
നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര ബ്രാന്‍ഡായ കാഞ്ചീവരത്തിന്റെ പേരില്‍ വലിയതോതിലുള്ള തട്ടിപ്പ് നടന്നെന്ന്പരാതി. കാഞ്ചീവരത്തിന്റെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ് ഉപയോഗിച്ചും, വ്യാജ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയ വീഡിയോകള്‍ തയ്യാറാക്കിയും പണം തട്ടിയതായാണ് പരാതി.
ഈ തട്ടിപ്പ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടക്കുകയാണെന്നും, ഇതിനെ കുറിച്ചുള്ള ആദ്യത്തെ കേസ് കഴിഞ്ഞ മെയ് മാസത്തിലാണ് കണ്ടെത്തിയതെന്നും ആര്യ പറഞ്ഞു. ഇതിനിടെ നിരവധി പേര് തട്ടിപ്പിനിരയായി, പണം നഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും ആര്യ ഇതിനുശേഷം തുടർച്ചയായി മുന്നറിയിപ്പുകള്‍ നല്കി വരികയാണ്.
പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും താരം ഇക്കാര്യം ആവര്‍ത്തിച്ചു. “ചാനലുകാര് ഞങ്ങളുടെ ഓഫീസില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചതില്‍ സന്തോഷമുണ്ട്. സംഭവം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതാണ് പ്രധാനം,” എന്നാണ് ആര്യയുടെ പ്രതികരണം.
തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തക്കു കീഴിൽ ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന ചില കമന്റുകൾ ദുഃഖമുണ്ടാക്കിയെന്നും ആര്യ വ്യക്തമാക്കി. “ചെലവില്ലാതെ പരസ്യം കിട്ടിയല്ലോ”, “ഇങ്ങനെയും പരസ്യം ചെയ്യാമല്ലോ” തുടങ്ങിയ കമന്റുകൾ ഉണ്ടായി. തട്ടിപ്പിനിരയായ ആളുകളുടെ കമന്റുകൾ കാണാനായി സെക്ഷൻ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ കണ്ടതെന്നും, അവ സങ്കടം ഉണ്ടാക്കിയതായും ആര്യ പറഞ്ഞു. “പൈസ പോയാലും സാരമില്ലായിരുന്നു എന്നു വരെ തോന്നിപ്പോയി”, എന്നും താരം കൂട്ടിച്ചേർത്തു.