
തെലുങ്ക് സിനിമാ മേഖലയില്‍ നടക്കുന്ന സമരത്തില്‍ ഇടപെട്ടന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ഫിലിം ഫെഡറേഷന് അംഗങ്ങളെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ സമരം ചെയ്യുന്ന തൊഴിലാളികളുമായി ചിരഞ്ജീവി കൂടിക്കാഴ്ച്ച നടത്തിയെന്ന വാദമാണ് താരം നിഷേധിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു താരം.
“ഫിലിം ഫെഡറേഷനിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ചില വ്യക്തികള്‍ മാധ്യമങ്ങളോട് വ്യാജ വിവരങ്ങള്‍ പങ്കിട്ടതായി എന്റെ ശ്രദ്ധയില്‍ പെട്ടു. സമരം ചെയ്യുന്ന തൊഴിലാളികളെ ഞാന്‍ സന്ദര്‍ശിച്ചെന്നും 30 ശതമാനം വേതന വര്‍ദ്ധനവ് പോലുള്ള അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഫെഡറേഷനില്‍ നിന്ന് ആരെയും കണ്ടിട്ടില്ലെന്ന കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ഇതൊരു വ്യവസായ പ്രശ്നമാണ്. അതില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഞാന്‍ ഉള്‍പ്പെടെയുള്ള ഒരു വ്യക്തിക്കും ഏകപക്ഷീയമായി ഉറപ്പുകള്‍ നല്കാന് കഴിയില്ല”, ചിരഞ്ജീവി കുറിച്ചു.
ഈ മാസം തുടക്കത്തില്‍ തെലുങ്ക് ഫിലിം ഫെഡറേഷന് അംഗങ്ങള്‍ 30 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുവെന്ന് അറിയിച്ച് ഫിലിം ചേംബര്‍ കര്‍ശനമായ ഒരു നിര്‍ദേശം പുറത്തുവിട്ടിരുന്നു. ഈ വിഷയത്തില്‍ ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനായി ചേംബര്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. പരിഹാരം ഉണ്ടാകുന്നത് വരെ സ്വതന്ത്രമായ നടപടികളോ യൂണിയനുകളുമായുള്ള പ്രത്യേക തീരുമാനങ്ങളോ കര്‍ശനമായി ഒഴിവാക്കണമെന്ന് നിര്‍മാതാക്കളോട് ചേംബര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
“നിയമപ്രകാരം നിലവിലുള്ള മിനിമം വേതനത്തേക്കാള്‍ വളരെ ഉയര്‍ന്ന വേതനം വിദഗ്ധ തൊഴിലാളികള്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും ഞങ്ങള്‍ ഇതിനകം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഉള്ള തടസം സിനിമാ നിര്‍മാണത്തെ മോശമായി ബാധിക്കും. പതിറ്റാണ്ടുകളായി അവരുടെ അംഗങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഫെഡറേഷന്റെ ഈ നടപടിയെ ചേംബര്‍ എതിര്‍ക്കുന്നു”, എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.