
‘ജനനായകൻ’ റിലീസ് മാറ്റിവെച്ചത് കൊണ്ടാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിയതെന്ന് വ്യക്തമാക്കി സംരംഭകൻ കണ്ണൻ രവി. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക് നല്ലൊരു വിരുന്നുകൂടിയാണ് ചിത്രമെന്നും, സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്. കച്ചവടം എന്നതിലുപരി ഇത് ഒരു ആഗ്രഹപൂർത്തീകരണം കൂടിയാണ്. ‘ജനനായകൻ’ എന്ന ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചതാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിക്കാൻ കാരണമായത്. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക് നല്ലൊരു വിരുന്നുകൂടിയാണ് ‘തലൈവർ തമ്പി തലൈമയിൽ’. ‘ജനനായകൻ’ റിലീസിലുണ്ടായ മാറ്റത്തെ തുടർന്ന് വിപണി സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.” കണ്ണൻ രവി പറഞ്ഞു.
ജീവ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്നതിലുപരി, മലയാളത്തിലെ ശ്രദ്ധേയമായ ചിത്രം ‘ഫാലിമി’യുടെ സംവിധായകൻ നിതീഷ് സഹദേവന്റെ തമിഴിലെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘തലൈവർ തമ്പി തലൈമയിൽ’.