
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിനെതിരെ വിമർശനമുന്നയിക്കുന്നതിന് പ്രതികരിച്ച് സംവിധായകൻ സുദീപ്തോ സെന്‍. “സിനിമ കണ്ടിരുന്നെങ്കില്‍ കേരളത്തിലെ മന്ത്രിമാര്‍ ചിത്രത്തിനെ വിമർശിക്കില്ലായിരുന്നുവെന്നും, ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സുദീപ്തോ സെന്‍.
കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കത്തിൽ വിവാദങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായി. പക്ഷെ പിന്നീട് ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ISIS പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയായിരുന്നു സിനിമ. 5 കോടി ആളുകൾ തിയറ്ററുകളിലും 25കോടി ആളുകൾ ഒടിടിയിലും കേരള സ്റ്റോറി കണ്ടു. ജനങ്ങളുടെ പുരസ്കാരം ലഭിച്ചു. സുദീപ്തോ സെന്‍ പറഞ്ഞു.
പതിനെട്ട് വർഷമായി ഞാൻ കേരളത്തിൽ പോയിവരുന്നു. ഒരു മലയാള സിനിമ ഞാൻ ചെയ്തിട്ടുമുണ്ട്. കേരളം എന്റെ രണ്ടാമത്തെ വീടാണ്. മന്ത്രി ദയവുചെയ്ത് സിനിമ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. കാസർകോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഞാൻ സിനിമയിൽ തുറന്നു കാട്ടിയത്. സുദീപ്തോ സെന്‍ കൂട്ടി ചേർത്തു.
അതേസമയം, കേരള സ്റ്റോറിക്ക് ദേശീയപുരസ്കാരം നല്‍കിയതില്‍ വ്യാപക വിമര്‍ശനമാണ് നടക്കുന്നത്. ര്‍ഗീയത പടര്‍ത്താനുള്ള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ദി കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയ്ക്ക് പുരസ്കാരം നല്‍കുന്നത് അക്ഷന്തവ്യമായ തെറ്റെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.