
‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി നായികയാകുമെന്ന് സ്ഥിരീകരണം. യഷും സംവിധായിക ഗീതു മോഹൻദാസും ചേർന്നാണ് കിയാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘നാദിയ’ എന്ന കഥാപാത്രമായാണ് കിയാര ചിത്രത്തിൽ വേഷമിടുന്നത്. കിയാരയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിൻ്റെ സംവിധായിക ഗീതു മോഹൻദാസ് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കിയാര ചിത്രത്തിൽ അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് ഗീതു മോഹൻദാസ് കുറിച്ചിരിക്കുന്നത്.
“ചില പ്രകടനങ്ങൾ ഒരു ചിത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, അവ കലാകാരനെ പുനർനിർവചിക്കുന്നു. ഈ ചിത്രത്തിൽ കിയാര സ്ക്രീനിൽ നടത്തിയിരിക്കുന്നത് ഒരു പരകായപ്രവേശമാണ്. വൈകാരികമായും മാനസികമായും ഈ കഥാപാത്രം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും ആദ്യ കൂടിക്കാഴ്ച മുതൽ തന്നെ അവൾ പരിപൂർണ വിശ്വാസം അർപ്പിച്ചു. സംവിധായിക എന്ന നിലയിൽ അവളുടെ അർപ്പണബോധത്തിൽ എനിക്ക് അഭിമാനമുണ്ട്.” ഗീതു മോഹൻദാസ് കുറിച്ചു.
നേരത്തെ സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഗീതുവിൻ്റെ ഭർത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ്. ‘കെജിഎഫി’ന് ശേഷം രവി ബസൂർ വീണ്ടും യഷ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ജോൺ വിക്ക്’ സിനിമകളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും അൻബറിവുമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിന്റേയും യഷിന്റെ തന്നെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റേയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇംഗ്ലിഷിലും കന്നഡയിലുമായി ഒരേസമയം ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. 2026 മാർച്ച് 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക.