
പൊതുപരിപാടികൾക്കിടെ നടി മഞ്ജു വാര്യരരെ ബലമായി ചുംബിച്ച് ആരാധിക. പാലക്കാട് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. കഴിഞ്ഞ മാസം 15-ന് നടന്ന ജ്വല്ലറി ഉദ്ഘാടനത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വേദിയിൽ ആരാധകരുമായി സംസാരിച്ചുകൊണ്ടിരുന്ന താരത്തിന് അടുത്തേക്ക് സംസാരത്തിനിടെ ഒരാരാധിക കടന്നുവരികയായിരുന്നു. ചുറ്റുമുള്ളവരെ ഞെട്ടിച്ചുകൊണ്ട് ഇവർ പെട്ടെന്ന് മഞ്ജു വാര്യരെ ബലമായി ചേർത്തുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ നീക്കത്തിൽ നിമിഷനേരത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും സ്തംഭിച്ചുപോയെങ്കിലും ഉടൻ തന്നെ ഇടപെട്ട് ഇവരെ താരത്തിൽ നിന്നും മാറ്റി. എന്നാൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും പതറാതെ, പുഞ്ചിരിയോടെ ആരാധകരോടുള്ള സംവാദം തുടർന്ന മഞ്ജു വാര്യരുടെ സമീപനം ഏറെ ശ്രദ്ധേയമായി.
ആരാധകർ സ്നേഹപ്രകടനം നടത്തുമ്പോൾ നിയന്ത്രണം പാലിക്കണമെന്ന് ചടങ്ങിലുടനീളം അവതാരക ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പ്രിയതാരങ്ങളെ നേരിൽ കാണുമ്പോൾ ആരാധകർ പലപ്പോഴും അതിരുകടക്കുന്നത് താരങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നു എന്ന തരത്തിൽ വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. മലയാളത്തിൽ ‘എമ്പുരാൻ’ ആണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിൽ ആര്യ നായകനാകുന്ന ‘മിസ്റ്റർ എക്സ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണിപ്പോൾ താരം.