ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റില്‍ തീപിടിത്തം.. അപകടം ആസൂത്രിതമെന്ന് സൂചനകള്‍..

','

' ); } ?>

ഹൈദരാബാദില്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റില്‍ തീപിടുത്തം. ചിരഞ്ജീവിയുടെ ഫാം ഹൌസില്‍ പുക ഉയരുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രമായ സേ രാ നരസിംഹറെഡ്ഡിയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായിയാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സെറ്റിലുണ്ടായ തീപിടിത്തം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ കിട്ടിയ സൂചനകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചരിത്ര കോട്ട നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്.ഈ ചിത്രത്തിന്റെ സെറ്റില്‍ ഇത് രണ്ടാം തവണയാണ് തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറില്‍ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഇട്ട സെറ്റിന് തീപിടിച്ചിരുന്നു.

സുരേന്ദര്‍ റെഡ്ഡിയാണ് സേ രാ നരസിംഹറെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചരിത്ര യുദ്ധസിനിമ സംവിധാനം ചെയ്യുന്നത്. ഉയ്യലവാഡ നരസിംഹറെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്. നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഭാര്യയായി വേഷമിടുന്നു.

കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതിബാബു, തമന്ന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ദസറയ്ക്ക് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. രാംചരണാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

കോടികള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന ചിത്രീകരണത്തിനു ശേഷം പൊളിച്ചുനീക്കുന്നത് അതിനേക്കാളേറെ ചെലവു വരുത്തിവയ്ക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇത് ഒഴിവാക്കാന്‍ തീപിടിത്തം സൃഷ്ടിച്ചതാവാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.