രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും നിലവില്‍ ഫഹദ് നായകനാണെന്ന കാര്യം മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് മുമ്പ് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്ത് ചിത്രം ഇന്ത്യന്‍ റുപ്പിയില്‍ ഫഹദ് അതിഥി വേഷത്തിലെത്തിയിരുന്നു.’ഒരാള്‍ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത് ഒന്നുകില്‍ ഈ വിഷയം സിനിമയാക്കി എനിക്ക് പ്രസന്റ് ചെയ്‌തേ പറ്റൂ എന്ന ത്വര ഉണ്ടാവുക. ഞാന്‍ അങ്ങനെയൊരു വിഷയത്തിലേക്ക് വന്നിട്ടുണ്ട്. ഫഹദ് ഫാസില്‍ ആണ് അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞാന്‍ മനസുകൊണ്ട് അതിലേക്ക് കടന്നു. അതിന്റെ എഴുത്ത് തുടങ്ങി’. രഞ്ജിത്ത് പറഞ്ഞു
കഴിഞ്ഞ മൂന്ന് വര്‍ഷമായി രഞ്ജിത്ത് സിനിമകളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല. എങ്കിലും സിനിമയില്‍ നിര്‍മ്മാതാവായും നടനായും താരം സജീവമാണ്. കൂടെ, ഉണ്ട, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലെ രഞ്ജിത്തിന്റെ അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരിന്നു. നിലവില്‍ കിംഗ് ഫിഷ്, വണ്‍ എന്നീ ചിത്രങ്ങളാണ് രഞ്ജിത്ത് അഭിനയിച്ച് റിലീസിന് കാത്തിരിക്കുന്നത്. രഞ്ജിത്തിന്റെ കൂടി നിര്‍മ്മാണ കമ്പനിയായ ഗോള്‍ഡ് കോയിനാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന നായാട്ടിന്റെ നിര്‍മ്മാണവും രഞ്ജിത്താണ്.