
തന്റെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും തുറന്ന് സംസാരിച്ച് നടൻ ജിബിൻ ഗോപിനാഥ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിൽ മുഖ്യ കഥാപാത്രങ്ങളുടെ പേരിൽ മമ്മൂട്ടിക്കും വിനായകനുമൊപ്പം തന്റെ പേരും വന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്നും, താനത് ആഘോഷമാക്കിയെന്നും ജിബിൻ ഗോപിനാഥ് പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയോടൊപ്പം ജന്മദിനമാഘോഷിച്ചത് അവിസ്മരണീയമായ നിമിഷമായിരുന്നെന്നും, മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജിബിൻ ഗോപിനാഥ് കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കളങ്കാവലാണ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അതിൽ മമ്മൂക്കയോടൊപ്പം മുഴു നീള വേഷമാണ് ചെയ്യുന്നത്. അതിൽ എനിക്കേറ്റവും സന്തോഷമുണ്ടാക്കിയ കാര്യം ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റായിരുന്നു. സർട്ടിഫിക്കറ്റിൽ മുഖ്യ കഥാപാത്രങ്ങളുടെ പേര് വരുന്നത്, മമ്മൂട്ടി, വിനായകൻ , ജിബിൻ ഗോപിനാഥ് എന്നാണ്. ആദ്യമായിട്ടാണ് എന്റെ പേര് മുഖ്യ കഥാപാത്രങ്ങൾക്കൊപ്പം വരുന്നത്. മറ്റാരൊക്കെ അത് ആഘോഷിച്ചെന്ന് എനിക്കറിയില്ല. പക്ഷെ ഞാനത് ആഘോഷമാക്കിയിട്ടുണ്ടായിരുന്നു.” ജിബിൻ ഗോപിനാഥ് പറഞ്ഞു.
“ആ സെറ്റിൽ വെച്ച് എന്റെ ജന്മദിനമാഘോഷിച്ചപ്പോൾ മമ്മൂക്ക ഒരു കേക്കിന്റെ കഷ്ണമെടുത്ത് എന്റെ വായിൽ വെച്ച് തന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് സത്യമായിട്ടും എന്റെ കാലുകൾ തറയിൽ ചവിട്ടിയിട്ടുണ്ടായിരുന്നില്ല. ഭൂമിയിലാണോ എന്ന ചോദിച്ചാൽ അല്ല, ഇനി ബഹിരാകാശത്ത് ആണോ എന്ന ചോദിച്ചാൽ അതും അല്ല. ആ ഒരവസ്ഥയിലായിരുന്നു ഞാൻ. ഇത് ഞാൻ എക്‌സാജറേഷൻ പറയുന്നതല്ല. അത് ആരായാലും അങ്ങനെ ആയിരിക്കും. അതുപോലെ മമ്മൂക്കയ്ക്ക് അവാർഡ് കിട്ടിയപ്പോൾ അഭിനന്ദനം അറിയിക്കാൻ ഞാൻ ചെന്നിരുന്നു. അദ്ദേഹത്തിന് ഒരുപാട് തവണ കിട്ടിയതാണെങ്കിലും എനിക്കത് ഭയങ്കര സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. അതൊന്ന് നേരിട്ട് പറയാനാണ് ഞാൻ പോയത്. പക്ഷെ എന്നെ കണ്ട ഉടനെ അദ്ദേഹം എന്നെയാണ് അഭിനന്ദിച്ചത്. പുതിയ സിനിമ ഗംഭീരമായിട്ടുണ്ടെന്ന് കേട്ടു, ഞാൻ കണ്ടിട്ടില്ല, കാണാം കേട്ടോ എന്നൊക്കെ പറഞ്ഞു. അപ്പൊ അദ്ദേഹം എല്ലാം അറിയുന്നുണ്ട്. അത് വലിയൊരു സന്തോഷമായിരുന്നു.” ജിബിൻ ഗോപിനാഥ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ശ്രദ്ധേയനായ സ്വഭാവ നടനാണ് തിരുവനന്തപുരം സ്വദേശിയായ ജിബിൻ ഗോപിനാഥ്. തന്റെ പെട്ടെന്നുള്ള നർമ്മത്തിനും സ്വാഭാവിക പ്രകടനങ്ങൾക്കും അദ്ദേഹത്തിനാരാധകരേറെയാണ്. കേരള പോലീസിന്റെ കുട്ടൻപിള്ള പരമ്പരയിലൂടെയാണ് ജിബിൻ ശ്രദ്ധാകേന്ദ്രമായത്. ഒരുപിടി മുഖ്യധാരാ സിനിമകളും, നിരവധി ഹ്രസ്വചിത്രങ്ങളും, പരസ്യങ്ങളും ജിബിൻ ചെയ്തിട്ടുണ്ട്.