
2020ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഹാക്ക്വിന്‍ ഫീനീക്‌സാണ് മികച്ച നടന്‍. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1971 ആണ് മികച്ച ചിത്രം (ഡ്രാമ വിഭാഗത്തില്‍). മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗര്‍ മികച്ച നടിയായി തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഹാക്ക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്.
മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡാ’ണ് മികച്ച ചിത്രം. റോക്കറ്റ് മാനിലൂടെ ടാരണ്‍ എഗെര്‍ട്ടണാണ് നടന്‍. ദ ഫെയര്‍വെലിലൂടെ ഓക്വാഫിന നടിയുമായി. ഡ്രാമാ വിഭാഗത്തില്‍ ബ്രാഡ്പിറ്റാണ് മികച്ച സഹ നടന്‍. രണ്ടു ദശകത്തിനിടെ ഇതാദ്യമായാണ് ബ്രാഡ് പിറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സഹനടി ലോറ ഡെര്‍ണ്‍ ആണ്.
വിദേശഭാഷാ ഇനത്തില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് പുരസ്‌കാരം നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൗണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ നടിയായി. ബ്രയാന്‍ കോക്‌സാണ് നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ച നടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്‌കാരം സക്‌സഷനാണ്. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്‌ലിബാഗും പുരസ്‌കാരം നേടി.
മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം വണ്‍സ് അപ്പോണ്‍ എ ടൈമിലൂടെ ക്വിന്റിന്‍ ടരാന്റിനോ നേടി. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം റോക്കറ്റ് മാനിനാണ്. മിസിങ് ലിങ്കാണ് ആനിമേഷന്‍ ചിത്രം.