“നിങ്ങള്‍ മാറി ചിന്തിക്കണം, എനിക്ക് 12 വയസുള്ള ഒരു മകനുണ്ട്”; എഐ നിർമിത ചിത്രങ്ങള്‍ക്ക് എതിരെ ഗിരിജ ഓക്ക്

','

' ); } ?>

തന്റെ എഐ നിർമിത ചിത്രങ്ങള്‍ സെക്ഷ്വലൈസ് ചെയ്ത് പ്രചരിപ്പിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് തുറന്നു പറഞ്ഞ് നടി ഗിരിജാ ഓക്ക്. തനിക്ക് പന്ത്രണ്ടു വയസ്സുള്ള ഒരു മകനുണ്ടെന്നും, ഭാവിയിൽ അവനിത് കാണാനിടയാകുന്ന സാഹചര്യം തന്നെ ഭയപ്പെടുത്തുന്നുവെന്നും ഗിരിജ ഓക്ക് പറഞ്ഞു. കൂടാതെ ഇത്തരം ഇമേജുകള്‍ സോഷ്യൽ മീഡിയയിൽ കാണുകയും ലൈക്ക് ചെയ്യുന്ന ആളുകളും ഈ പ്രശ്നത്തിന്റെ ഭാഗമാണെന്നും, നിങ്ങൾ മാറി ചിന്തിക്കണമെന്നും ഗിരിജ ഓക്ക് കൂട്ടിച്ചേർത്തു. നീല സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച നടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.

“എനിക്ക് 12 വയസുള്ള ഒരു മകനുണ്ട്. അവനിപ്പോള്‍ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷേ അവന്‍ വളരുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണാന്‍ ഇടയാകും. കാരണം ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ എല്ലാക്കാലവും ഇന്റർനെറ്റില്‍ ലഭ്യമായിരിക്കും. അശ്ലീലകരമായ ഈ ചിത്രങ്ങള്‍ അവൻ കാണാന്‍ ഇടയാകും. അത് എന്നെ ഭയപ്പെടുത്തുന്നു. ഇതൊന്നും യഥാർഥ ചിത്രങ്ങള്‍ അല്ലെന്നും എഐ എഡിറ്റഡ് ആണെന്നും അവന് അറിയാം. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവർക്കും അത് അറിയാം. പക്ഷേ ഇതിലൂടെ അവർക്ക് വിലകുറഞ്ഞ ഒരു ത്രില്ല് ലഭിക്കുന്നു. ഒരുതരം ഇക്കിളിപ്പെടുത്തൽ. ഇത് ഭയപ്പെടുത്തുന്നതാണ്. ഇതിൽ ഒന്നും ചെയ്യാനില്ല എന്നും എനിക്ക് അറിയാം. പക്ഷേ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഗിരിജ ഓക്ക് പറഞ്ഞു.

“ഈ കളി എങ്ങനെയാണെന്ന് നമുക്ക് അറിയാം. ഇതിന് നിയമങ്ങള്‍ ഒന്നുമില്ല. ഈ വീഡിയോ നിങ്ങള്‍ കാണുന്നെങ്കില്‍, നിങ്ങൾ സ്ത്രീ പുരുഷന്മാരുടെ ഐഎ എഡിറ്റഡ് ഇമേജുകൾ നിർമിക്കുന്ന ആളാണെങ്കിൽ, അത് ശരിയല്ലെന്ന് ഒരിക്കലെങ്കിലും മനസിലാക്കണം. ഇനി നിങ്ങള്‍ ഇത്തരം ഇമേജുകള്‍ സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്യുകയും കാണുകയും ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗമാണെന്ന് മനസിലാക്കണം. നിങ്ങള്‍ മാറി ചിന്തിക്കണം എന്ന് അഭ്യർഥിക്കാൻ മാത്രമെ എനിക്ക് സാധിക്കൂ.” ഗിരിജ ഓക്ക് കൂട്ടിച്ചേർത്തു.

ലല്ലൻടോപ്പ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഗിരിജയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നീല സാരി ലുക്ക് വൈറലായതോടെ ഇന്ത്യയുടെ സ്വിഡ്നി സ്വീനിയെന്നും മോണിക്ക ബലൂച്ചിയെന്നുമാണ് ഗിരിജയെ നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്.
‘ജവാന്‍’ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടി മറാത്തി സിനിമയിൽ സജീവമാണ്. മുതിർന്ന മറാത്തി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് നടി. ‘താരേ സമീൻ പർ’, ‘ഷോർ ഇൻ ദി സിറ്റി’, ‘ക്വാല’, ‘ദി വാക്സിൻ വാർ’ തുടങ്ങിയവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ.