
മികച്ച പ്രതികരണങ്ങളോടെ ചിദംബരത്തിന്റെ ബാലൻ പ്രദർശനം തുടരുമ്പോൾ കയ്യടി നേടി ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും നടനുമായ ഗണപതി. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആദിശേഷന് വേണ്ടി കേരളത്തിലെ അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തിയെന്നും ഫർസാന അവതരിപ്പിച്ച അമ്മ വേഷത്തിനായി 4000 പേരെ ഓഡിഷൻ നടത്തിയിരുന്നു എന്നും നേരത്തെ ഒരു അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നു.
“പയ്യൻ, അവന്റെ അമ്മ, അവൻ വലുതായാലുള്ള ഒരു കുട്ടി. ഇത് എവിടെ നിന്ന് തുടങ്ങണമെന്ന് ഭയങ്കരമായൊരു കൺഫ്യൂഷനുണ്ടായിരുന്നു. അമ്മയിൽ നിന്ന് തുടങ്ങണോ, മകനിൽ നിന്ന് തുടങ്ങണോ എന്നൊക്കെ. മകന് വേണ്ടി കേരളത്തിലെ ഒരു 40- 50 സ്കൂളുകളിൽ നമ്മൾ ഓഡിഷൻ ചെയ്തു. അമ്മയ്ക്ക് വേണ്ടി ഒരു 4000 പേരെ കേരളത്തിൽ നമ്മൾ ഓഡിഷൻ ചെയ്തു. എനിക്ക് ആദ്യം പയ്യനെ ആണ് കിട്ടിയത്. അവന്റെ ഫീച്ചേഴ്സ് വച്ചിട്ടാണ് ഞാൻ അമ്മയെ നോക്കിയത്. ചിലപ്പോൾ അവന്റെ കണ്ണുകളായിരിക്കാം ഞാൻ ഫോക്കസ് ചെയ്തത്. അങ്ങനെ ഫർസാനയിലേക്ക് എത്തി. ഫർസാന മുംബൈയിൽ ഒരു മോഡലാണ്. ഫർസാനയുടെ കണ്ണും ഇവന്റെ കണ്ണും തമ്മിൽ ചെറിയൊരു സാമ്യമുണ്ട്. അങ്ങനെ ഓഡിഷൻ ചെയ്താണ് ഫർസാന വരുന്നത്.
പിന്നീട് ഒരുപാട് വൈകിയാണ് വലിയ പയ്യൻ വരുന്നത്. ട്രെയ്‌ലറിലൊന്നും അവനില്ല. സിനാൻ എന്നാണ് അവന്റെ പേര്. കുറച്ചധികം സ്ട്രെസും ആങ്സൈറ്റിയും നിറഞ്ഞ ഒരു വർക്കായിരുന്നു ഇത്”. – ഗണപതി ഒരഭിമുഖത്തിൽ പറഞ്ഞു.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ നടി ഫർസാന പാലത്തിങ്ങൽ, ബാലനായി വേഷമിട്ട ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനങ്ങൾ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നത്. ചിദംബരത്തിന്റെ മുൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിന്റെയും കാസ്റ്റിങ് ഡയറക്ടർ ഗണപതി ആയിരുന്നു. കെവിഎൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.