“ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയിൽ ഒരു പുരുഷനോട് അവർ ചോദിക്കുമായിരുന്നോ?”; ഗൗരി കിഷൻ

','

' ); } ?>

സിനിമയുടെ പ്രസ് മീറ്റിങിനിടെ അവഹേളനം നേരിട്ടതിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഗൗരി കിഷൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് ലഭിച്ച പിന്തുണ അപ്രതീക്ഷിതവും അതിശക്തവും വിനയാന്വിതയാക്കുന്നതുമായിരുന്നുവെന്ന് അവര്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, തമിഴ് താരസംഘടനയായ നടികര്‍ സംഘം, ചെന്നൈ പ്രസ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ക്കും തന്നെ പിന്തുണച്ച വ്യക്തികള്‍ക്കുമാണ് നടി നന്ദി പറഞ്ഞത്.

“എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. അത് അപ്രതീക്ഷിതവും അതിശക്തവും എന്നെ വിനയാന്വിതയാക്കുന്നതുമായിരുന്നു. ചെന്നൈ പ്രസ് ക്ലബ്, മലയാളത്തിലെ താരസംഘടനയായ അമ്മ, സൗത്ത് ഇന്ത്യ നടികർ സംഘം എന്നിവരുടെ പ്രസ്താവനകൾക്ക് നന്ദി. പത്ര- മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. എന്നെ ബന്ധപ്പെടുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുംചെയ്‌ത സിനിമ വ്യവസായത്തിലെ എല്ലാവർക്കും എൻ്റെ സമകാലികർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി”. ഗൗരി കുറിച്ചു

“പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ, സൂക്ഷമപരിശോധന എന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തേയോ രൂപത്തേയോ ലക്ഷ്യംവെച്ചുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഏത് സാഹചര്യത്തിലും അനുചിതമാണ്. അവിടെ എന്റെ ജോലിയായ, ആ സിനിമയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയിൽ ഒരു പുരുഷനോട് അവർ ചോദിക്കുമായിരുന്നോയെന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്. പ്രയാസമേറിയഘട്ടത്തിൽ എൻ്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവാണ്. അത് എനിക്ക് മാത്രമല്ല, ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേർക്ക് വേണ്ടിയായിരുന്നു. ഇതൊരു പുതിയ കാര്യമല്ല, ഇന്നും വ്യാപകമാണ്. യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങളെ മുൻനിർത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് സാധാരണമാകുന്നു. ഇത്തരത്തിൽ അനുഭവിച്ചിട്ടുള്ള ഏതൊരാൾക്കും, നമുക്ക് പ്രതികരിക്കാൻ അനുവാദമുണ്ടെന്ന ഒരു ഓർമപ്പെടുത്തലായി ഇത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിക്കുമ്പോൾ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാൻ ശ്രമിക്കാനും നമുക്ക് അവകാശമുണ്ട്”. ഗൗരി കൂട്ടിച്ചേർത്തു.

താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച്‌ച ചിത്രത്തിൻ്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്‌തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി.