
അജിത് കുമാറും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന പുതിയ ആക്ഷൻ ത്രില്ലർ ‘ഗുഡ് ബാഡ് അഗ്ലി’ സെൻസർ നടപടികൾ പൂര്‍ത്തിയായി. രണ്ട് മണിക്കൂറും 20 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഏപ്രിൽ 10ന് സമ്മർ റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രം അജിത് ഫാൻസിനായുള്ള ഒരു വമ്പൻ ട്രീറ്റ് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മൂന്ന് വ്യത്യസ്ത ലുക്കുകളിൽ അജിത്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ഇപ്പോഴേക്കെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് സ്ലിം ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ അജിത്തിനെ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രശംസയോടെ സ്വീകരിക്കുകയാണ്.
ചിത്രത്തിൽ ഒരു സപ്രൈസ് കാമിയോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സിലമ്പരസൻ ആയിരിക്കുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എസ് ജെ സൂര്യയും പ്രത്യേക വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന സൂചനകളും ചില മാധ്യമങ്ങൾ നൽകുന്നുണ്ട്. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.