ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സാഗയിലെ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലറിനായുള്ള കാത്തിരിപ്പിലായിരുന്നു ഹോളിവുഡ് സിനിമാപ്രേമികളെല്ലാം തന്നെ. മയാമിയില്‍ ഗംഭീര പരിപാടികളോടെ നടന്ന ഇന്നലത്തെ ടെയ്ലര് റിലീസ് ചടങ്ങില്‍ വെച്ച് ചിത്രത്തിലെ പ്രാധന കഥാപാത്രമായ ലുഡാക്രിസിന്റെ പ്രകടനമടക്കം നിരവധി ഗംഭീര പരിപാടികളുടെ അഗമ്പടിയോടെയാണ് ട്രെയ്ലര് പുറത്ത് വിട്ടത്. ജസ്റ്റിന് ലിന് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര് ആദ്യ ചിത്രങ്ങളില്‍ നിന്നും ഒട്ടും ആക്ഷനും റെയ്സിങ്ങും കുറയാത്ത ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ സൂചനകള്‍ തന്നെയാണ് തരുന്നത്. എന്നാല്‍ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആദ്യ സിനിമകളിലെ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഫാസ്റ്റ് ഫാമിലിയിലെ കുടുംബ പശ്ചാത്തലത്തിന് കൂടി പുതിയ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പക്ഷെ ട്രെയ്ലറിനായി കാത്തിരുന്ന ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ അമ്പരിപ്പിച്ചത് ചിത്രത്തിലെ ഇത്തവണത്തെ വില്ലന്‍ കഥാപാത്രം തന്നെയായിരുന്നു. WWE റെസ്ലിങ്ങ് താരം ജോണ്‍ സീനയാണ് ഇത്തവണ ചിത്രത്തില്‍ ആ സ്പെഷ്യല്‍ കാസ്റ്റായെത്തുന്നത്. ചിത്രത്തില്‍ വിന് ഡീസല്‍ അവതരിപ്പിക്കുന്ന ഡൊമിനിക് ടൊററ്റോ എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ജോണ്‍ സീന ചിത്രത്തിലെത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ഹാന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവും പുതിയ ചിത്രം കൊഴുപ്പിക്കുന്നുണ്ട്.
വിന് ഡീസല്‍ തന്നെ നായകനായെത്തുന്ന ബ്ലഡ് ഷോട്ട് എന്ന ചിത്രം ഇത്തവണ മാര്‍ച്ച് 13ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. മെയ് 22നാണ് ഫാസ്റ്റ് 9 തിയറ്ററുകളിലെത്തുന്നത്.