
‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ‘ആടുജീവിത’ത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്ന് വിമർശനവുമായി നടൻ ഫിറോസ് ഖാൻ. കൂടാതെ ചില പൊളിറ്റിക്സിനെ തുടർന്ന് ദേശീയ അവാർഡിനു പിന്നാലെ സംസ്ഥാന പുരസ്കാരവും നഷ്ടമായെന്നും ഫിറോസ് ഖാൻ കൂട്ടിച്ചേർത്തു. ‘സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് സുകുമാരന് നൽകാത്തതിനെതിരെയായിരുന്നു ഫിറോസ് ഖാന്റെ വിമർശനം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.
‘‘മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്, അദ്ദേഹം നല്ല നടനാണ്. മുരളി, നെടുമുടി വേണു, തിലകൻ, ജഗതി ശ്രീകുമാർ ഇവരെപ്പോലെ നല്ല നടനാണ് മമ്മൂക്കയും. ഇപ്പോൾ അവാർഡ് കൊടുത്തിരിക്കുന്നത് ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനാണ്. അപ്പോൾ എനിക്ക് പറയാൻ ഉള്ളത് ഇതിലും ഗംഭീരമായി ഒരു സിനിമയിൽ അഭിനയിച്ച ആളുണ്ട്. അദ്ദേഹം ഒരു പൊളിറ്റിക്സ് ചങ്കൂറ്റത്തോടെ പറഞ്ഞുവെന്നതിന്റെ പേരിൽ ദേശീയ അവാർഡ് പോയി, സംസ്ഥാന അവാർഡും പോയി, മറ്റാരുമല്ല നമ്മുടെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ‘ആടുജീവിതം’ എന്ന സിനിമയിലെ അഭിനയം ലിറ്റററിലി അവാര്‍ഡിനർഹമാകേണ്ടതല്ലേ, അവാർഡ് അർഹിക്കേണ്ട പ്രകടനം തന്നെയായിരുന്നു.’’ ഫിറോസ് ഖാൻ പറഞ്ഞു.
എന്നാൽ ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് 2023ലെ മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇക്കാര്യം അറിയാതെയായിരുന്നു ഫിറോസ് ഖാന്റെ വിമർശനം. തനിക്കു പറ്റിയ അബദ്ധം കമന്റുകളിലൂടെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയതോടെ താരം വിഡിയോ പിൻവലിക്കുകയായിരുന്നു.