
മമ്മൂട്ടി ചിത്രം ‘ബിഗ് ബി’ യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും അപ്ഡേറ്റുകളൊന്നും പുറത്തു വരാത്തതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് ആരാധകർ. നിരാശരായ ആരാധകർ അമലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ്. എവിടെ ബിലാൽ എന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യം.
‘കമിങ് ബ്ലഡി സൂണ്‍’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം സിനിമയുടെ പ്രഖ്യാപനം ഉണ്ടായിരുന്നത്. ഓരോ പടത്തിന് ശേഷവും ഉടൻ ‘ബിലാൽ’ ഉണ്ടാകുമെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായെങ്കിലും സിനിമ സംഭവിച്ചില്ല. വിവിധ സിനിമകളുടെ തിരക്കുകളിലേക്ക് സംവിധായകനും മമ്മൂട്ടിയും നീങ്ങിയാണ് ചിത്രം വൈകിയതിന് കാരണമെന്നാണ് പറയുന്നത്. 2017 നവംബർ 17നായിരുന്നു അമൽ നീരദ് ‘ബിലാൽ’ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയത്.
‘കളങ്കാവൽ’ ആണ് അടുത്തതായി റിലീസ് ആകുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ജിതിൻ.കെ ജോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ബോഗെയ്‌ൻവില്ല’ ആണ് അവസാനമായി ഇറങ്ങിയ അമൽ നീരദ് ചിത്രം. പങ്കാളി കൂടിയായ ജ്യോതിർമയി ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏഴ് അവാർഡുകളാണ് ‘ബോഗയ്ൻവില്ല’ സ്വന്തമാക്കിയത്.