“പറയുന്നതിനും, ചെയ്യുന്നതിനും ആർത്തവവും ഗർഭകാലവും കാരണമാക്കരുത്”; പേളി മാണിക്കെതിരെ ആഞ്ഞടിച്ച് മുൻ സ്റ്റൈലിസ്റ്റ്

','

' ); } ?>

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിലപാടെടുത്ത അവതാരകയും നടിയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി. സംഭവം വലിയ വിവാദമായതോടെ മാപ്പുപറഞ്ഞ് പേളി രംഗത്തെത്തിയെങ്കിലും അമർഷവും ട്രോളുകളും അടങ്ങുന്നില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഇതിനോടകം നാല് ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് പേളിക്ക് സോഷ്യൽ മീഡിയയിൽ നഷ്ടമായത്.

പേളിയുടെ ഔദ്യോഗിക നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, നടിയുടെ പെരുമാറ്റത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സ്റ്റൈലിസ്റ്റ് ആരതി രാജും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രമല്ല യഥാർത്ഥ ജീവിതത്തിൽ പേളിക്കുള്ളതെന്നും, ക്യാമറയ്ക്ക് മുന്നിൽ കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാമെങ്കിലും ആളുകളുടെ യഥാർത്ഥ മുഖം കാലം പുറത്തുകൊണ്ടുവരുമെന്നും ആരതി കുറിച്ചു.

മുമ്പ് പേളിയുടെ സ്റ്റൈലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്തുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചും ആരതി വ്യക്തമാക്കുന്നുണ്ട്. “എനിക്ക് മൂന്ന് മില്യൺ ഫോളോവേഴ്‌സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ഈടാക്കുന്നുണ്ട്, നിനക്കെത്ര ഫോളോവേഴ്‌സുണ്ട്?” എന്ന് പേളി തന്നോട് ചോദിച്ചിരുന്നതായി ആരതി വെളിപ്പെടുത്തി. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ കാണില്ലെങ്കിലും തന്നോട് ആത്മാർത്ഥതയുള്ള ആയിരങ്ങൾ കൂടെയുണ്ടെന്നായിരുന്നു അന്ന് നൽകിയ മറുപടിയെന്നും അവർ വ്യക്തമാക്കി.

മറ്റു ചിലരോടും പേളി സമാനമായ രീതിയിൽ മോശമായി പെരുമാറിയതായി കേട്ടിട്ടുണ്ടെന്നും, ഇത്തരം പെരുമാറ്റങ്ങൾക്ക് ആർത്തവമോ ഗർഭകാലമോ കാരണമായി പറയുന്നതിന് പകരം സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും ആരതി കൂട്ടിച്ചേർത്തു. കുടുംബപ്പേര് കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല, മറിച്ച് തുടർച്ചയായ നല്ല പ്രവർത്തികളിലൂടെ മാത്രമാണ് ശാശ്വതമായ ബഹുമാനം നേടിയെടുക്കാൻ കഴിയുന്നതെന്നും ഓർമ്മിപ്പിച്ചാണ് ആരതിയുടെ കുറിപ്പ് അവസാനിക്കുന്നത്.