
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി എസ്തർ അനിൽ. ‘ദൃശ്യം 3’ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ നേട്ടം. പിന്നാലെ പഠനകാലത്തെ വെല്ലുവിളികളെയും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയെയും കുറിച്ച് താരം പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ മാതാപിതാക്കൾക്ക് കുറവുകളുണ്ടെങ്കിലും സ്വന്തം മക്കൾക്ക് വേണ്ടി അവർ ഏതറ്റം വരെയും പോകുമെന്നും, സ്വന്തം കഴിവിൽ സംശയം തോന്നുന്ന ‘ഇംപോസ്റ്റർ സിൻഡ്രോം’ മറികടക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും താരം കുറിച്ചു.
“കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ ട്രെയിനിൽ യാത്ര ചെയ്യവേ എന്റെ അച്ഛൻ എന്നെ വിളിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ അച്ഛനെ അദ്ദേഹം പരിചയപ്പെട്ടെന്ന് പറഞ്ഞു. എന്നോടു അവളുമായി ഒന്ന് സംസാരിക്കാൻ അദ്ദേഹം പറഞ്ഞു; ഒരുപക്ഷേ എന്നെങ്കിലും എനിക്കും അവിടെ പഠിക്കാൻ ശ്രമിക്കാമല്ലോ എന്ന് കരുതിയാകണം അത്. അച്ഛനെന്താ തമാശ പറയുകയാണോ ?” നമുക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് അതൊക്കെയെന്നു ഞാൻ അച്ഛനോട് പറഞ്ഞു. അന്ന് അവിടെ പഠിക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ പുറത്തു പറഞ്ഞില്ലെങ്കിലും മനസ്സിൽ വിചാരിച്ചു, “എൻ്റെ അച്ഛൻ എന്തിനാണ് നടക്കാത്ത സ്വപ്നങ്ങൾ കാണുന്നത്. ഇന്ന് ദാ, അതേ അച്ഛൻ്റെ മകൾ, ഇന്റർനാഷണൽ ഡെവലപ്മെന്റിൽ ബിരുദം പൂർത്തിയാക്കി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് മുന്നിൽ നിൽക്കുന്നു. ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്.” എസ്തർ അനിൽ കുറിച്ചു.
“എന്റെ മാതാപിതാക്കൾക്കും കുറവുകളുണ്ട്, ഞാൻ അത് അവരോട് തുറന്നു പറയാറുമുണ്ട്. എന്നാൽ സ്വന്തം മക്കൾക്ക് വേണ്ടി അവർ ഏതറ്റം വരെയും പോകും. അത് ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്നതാണ്. എങ്കിലും ഏതൊരു മക്കളും ആഗ്രഹിക്കുന്നത് ഇതുപോലൊരു പിന്തുണയാണ്, ലോകം കീഴ്മേൽ മറിഞ്ഞാലും കൂടെ നിൽക്കുന്ന മാതാപിതാക്കളെ നന്ദി അപ്പാ, അമ്മേ, സ്വപ്നം കാണാനും അവയ്ക്ക് പിന്നാലെ പോകാനും പഠിപ്പിച്ചതിന് നന്ദി. എന്നെ ഇത്രയധികം സ്നേഹിക്കുന്നതിനും നന്ദി.” എസ്തർ അനിൽ കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്. തനിക്ക് അഡ്മിഷൻ കിട്ടിയപ്പോഴും അത്രയും സന്തോഷത്തോടെ എസ്തർ കുറിപ്പ് പങ്കുവെച്ചിരുന്നു.