ഗോവ ചലച്ചിത്രമേളയില്‍ മലയാളത്തിന് നേട്ടം…ആറ് മലയാളസിനിമകള്‍

49ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഇന്ത്യന്‍ പനോരമയില്‍ 26 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് നേട്ടമായി ആറുസിനിമകള്‍ തിരഞ്ഞെടുത്തത്. ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. സിനിമയുടെ ആദ്യ പ്രദര്‍ശനം കൂടിയാകും അന്ന് നടക്കുക. 22ഫീച്ചര്‍ സിനിമകളും നാല് മെയിന്‍ സ്ട്രീം സിനിമകളുമാകും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുക. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവയിലിന്റെ അധ്യക്ഷതയിലുള്ള ജൂറിയില്‍ മലയാളിയായ മേജര്‍ രവിയടക്കം പന്ത്രണ്ടോളം ചലച്ചിത്ര പ്രവര്‍ത്തകരാണുള്ളത്.

മലയാളത്തില്‍ നിന്നും ഷാജി എന്‍ കരുണിന്റെ ‘ഓള്’ന് പുറമെ എബ്രിഡ് ഷൈനിന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, റഹീം ഖാദറിന്റെ ‘മക്കന’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈമയൗ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മൂട്ടി നായകനായ ‘പേരന്‍പ്’ തമിഴില്‍ നിന്നും പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മാരി ശെല്‍വരാജിന്റെ ‘പരിയേറും പെരുമാളാ’ണ് തിരെഞ്ഞെടുത്ത ശ്രദ്ധേയമായ മറ്റൊരു തമിഴ് സിനിമ.

മെയ്ന്‍സ്ട്രീം സിനിമാ വിഭാഗത്തില്‍ ദുല്‍ഖര്‍-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച മഹാനടി, ഹിന്ദിയില്‍ നിന്നും പത്മാവത്, റാസി, ഗൈടര്‍ സിന്ദാഹേ എന്നിവ തിരഞ്ഞെടുത്തിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ ‘മിഡ് നൈറ്റ് റണ്‍’, വിനോദ് മങ്കടയുടെ ‘ലാസ്യം’, ഷൈനി ജേക്കബ് ബെഞ്ചമിന്റെ ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’ എന്നിവയാണ് അത്. മറാത്തിയില്‍ നിന്നുള്ള ‘ഖര്‍വാസ്’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വെച്ചാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.