയ്യാന്‍ സാധിക്കൂ. പിന്നീട് ഞാന്‍ വിജയ് സാറിനൊപ്പം മാസ്റ്റര്‍ ചെയ്യുമ്പോള്‍, ഹേയ് ബേബി അയാം ഹാപ്പി ഫോര്‍ യു – എന്ന് പറഞ്ഞ് തൃഷയുടെ മെസേജ് വന്നിരുന്നു.

ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒന്നുമല്ല, പരസ്പരം കാണുമ്പോള്‍ സംസാരിക്കുന്നതിനപ്പുറത്തേക്ക് ആ ബന്ധമില്ല. എന്നിരുന്നാലും ആ പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്നെ പോലെ ഒരു പുതുമുഖ നടിയോട് തൃഷയ്ക്ക് അങ്ങനെ പേരുമാറേണ്ട ആവശ്യമില്ല, എന്നിട്ടും വലുപ്പ ചെറുപ്പം നോക്കാതെ തൃഷ പെരുമാറി. എല്ലാവരെയും ഈക്വലായിട്ടാണ് തൃഷ കാണുന്നത്. അത് ഞാന്‍ തൃഷയില്‍ നിന്ന് പഠിച്ചതാണ്.

അതുപോലെ വിജയ് സാറില്‍ നിന്നും ഒരുപാട് നല്ല ക്വാളിറ്റീസ് എനിക്ക് കിട്ടിയിട്ടുണ്ട്. നമ്മള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി വിജയ് സാറിനെ വിളിച്ചാല്‍, അപ്പോള്‍ തിരക്കാണെങ്കില്‍, ഞാന്‍ തിങ്കളാഴ്ച വിളിക്കാം എന്ന് പറയും. പൊതുവെ അദ്ദേഹത്തെ പോലൊരാള്‍ തിരക്കിലാണ് എന്ന് പറഞ്ഞാല്‍, പിന്നീട് നമ്മളെ ഓര്‍ക്കണമെന്നോ വിളിക്കണമെന്നോ ഇല്ല. പക്ഷേ കൃത്യം തിങ്കളാഴ്ച തന്നെ അദ്ദേഹം വിളിച്ചിരിക്കും, അത് ഞായറാഴ്ചയും ആവില്ല, ചൊവ്വാഴ്ച വരെ എത്തുകയുമില്ല. അതൊക്കെ വലിയ ക്വാളിറ്റിയാണ്- മാളവിക മോഹന്‍ പറഞ്ഞു.