
മലയാള സിനിമയെ ലോക സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം മലയാളത്തിനും ലോക സിനിമയ്ക്കും സംഭാവന ചെയ്ത കാലാതീത കലയെ അത്ര പെട്ടന്ന് മറക്കാനാകുന്നതെങ്ങനെ. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരൻ. മലയാളത്തിൽ വേറിട്ടൊരു സിനിമാസംസ്കാരം രൂപപ്പെടുത്തിയവരിൽ പ്രമുഖൻ “അടൂർ ഗോപാലകൃഷ്ണന്” ജന്മദിനാശംസകൾ.
1941 ജൂലൈ 3ന് തിരുവനന്തപുരം ജില്ലയിലെ പന്തളത്തിൽ മേടയിൽ ബംഗ്ലാവിൽ മാധവൻ ഉണ്ണിത്താന്റേയും മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടേയും മകനായാണ് അടൂര്‍ ജനിച്ചത്. ബാല്യത്തില്‍ തന്നെ നാടകത്തിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം പിന്നീട് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത ഒരു പിടി മികച്ച സംഭാവനകൾ നൽകി.
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സ്വയം നാടകങ്ങൾ എഴുതിയും സംവിധാനം ചെയ്ത അടൂർ തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ “ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടി”ൽ നിന്നും ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം, പൊതുഭരണം എന്നീ വിഷയങ്ങളിൽ ബിരുദം നേടിയശേഷം ദിണ്ടിഗലിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് നാടകത്തോടുള്ള താത്പര്യം കൊണ്ട് അടൂർ 1962-ൽ ജോലി രാജിവച്ച് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാരചനയും സംവിധാനവും പഠിക്കാൻ ചേർന്നു. സിനിമയും നാടകവും വേറിട്ട കലാരൂപങ്ങളാണെന്ന തിരിച്ചറിവുമായി പഠനം പൂർത്തിയാക്കിയ അടൂർ കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്.അരവിന്ദൻ, പി എ ബക്കർ, കെ ജി ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയവ അടൂർ സംവിധാനം ചെയ്ത ചില ചിത്രങ്ങളാണ്.
1972ൽ നിർമ്മിച്ച “സ്വയംവര”മാണ് അടൂരിന്റെ ആദ്യ ഫീച്ചർ ഫിലിം. മികച്ച ഫീച്ചർ ഫിലിമിനും സംവിധായകനും നടിയ്ക്കുമുള്ള ദേശീയ അവാർഡുകൾ നേടിയ “സ്വയംവരം” അടൂർ എന്ന പുതിയൊരു സംവിധായകന്റെ വരവറിയിച്ചു. ‘എലിപ്പത്തായം’ കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളചിത്രമായി. ഈ ചിത്രം തന്നെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ടിന്റെ പ്രത്യേകപുരസ്കാരത്തിനർഹമായി. 12 ഫീച്ചർ ഫിലിമുകളും ഒട്ടനവധി ഡോക്യുമെന്ററികളും ഈ കാലയളവിൽ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.
2016 ൽ ദിലീപും കാവ്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “പിന്നെയുമാണ്” അദ്ദേഹത്തിൻറെ ഒടുവിലിറങ്ങിയ ചിത്രം.
ദേശീയ ചലച്ചിത്രനയം രൂപപ്പെടുത്തുന്നതിനായി ഭാരത സർക്കാർ രൂപം കൊടുത്ത ‘ശിവരാമ കാരത്ത് സമിതി’യിലും ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയിലും അടൂർ അംഗമായിരുന്നു. കൂടാതെ സിംഗപ്പൂർ,ഹവായ്,ഡൽഹി,വെനീസ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വിധികർത്താവായിരുന്നു. 1999-ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ സമിതിയുടെ അധ്യക്ഷനും അടൂരായിരുന്നു. 1975 മുതൽ 77 വരെ പൂനയിലെ ദേശീയ ഫിലിം ആർക്കൈവിന്റെ ഉപദേശകസമിതി അംഗമായും 1980 മുതൽ 83 വരെ ഇന്ത്യയുടെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലവനായും പ്രവർത്തിച്ചു. 1987 മുതൽ 89 വരേയും 1992 മുതൽ 95 വരേയും പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്നു അടൂർ.
ഒട്ടനവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കലാകാരനാണ് അടൂർ. അദ്ദേഹത്തിൻറെ സംഭവനയ്ക്ക് 1984-ൽ പദ്മശ്രീയും 2006-ൽ പദ്മവിഭൂഷണും 2004-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 17 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 17 കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങളുമടക്കം ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടനവധി ആദരങ്ങളും പുരസ്കാരങ്ങളും അടൂരിന് ലഭിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും അടൂരിന് ബഹുമാനാർത്ഥം ഡോക്റ്ററേറ്റ് നൽകിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടേത് അടക്കമുള്ള സാഹിത്യ പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായി.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. ഭാര്യ സുനന്ദ 2015ൽ അന്തരിച്ചു. ഏകമകൾ അശ്വതി ദോർജ്ജെ 2000 ബാച്ച് ആസാം കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥയാണ്.
ഇനിയുമെന്തെങ്കിലും അയാൾ സിനിമാലോകത്തിനു ചെയ്യാൻ ബാക്കിയുണ്ടോ എന്ന ചോദിച്ചാൽ ഇല്ല. എങ്കിലും ഇനിയുമെന്തെങ്കിലും ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് മലയാള സിനിമയുടെ മഹാ ഭാഗ്യമായിരിക്കും. പഴകും തോറും വീര്യം കൂടുന്ന കലയുടെ
മഹാ സൗഭാഗ്യം അദ്ദേഹത്തിനുള്ളപ്പോൾ, അദ്ദേഹത്തിനൊരിക്കലും നമ്മളെ നിരാശപ്പെടുത്തേണ്ടി വരില്ല. സാമന്തര സിനിമകളുടെ രാജാവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.