
ജൂനിയർ എൻടിആറിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ. ജൂനിയർ എൻടിആർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിലെ താരത്തിന്റെ ലുക്ക് കണ്ടതിനു ശേഷമാണ് സിനിമാലോകവും, പ്രേക്ഷകരും ഞെട്ടിയിരിക്കുന്നത്. “വളരെ മെലിഞ്ഞ് ക്ഷീണിതനായാണ് നടനെ വീഡിയോയിൽ കാണുന്നത്. നടന് എന്തെങ്കിലും അസുഖം പിടിപെട്ടോയെന്നും ഇത്രയും മെലിയാൻ എന്താണ് കാരണം” എന്നാണ് ആരാധകർ ചോദിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ ആരോഗ്യത്തിനെ സംബന്ധിച്ചുള്ള ചില ആശങ്കകൾ ആരാധകർ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. ‘കാന്താര: ചാപ്റ്റർ 1’ സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
തെലുങ്കിൽ യങ് ടൈഗർ എന്ന് ആരാധകർ വിളിക്കുന്ന നടനാണ് ജൂനിയർ എൻടിആർ. നടന്റെ അവസാനമായി പുറത്തിറങ്ങിയ ദേവര ഉൾപ്പെടെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന സിനിമയാണ് എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം. ഈ സിനിമയ്ക്ക് വേണ്ടിയാണു നടൻ മെലിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ മേക്കോവറിനായി താരം തീവ്രമായ പരിശീലനത്തിലായിരുന്നു. അടുത്ത വർഷം ആദ്യം ഈ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് ഹീറോയായ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കുള്ളത്.