എനിക്കുമുണ്ട് ആഗ്രഹങ്ങള്‍, നിങ്ങളെന്നെ ജയിലില്‍ ഇട്ടിരിക്കുകയാണോ?

ആന്തോളജി ചിത്രം സ്വാതന്ത്ര്യ സമരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിയോ ബേബി ഒരുക്കുന്ന ചിത്രം സോണി ലിവ്വിലാണ് റിലീസ് ചെയ്യുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

അഞ്ച് സിനിമകള്‍ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകര്‍ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍.

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മാന്‍ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഏറെ പ്രശംസിക്കപ്പെട്ട ചിത്രമായിരുന്നു. ചിത്രം കൈകാര്യം ചെയ്തിരുന്നു പ്രമേയവും ആനുകാലിപ്രശസ്തിയുളള വിഷയമായിരുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാരണം റിലീസിന് ശേഷം വലിയ രീതിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ആമസോണ്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആദ്യം സ്വീകരിച്ചിരുന്നില്ല. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതോടെ ചിത്രം വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ കാരണമായി. പിന്നീട് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുകയായിരുന്നു.പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ആയി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.